SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

ദേവസ്വം ഖജനാവിന് നേർവഴി കാട്ടാൻ

sabarimala-women-entry

ഭരണത്തുടർച്ചയിൽ മൂന്നാമൂഴം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റുകാരെ വലിച്ചു താഴെയിട്ട ജനവിധിയുടെ പ്രധാന കാരണങ്ങളിലൊന്ന് ശബരിമല സ്വർണക്കൊള്ളയായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും പ്രകമ്പനമുണ്ടാക്കിയ സംഭവം. സ്വർണക്കൊള്ളയുടെ ആദ്യ സൂചനകൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത് 2025 സെപ്തംബറിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുന്നിൽനിറുത്തി ഇടതുസർക്കാർ ആഗോള അയ്യപ്പ സംഗമമെന്ന മഹാമാമാങ്കം പമ്പാതീരത്ത് നടത്താൻ നിശ്ചയിച്ച അതേ സമയത്തു തന്നെ. രാഷ്ട്രീയവും പണപ്പിരിവും ലക്ഷ്യമിട്ട് അയ്യപ്പന്റെ പേരിൽ നടത്തിയ സംഗമം, സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ചീറ്റിപ്പോയി. തുക ചോദിച്ചപ്പോൾ സ്പോൺസർമാർ കൈകഴുകി. പോറ്റിയെ കേറ്റിയത് സ്പോൺസറെന്ന ലേബലിലാണെന്ന പ്രശ്നവും ഇവർക്കു മുന്നിലുണ്ടായിരുന്നു. അയ്യപ്പ സംഗമം അങ്ങനെ ദേവസ്വം ബോർഡിന് 3.40 കോടിയുടെ നഷ്ടം സമ്മാനിച്ചു. ഹൈക്കോടതി റിപ്പോർട്ട് ചോദിച്ചതോടെ വരവ്, ചെലവു കണക്കുകൾ കൂട്ടിമുട്ടിക്കാനുള്ള ശ്രമം നടന്നെങ്കിലും ഫലിച്ചില്ല. ബോർഡ് തന്നെ നിയോഗിച്ച സ്വതന്ത്ര ഓഡിറ്റർ വലിയ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി. കണക്കുകൾ ഹൈക്കോടതിയിലെത്തി.

അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് ടെൻഡറില്ലാതെ കരാർ ചെയ്തത് വലിയ ക്രമക്കേടായി. വേദിയുടെ അളവെടുപ്പിലും വി.ഐ.പികളുടെ ഭക്ഷണച്ചെലവിലും പൊരുത്തക്കേട് കണ്ടെത്തി. അതിഥികൾക്ക് നൽകാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞൾ, കുങ്കുമം, ആടിയശിഷ്ടം നെയ്യ്, ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു. ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ ഓഡിറ്റിംഗിന് കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കലാപരിപാടികൾക്ക് എട്ടുലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിന്റെ വൗച്ചറുകൾ മാത്രമാണുള്ളത്. പരിപാടിക്ക് എത്താത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിലൊക്കെ തുക വകയിരുത്താൻ നീക്കമുണ്ടായിരുന്നു. ജി.എസ്.ടി, ഇൻപുട്ട് ടാക്സ് ഇനങ്ങളിലും പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. നേരത്തേ ദേവസ്വം ബോർഡിന്റെ നിലയ്ക്കൽ പെട്രോൾ പമ്പിൽ നിന്ന് വൗച്ചറും രജിസ്റ്ററുമില്ലാതെ 40 ലക്ഷം രൂപ തിരിമറി ചെയ്ത വിഷയവും കോടതിക്ക് മുന്നിലുണ്ടായിരുന്നു. തുടർന്ന് ശബരിമലയിലെ ക്രമക്കേടുകൾ ഒന്നൊന്നായി പൊന്തി വന്നു. മറ്റു ചില പ്രധാനക്ഷേത്രങ്ങളിലെ കണക്കുകൾ സംബന്ധിച്ചും ഭക്തരുടെ പരാതികളുണ്ടായി. ബോർഡും അനുബന്ധ സ്ഥാപനങ്ങളും ഇപ്പോഴും കടലാസ് യുഗത്തിലാണെന്നും ബില്ലുകളും വൗച്ചറുകളും കുത്തിക്കുറിക്കുന്ന രീതിയാണെന്നും തിരിച്ചറിഞ്ഞു. മുറുക്കാൻ കടയിൽ പോലും ഇതിലും നല്ല കണക്കെഴുത്ത് സംവിധാനമുണ്ടെന്ന് കോടതിക്ക് പ്രതികരിക്കേണ്ടി വന്നു. ദേവസ്വം ഖജനാവിലെ ചോർച്ച തടയാൻ കണക്കുകൾ കൃത്യമാക്കാനുള്ള ദൗത്യത്തിന്റെ മേൽനോട്ടം ഹൈക്കോടതി ഏറ്റെടുത്തത് ഈ സാഹചര്യത്തിലാണ്. സമ്പൂർണ ഡിജിറ്റലൈസേഷൻ നെറ്റ്‌വർക്കാണ് സാമ്പത്തിക ഇടപാടുകൾ കുറ്റമറ്റതാക്കാനുള്ള ഏറ്റവും വലിയ പരിഹാരമെന്ന് ദേവസ്വം ബെഞ്ച് വിലയിരുത്തി. അതിനുള്ള മാർഗനിർദ്ദേശങ്ങളും നൽകി.

മാറ്റങ്ങളുടെ തുടക്കം

സന്നിധാനത്തു നിന്ന്

സ്വർണക്കൊള്ള വിവാദം കത്തിനിൽക്കുന്നതിനിടെ ശബരിമലയിൽ നിന്ന് മറ്റു ക്രമക്കേടുകളുടെ വാർത്തകളും പുറത്തുവന്നു. താത്കാലിക ശാന്തിക്കാരും മറ്റും ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തി ദിവസേന വീട്ടിലേക്ക് മണി ഓർഡർ അയയ്ക്കുന്നതായി വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 200 പേജിന്റെ നോട്ടുപുസ്തകമാണ് കൗണ്ടറുകളിൽ കണക്കെഴുതാൻ വച്ചിരുന്നത്. അഷ്ടാഭിഷേക പൂജാ ദ്രവ്യങ്ങൾ വാങ്ങുന്നതിന് കൃത്യമായ വൗച്ചറോ രജിസ്റ്ററോ ഇല്ലെന്ന വിവരവും പുറത്തുവന്നു.

സ്പോൺസറിൽ നിന്ന് അരി അടക്കമുള്ള സാധനങ്ങൾ കൈപ്പറ്റിയതിനും കാര്യമായ രേഖകൾ ഉണ്ടായിരുന്നില്ല. അരവണയ്ക്കായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ 2.28 കോടിയുടെ ക്രമക്കേടും പിന്നാലെ പുറത്തുവന്നു. ആ കേസിൽ എസ്.ഐ.ടി അന്വേഷണം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് വരവുചെലവു കണക്കുകൾ കുറ്റമറ്റതാക്കാനുള്ള സമഗ്ര സോഫ്ട്‌വെയർ വേണമെന്ന നിർദ്ദേശത്തിൽ ഹൈക്കോടതി പിടിമുറുക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനോട് സമ്പൂർണമായി സഹകരിച്ച് മുന്നോട്ടുപോവുകയാണ്. എന്റർപ്രൈസ് ഡിജിറ്റൽ ട്രാൻഫർമേഷൻ എന്ന 70 കോടിയുടെ പദ്ധതിയാണ് ബോർഡ് ഇതിനായി ആവിഷ്കരിച്ചിരിക്കുന്നത്. ദേവസ്വം ഖജനാവിലെ ചോർച്ച കണക്കിലെടുക്കുമ്പോൾ ഇതൊരു നഷ്ടമല്ലെന്ന് കോടതിയും വിലയിരുത്തിയിരുന്നു. ഡിജിറ്റലൈസേഷൻ പൈലറ്റ് പദ്ധതിയായി ശബരിമലയിൽ മണ്ഡലകാലത്തിന് മുമ്പ് നടപ്പാക്കുമെന്നാണ് ബോർ‌ഡ് നൽകിയിരിക്കുന്ന ഉറപ്പ്.

മഞ്ഞുമലയുടെ അറ്റം മാത്രം

ശബരിമലയിലെ ക്രമക്കേടുകൾ മാത്രമാണ് പ്രധാനമായും വാർത്തകളിൽ നിറയുന്നത്. എന്നാൽ മറ്റ് പല ക്ഷേത്രങ്ങളിൽ നിന്നുമുള്ള ആരോപണങ്ങളും കോടതിയിലെത്തുന്നുണ്ട്. ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടുവെന്നും തുറവൂർ മഹാക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണുന്നില്ലെന്നും പരാതിയുണ്ടായി. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിൽ 1250 ക്ഷേത്രങ്ങളുണ്ട്. ഓഫീസുകളും കോളേജുകളുമടക്കം അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. ഇതിന്റെയെല്ലാം ഓഡിറ്റിംഗ് അതത് വർഷം നടക്കാതെ ഇഴയുകയാണ്. ദേവസ്വം ഖജനാവിലെ ചോർച്ച ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലും കാട്ടിലെ തടി, തേവരുടെ ആന എന്ന നിലയിൽ ബില്ലും വൗച്ചറും ടെൻഡറുമില്ലാതെയാണ് പല കാര്യങ്ങളുടേയും പോക്ക്. കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ പേരിൽ നടന്ന ധൂർത്ത് ഞെട്ടിപ്പിക്കുന്നതാണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികരിച്ചിരുന്നു. രണ്ടു വർഷത്തെ ഡെപ്യൂട്ടേഷനിലെത്തിയ ഒരു ഉദ്യോഗസ്ഥനുവേണ്ടി ക്വാർട്ടേഴ്സ് നവീകരണത്തിനും കാർ വാങ്ങുന്നതിനും മറ്റുമായി ബോർഡ് ചെലവിട്ടത് 28.44 ലക്ഷം രൂപയാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഗുരുവായൂർ ദേവസ്വത്തിൽ 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടന്നിട്ടില്ലെന്ന അമ്പരപ്പിക്കുന്ന വിവരവും കോടതിക്ക് മുന്നിലെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ക്രമേണ അടുക്കും ചിട്ടയുമുണ്ടാക്കാനും ദേവസ്വം ഖജനാവിലെ ചോർച്ച തടയാനും ക്രമക്കേട് നടന്നാൽ തെളിവുസഹിതം പിടിക്കാനും ലക്ഷ്യമിട്ടാണ് സമഗ്ര ഡിജിറ്റലൈസേഷൻ നിർദ്ദേശത്തിലൂടെ കോടതി ശ്രമിക്കുന്നത്. ശബരിമലയിലെ പൈലറ്റ് പദ്ധതി ക്രമപ്പെടുന്നതോടെ ബോർഡിന്റെ മറ്റ് സ്ഥാപനങ്ങളേയും വളരെ വേഗം ഈ ശൃംഖലയിലെത്തിക്കാനാകും. തുടർന്ന് കൊച്ചിൻ, മലബാർ ദേവസ്വങ്ങളിലടക്കം ഡിജിറ്റലൈസേഷൻ നടപ്പാക്കുകയാണ് ലക്ഷ്യം. അതോടെ ദൈവത്തിന്റെ പേരിൽ നടത്തുന്ന മിക്കവാറും അഴിമതികൾക്കും വിരാമമുണ്ടാകുമെന്നുറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY