
ശബരിമല: ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി. ഇന്നലെ പുലർച്ചെ 5ന് മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നട തുറന്നപ്പോൾ ഭക്തരുടെ നിര താഴെ തിരുമുറ്റവും വലിയനടപ്പന്തലും കഴിഞ്ഞ് ശരംകുത്തിയിലേക്ക് നീണ്ടു. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പ് കാവല്ലൂർക്കോണം ദേവസ്വം ശാന്തി ബി. ഗണേഷ് പ്രസാദിനെ അടുത്ത ഒരു വർഷത്തെ ഉൾക്കഴകമായി തിരഞ്ഞെടുത്തു. ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, എക്സിക്യുട്ടീവ് ഓഫീസർ പി.എസ്.ശാന്തകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പമ്പ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിൽ കരുനാഗപ്പള്ളി ഗ്രൂപ്പിലെ പടനായകുളങ്ങര ദേവസ്വം ശാന്തി എസ്.ഗിരീഷ് കുമാർ, അമ്പലത്തുഭാഗം ദേവസ്വം ശാന്തി എം.എസ്.ശ്രീകുമാരൻ നമ്പൂതിരി എന്നിവരെ പമ്പ മേൽശാന്തിമാരായി തിരഞ്ഞെടുത്തു. ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |