
രണ്ടു വർഷത്തിനിടെ 10451 മുങ്ങി മരണങ്ങൾ ഉണ്ടായ സംഭവത്തേത്തുടർന്ന് മുങ്ങി മരണങ്ങൾ സംസ്ഥാന ദുരന്തപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലും നിർദ്ദേശവും സംബന്ധിച്ച വാർത്ത് കേരളകൗമുദി ദിനപത്രം ഇക്കഴിഞ്ഞ ജൂലായ് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്.
മുങ്ങിമരണങ്ങൾ ദുരന്തപട്ടികയിൽ ഉൾപ്പെടുത്തി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ വിഷയത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകാത്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനായി പ്രത്യേക നിയമനിർമ്മാണം ആവശ്യമില്ലെന്നും ദുരന്തനിവാരണ നിയമത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും കമ്മിഷൻ നിരീക്ഷിച്ചിരുന്നു.
ഹർജിക്കാരൻ തന്റെ പരാതിയും വിവരവകാശ രേഖകളും ഉൾപ്പെടുത്തിയ നിവേദനം റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പരിശോധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ബോദ്ധ്യം വരുത്തണമെന്നും ഹർജിക്കാരന്റെ അഭിപ്രായം കേൾക്കാൻ അവസരം നൽകണമെന്നുമായിരുന്നു കമ്മീഷന്റെ മറ്റ് നിർദ്ദേശങ്ങൾ.
പുഴകളും കായലുകളും തടാകങ്ങളും ഇന്ന് അത്രമേൽ ഭയാനകമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഒന്നിനുപിറകെ ഒന്നായി മനുഷ്യജീവനുകളെ ഒടുക്കുന്ന മരണക്കെണികളായി മാറുകയാണ് ജലാശയങ്ങൾ ഓരോന്നും. ഓരോ വർഷവും 1500നും 2000നും ഇടയിൽ മനുഷ്യജീവനുകളാണ് സംസ്ഥാനത്തെ വിവിധ ജലാശയങ്ങളിൽ മുങ്ങിത്താഴുന്നത്. ഇതിൽ വലിയൊരു പങ്കും വിദ്യാർത്ഥികളും യുവാക്കളുമാണ്.
ഞെട്ടിക്കുന്ന ജലദുരന്തങ്ങൾ
കേരളത്തിൽ റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് മുങ്ങിമരണങ്ങൾ മൂലമാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിദിനം മൂന്നോ നാലോ ജീവനുകൾ വെള്ളത്തിൽ പൊലിയുന്നുവെന്നാണ് കണക്ക്. ഇതിന് കാരണങ്ങൾ പലതാണ്.
അശ്രദ്ധയും അപരിചിതത്വവും
അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് ജലാശയങ്ങളുടെ ആഴവും ഒഴുക്കും അറിയാതെ ഇറങ്ങുന്നതുകൊണ്ടാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്ന അന്യജില്ലക്കാരായ സഞ്ചാരികൾ, റീൽസ് ചിത്രീകരണത്തിനായി അപകടമേഖലകളിൽ ഇറങ്ങുന്ന യുവാക്കൾ എന്നിവർ ഒഴുക്കിന്റെ കാണാക്കയങ്ങളിൽ പെടും. മഴക്കാലത്ത് കേരളത്തിലെ പുഴകളും തോടുകളും വൻ തോതിൽ കരകവിഞ്ഞൊഴുകുമ്പോൾ അപകടങ്ങളുടെ എണ്ണം ഇരട്ടിക്കും. അപകടസാദ്ധ്യതയേറിയ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പുഴക്കടവുകളിലും ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ ലൈഫ് ഗാർഡുകളോ സുരക്ഷാ വേലികളോ ഇല്ലെന്നതാണ് യാഥാർത്ഥ്യം.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും പ്രധാന നിർദ്ദേശങ്ങളും
തുടർച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങളിൽ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർണ്ണായക നിർദ്ദേശങ്ങൾ കൈമാറിയത്. മുങ്ങിമരണങ്ങൾ വെറുമൊരു അവിചാരിത അപകടമായി കണ്ട് തള്ളിക്കളയാനാവില്ലെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം.
സംസ്ഥാന സവിശേഷ ദുരന്തം
നിലവിൽ പ്രളയം, ഉരുൾപൊട്ടൽ, ഭൂകമ്പം തുടങ്ങിയവയ്ക്കാണ് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായം ലഭിക്കുന്നത്. എന്നാൽ മുങ്ങിമരണങ്ങളെ 'സംസ്ഥാന സവിശേഷ ദുരന്തമായി' പ്രഖ്യാപിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇത് വഴി മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം ഉറപ്പാക്കാൻ സാധിക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലുള്ള ജലാശയങ്ങളുടെ 'സുരക്ഷാ ഓഡിറ്റിംഗ്' നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ഏതൊക്കെ കടവുകളാണ് അപകടം നിറഞ്ഞത്, എവിടെയൊക്കെ ചുഴികളുണ്ട് എന്ന് കണ്ടെത്തി 'അപകടസാദ്ധ്യതാ മാപ്പ്' തയ്യാറാക്കണമെന്ന നിർദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്. അപകടമേഖലകളിൽ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ജനങ്ങൾ ഇറങ്ങാൻ സാദ്ധ്യതയുള്ള പുഴക്കടവുകളിൽ സംരക്ഷണ ഭിത്തികളോ ശക്തമായ ഇരുമ്പ് വേലികളോ നിർമ്മിച്ച് സുരക്ഷിതമാക്കണ തുടങ്ങിയ നിർദേശങ്ങളും കമ്മീൻ മുന്നോട്ട് വയ്ക്കുന്നു.
പാഠ്യ പദ്ധ്തിയിൽ ഉൾപ്പെടുത്തണം
കടൽത്തീരങ്ങളിൽ മാത്രമുള്ള ലൈഫ് ഗാർഡ് സംവിധാനം പ്രാദേശിക ജലാശയങ്ങളിലേക്കും വ്യാപിപ്പിക്കണം. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കോ മികച്ച നീന്തൽ വശമുള്ള യുവാക്കൾക്കോ പരിശീലനം നൽകി 'കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയർമാരായി' അപകടമേഖലകളിൽ നിയോഗിക്കണമെന്ന നിർദ്ദേശത്തിനും ഏറെ പ്രാധാന്യമുണ്ട്.
ഓരോ കുട്ടിയും നീന്തൽ അറിഞ്ഞിരിക്കേണ്ടത് ജീവന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് കണ്ട് സ്‌കൂൾ തലം മുതൽ നീന്തൽ പരിശീലനം നിർബന്ധിത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പദ്ധതി തയാറാക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്ക്
മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഫലപ്രദമാകണമെങ്കിൽ സർക്കാരിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോർക്കണം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തങ്ങളുടെ വാർഡുകളിലുള്ള അപകടകരമായ ക്വാറികൾ, കുളങ്ങൾ, പുഴക്കടവുകൾ എന്നിവ കൃത്യമായി നിരീക്ഷിക്കണം. ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വീണ് മരണങ്ങൾ സംഭവിക്കുന്നത് പതിവാണ്. ഇത്തരം ക്വാറികൾക്ക് ചുറ്റും വേലി കെട്ടാൻ ഉടമസ്ഥർക്ക് കർശന നിർദ്ദേശം നൽകണം.
മദ്യപിച്ച് ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അപകട മേഖല മുന്നറിയിപ്പ് ബോർഡുകളെ നിസ്സാരമായി കാണരുത്
കുട്ടികൾ ജലാശയങ്ങൾക്ക് സമീപം കളിക്കുന്നത് രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണം.
മനുഷ്യാവകാശ കമ്മീഷൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കേണ്ടവയല്ല
മുങ്ങിമരണങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |