SignIn
Kerala Kaumudi Online
Sunday, 19 July 2026 9.16 PM IST

നാലു വർഷ ബിരുദ പഠനം: ഉന്നത സാദ്ധ്യതകളെ യാഥാർത്ഥ്യമാക്കണം

1

പ്രൊഫ. അഭിലാഷ് ബാബു

രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

------------------------------------------------------------------------------------------------

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ ഘടനാപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ നാലുവർഷ ബിരുദ പദ്ധതി, ബഹുവിഷയ പഠനം, ഗവേഷണാഭിമുഖ്യം, നൈപുണി വികസനം, തൊഴിൽ സാദ്ധ്യത, അക്കാഡമിക സ്വാതന്ത്ര്യം എന്നിവ ലക്ഷ്യമിടുന്ന ആധുനിക മാതൃകയാണ്. ആഗോളതലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുടരുന്ന മികച്ച സവിശേഷതകൾ പലതും പദ്ധതിയിലുണ്ട്.‌ എന്നാൽ, ഒരു വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ വിജയം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലല്ല, മറിച്ച് പ്രായോഗികമായ നടപ്പാക്കലിലാണ്.

ഈ പദ്ധതി രണ്ടുവർഷം പിന്നിടുമ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉയർത്തുന്ന ആശങ്ക ഗൗരവത്തോടെ വിലയിരുത്തണം. നാലുവർഷ ബിരുദത്തിന്റെ ആശയത്തെ ചോദ്യം ചെയ്യുകയല്ല; മറിച്ച്, അതിന്റെ നടപ്പാക്കൽ രീതിയെ സാമൂഹികവും അക്കാഡമികവുമായ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുത്താവും വിധം പുന:ക്രമീകരിക്കുകയാണ് വേണ്ടത്. പരമ്പരാഗതമായ വിഷയപരിധികൾക്കപ്പുറം വിപുലമായ വിജ്ഞാനലോകം വിദ്യാർത്ഥികൾക്ക് തുറന്നുനൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. മേജർ, മൈനർ, ബഹുവിഷയ കോഴ്സുകൾ, ഇന്റേൺഷിപ്പുകൾ, ഗവേഷണ പ്രോജക്ടുകൾ എന്നിവയിലൂടെ വിദ്യാർത്ഥിയുടെ സമഗ്ര വികാസമാണ് ലക്ഷ്യമിടുന്നത്. പഠനഫലങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷനും, ഏതു ഘട്ടത്തിലും പഠനം നിറുത്താനും പിന്നീട് പുനരാരംഭിക്കാനുമുള്ള മൾട്ടിപ്പിൾ എൻട്രി-എക്സിറ്റ് സംവിധാനവും സവിശേഷതകളാണ്. പദ്ധതിയുടെ പുരോഗമനപരമായ അടിസ്ഥാനദർശനത്തെ നിഷേധിക്കാനാവില്ല.

വെല്ലുവിളി, യാഥാർത്ഥ്യങ്ങൾ

മാറ്റങ്ങൾ പുരോഗമനപരമാണെങ്കിലും, അവ വിജയകരമാക്കാനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യവിഭവശേഷിയും ഭൂരിഭാഗം കോളേജുകളിലും രൂപപ്പെട്ടിട്ടില്ല. ക്ലാസ് മുറികളും ലാബുകളും അദ്ധ്യാപകരുടെ എണ്ണവും ഭരണസംവിധാനവും പഴയപടി, അതേസമയം അക്കാഡമിക ഉത്തരവാദിത്വം ഇരട്ടിയായി. ബഹുവിഷയ കോഴ്സുകളുടെ ഏകോപനം, മെന്ററിംഗ്, തുടർച്ചയായ മൂല്യനിർണയം, ഇന്റേൺഷിപ്പ് മേൽനോട്ടം, ഡിജിറ്റൽ രേഖാപരിപാലനം തുടങ്ങിയവ അധികച്ചുമതലയായി. ഇത് ഗുണമേന്മയുള്ള അദ്ധ്യാപനത്തെയും ഗവേഷണത്തെയും ബാധിച്ചു.

വൈകൽ പ്രതീതിയും സാമ്പത്തികബുദ്ധിമുട്ടും

ജനനനിരക്കിലെ കുറവും വിദേശപഠനത്തിനായുള്ള കുടിയേറ്റവും തൊഴിലുമായി ബന്ധപ്പെട്ടുള്ള മാറിയ കാഴ്ചപ്പാടും ആഗോള തൊഴിൽ വിപണിയിലേക്കുള്ള ആകർഷണവും ഉൾപ്പെടെ സാമൂഹിക- സാമ്പത്തിക മാറ്റങ്ങളാണ് ഇന്ന് ക്യാമ്പസുകളെ സ്വാധീനിക്കുന്നത്. പല വിദ്യാർത്ഥികളും രക്ഷിതാക്കളും നാലാം വർഷത്തെ, തൊഴിൽരംഗത്തേക്കോ വിദേശ സർവകലാശാലകളിലേക്കോ ഉള്ള പ്രവേശനം ഒരു വർഷം വൈകിപ്പിക്കുന്ന ഘടകമായാണ് വിലയിരുത്തുക. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് അധികമായി വരുന്ന ഒരു വർഷത്തെ ട്യൂഷൻ ഫീസ്, താമസം, യാത്ര എന്നിവ സാമ്പത്തികമായി താങ്ങാനാകുന്നതിലും അപ്പുറമാണ്. ഒരു വർഷം വൈകി മാത്രം ജോലി ലഭിക്കുക എന്നതും കുടുംബബഡ്ജറ്റിനെ തെറ്റിക്കും.

അക്കാഡമിക് ആഴം കുറയുന്നോ ?

ബഹുവിഷയ പഠനം നല്ലതാണെങ്കിലും, ഒരേസമയം അനേകം കോഴ്സുകൾ ഉൾപ്പെടുത്തിയത് പ്രധാന വിഷയത്തിലെ വൈദഗ്ദ്ധ്യം കുറയ്ക്കുന്നുവെന്ന വിമർശനം ശക്തമാണ്. മേജർ, മൈനർ, സ്കിൽ കോഴ്സുകൾ, പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ എന്നിവയെല്ലാം ഒരേസമയം കൈകാര്യം ചെയ്യുമ്പോൾ, ഒരു വിഷയവും ആഴത്തിൽ പഠിക്കാൻ സമയമില്ലാതെ പോകും. ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഭാഷാപഠനം തുടങ്ങിയ വിഷയങ്ങളിൽ അറിവ് പടിപടിയായി വളരേണ്ടതാണ്. തുടർച്ചയായ പഠനം അനിവാര്യമാണ്. സെമസ്റ്ററുകളിലെ, കടുത്ത സമയപരിധി മൂലം, ആശയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യാനോ വിമർശനാത്മക ചിന്തയോ സൈദ്ധാന്തിക പക്വതയോ വളർത്താനോ സാധിക്കുന്നില്ല. പഠനം അസൈൻമെന്റും പ്രോജക്ടും തീർക്കാനുള്ള ഓട്ടപ്പന്തയമാകുന്നു.

ഇന്റേൺഷിപ്പും മൂല്യനിർണയവും

ഇന്റേൺഷിപ്പ് മികച്ച ആശയമാണെങ്കിലും വ്യവസായ- ഗവേഷണ സ്ഥാപനങ്ങളുമായി കോളേജുകൾക്ക് മതിയായ ബന്ധമില്ലാത്തതിനാൽ പലപ്പോഴും സർട്ടിഫിക്കറ്റ് സമ്പാദനമായി ചുരുങ്ങുന്നു. പ്രത്യേകിച്ച് ഹ്യുമാനിറ്റീസ്, ഭാഷാ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഇന്റേൺഷിപ്പ് സൗകര്യം പരിമിതമാണ്. വലിയ ക്ലാസുകളും അദ്ധ്യാപകക്ഷാമവും കാരണം മൂല്യനിർണയം പലപ്പോഴും യാന്ത്രിക എഴുത്തുകുത്താകുന്നു. ഭാഷാപഠനത്തിൽ, സാഹിത്യകൃതികൾ പൂർണമായി പഠിപ്പിക്കുന്നതിന് പകരം ഭാഗിക പാഠങ്ങളും നൈപുണി മൊഡ്യൂളുകളും നൽകുന്നത് ഭാഷാപരിജ്ഞാനത്തെയും ആഴത്തിലുള്ള വായനയെയും ദീർഘകാലാടിസ്ഥാനത്തിൽ ബാധിച്ചേക്കാം.

പുതിയ അസമത്വം

ഡിജിറ്റൽ സംവിധാനങ്ങളും വ്യവസായ ബന്ധങ്ങളുമുള്ള നഗരങ്ങളിലെ കോളേജുകൾ ഈ മാറ്റത്തോട് എളുപ്പം പൊരുത്തപ്പെടും. അടിസ്ഥാന സൗകര്യം കുറഞ്ഞ ഗ്രാമീണ മേഖലയിലെ കോളേജുകൾ പിന്നിലാകും. ഓൺലൈൻ പഠനത്തിനും ഗവേഷണത്തിനും ഇന്റർനെറ്റും ലാപ്‌ടോപ്പും അനിവാര്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ലഭ്യമാകാത്തത് പ്രശ്നം സൃഷ്ടിക്കും. അതേസമയം ഇന്ന് ചോദിക്കേണ്ട ചോദ്യം നാലുവർഷ ബിരുദം വേണമോ എന്നതല്ല. മറിച്ച്, വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന, തൊഴിൽസാദ്ധ്യതയും അക്കാഡമിക് മികവും ഉറപ്പുനൽകുന്ന ഒരു നാലുവർഷ ബിരുദപദ്ധതി എങ്ങനെ രൂപപ്പെടുത്താമെന്നതാണ്.

ആറ് പ്രധാന പ്രതിവിധികൾ

പ്രധാന വിഷയങ്ങളുടെ അക്കാഡമിക് ആഴം ഉറപ്പാക്കണം.

പുതിയ കോഴ്സ് തുടങ്ങും മുൻപ് സ്ഥിരം അദ്ധ്യാപക നിയമനവും ലാബ്- ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കണം.

വ്യവസായങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെ കോർത്തിണക്കി ഏകീകൃത ഇന്റേൺഷിപ്പ് സംവിധാനം

പരീക്ഷാ- മൂല്യനിർണയം ലളിതമാക്കുകയും വിശകലന ശേഷിക്കും വിമർശനാത്മക ചിന്തയ്ക്കും മുൻഗണന നൽകുകയും വേണം.

സർവകലാശാലകൾക്കിടയിൽ കൃത്യമായ പരീക്ഷാ സമയക്രമം, ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പാക്കണം

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നാലാം വർഷ പഠനത്തിന് പ്രത്യേക സ്കോളർഷിപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOURTHDEGREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION