
തിരുവനന്തപുരം: ശബരിമലയിലേക്ക് കരാറുകാർ സാധനങ്ങൾ നൽകുന്നതിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ശബരിമലയിലേയും പമ്പയിലേയും സ്‌റ്റോറുകളിൽ പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം.
പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ചരക്ക് നീക്കം ദേവസ്വം വിജിലൻസിന്റെ നിരീക്ഷണത്തിലാക്കും. ട്രാക്ടറുകളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കും.
തിരക്ക് കുറയ്ക്കാൻ സന്നിധാനത്തെ കടകളുടെ എണ്ണം കുറയ്ക്കും.
ശബരിമല സ്‌റ്റോറിലെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതിസൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് പൂർണമായും ഒഴിവാക്കി ടാലി മാതൃകയിലുള്ള പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിക്കും. പമ്പയിൽ തുടങ്ങുന്ന പുതിയ സ്‌റ്റോറിലും ഇതേ സോഫ്റ്റ്‌വെയറാകും ഉപയോഗിക്കുക. കരാറുകാർ കൊണ്ടുവരുന്ന സാധനങ്ങൾ പമ്പയിലെ സ്‌റ്റോറിലെ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. ഇവിടെ നിന്നു സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങളും ഇതേ രീതിയിൽ രേഖപ്പെടുത്താനാണ് തീരുമാനം. സന്നിധാനത്ത് എത്തുന്ന സാധനങ്ങൾ രേഖപ്പെടുത്തിയ ശേഷം പരിശോധന നടത്തും. സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കാൻ സ്വകാര്യ ട്രാക്ടറുകൾ പൂർണമായും ഒഴിവാക്കും. ചില ട്രാക്ടർ ഡ്രൈവർമാരെ ഉപയോയിച്ച് കരാറുകാർ നടത്തുന്ന ക്രമക്കേടുകൾ ഇതിലൂടെ ഒഴിവാക്കാനാകുമെന്നാണ് ബോർഡിന്റെ നിഗമനം.
ശർക്കര ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച മഹാരാഷ്ട്രയിലെ കരാറുകാർ ഉൾപ്പെടെ സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഈ വ്യവസ്ഥ ഒഴിവാക്കിയതോടെ കൂടുതൽ പേർ ടെൻഡറിൽ പങ്കെടുക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. മത്സരമുണ്ടായാൽ വിലക്കുറവിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ലഭിക്കുമെന്നും ബോർഡ് വിലയിരുത്തുന്നു. പമ്പയിൽ സ്‌റ്റോർ നിർമ്മിക്കാനുള്ള തീരുമാനത്തെ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ എതിർത്തിരുന്നു. ബോർഡിന് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാതിരുന്നു കാരണം. ഈ എതിർപ്പ് തള്ളിയാണ് സ്‌റ്റോർ സ്ഥാപിക്കാൻ തീരുമാനിച്ചത്.
പമ്പയിൽ സ്‌റ്റോർ സ്ഥാപിക്കുന്നതിനായി അധിക ചെലവുണ്ടായാലും ചരക്ക് നീക്കം സുതാര്യമാകുമെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്. സ്‌റ്റോർ, ലാബ് എന്നിവയുടെ നിർമ്മാണത്തിനായി ഹൈക്കോടതിയുടെ അനുമതി തേടും. വേണ്ടി വരുന്ന തുകയും ഹൈക്കോടതിയെ അറിയിക്കും.
മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള സൗകര്യങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ബദൽമാർഗങ്ങൾ ബോർഡ് തേടുന്നത്. കടകളുടെ എണ്ണം കുറച്ച് തിരക്ക് നിയന്ത്രിക്കുന്നതിനാണ് നീക്കം. കടകളുടെ പരിസരത്ത് തീർത്ഥാടകൾ കൂടുതൽ നേരം തങ്ങിനിൽക്കുന്നതാണ് സന്നിധാനം പൊലീസ് സ്‌റ്റേഷനോട് ചേർന്നുള്ള തിരക്കിന് കാരണമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |