SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കണം

READ ENGLISH VERSION
ss

നിയമനത്തിൽ ക്രമക്കേട് സംബന്ധിച്ച പരാതി ഗുരുതരമായി ഉയരുമ്പോൾ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അട്ടിമറിക്കുന്ന തട്ടിപ്പുകളാണ് പി.എസ്.സിയിൽ നടക്കുന്നത്. ഓൺ സ്‌ക്രീൻ മാർക്കിംഗിന് സുരക്ഷാ പരിശോധന ഇല്ലാത്ത സോഫ്‌ട്‌വെയർ ഉപയോഗിച്ചെന്നടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ, എസ്.പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം മരവിപ്പിച്ച് പി.എസ്.സി ചെയർമാൻ തന്റെ കീഴിലുള്ള പരീക്ഷാ കൺട്രോളർക്ക് അന്വേഷണം കൈമാറിയിരിക്കുകയാണ്. പി.എസ്.സി ബോർഡ് യോഗം ചേർന്നെടുത്ത തീരുമാനം അട്ടിമറിച്ചാണ് ചെയർമാന്റെ ഏകപക്ഷീയമായ നടപടിയെന്ന് ആരോപണമുണ്ട്. പി.എസ്.സിയിലെ അമിതമായ രാഷ്ട്രീയവത്കരണം ദീർഘകാലമായി നിലനിൽക്കുന്ന ഈ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിച്ചെന്നുവേണം കരുതാൻ.

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചെയർമാൻ അട്ടിമറിച്ചത്. ബോർഡ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതുതായി ചുമതലയേറ്റ ആഭ്യന്തര വിജിലൻസ് എസ്.പി സിനി എഫ്. ഡെന്നീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ആസൂത്രണ ബോർഡ്,കെ.എ.എസ് പരീക്ഷകളുടെ മൂല്യനിർണയത്തിന് ഉപയോഗിച്ചത് സൂക്ഷ്‌മപരിശോധന നടത്താത്ത സോഫ്‌ട്‌വെയറാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ച വിവരവും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വിജിലൻസ് അന്വേഷണം അട്ടിമറിച്ചത്. ഈ തീരുമാനം പി.എസ്.സി തിരുത്തിയാലും ഇല്ലെങ്കിലും ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാരിന്റെ വിജിലൻസ് അന്വേഷണമാണ് വേണ്ടത്. നിയമന തട്ടിപ്പും പരീക്ഷാ മൂല്യനിർണയ ക്രമക്കേടും സംബന്ധിച്ച രണ്ട് പരാതികൾ സംസ്ഥാന വിജിലൻസിന് ലഭിച്ചിട്ടുണ്ട്. വിജിലൻസ് എസ്.പി മനോജ് എബ്രഹാം അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

ആഭ്യന്തര അന്വേഷണം പി.എസ്.സി തന്നെ അട്ടിമറിച്ച സ്ഥിതിക്ക് ഇനി സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തിലൂടെ മാത്രമേ സത്യങ്ങൾ പുറത്തുവരു.

പി.എസ്.സിക്ക് ഭരണഘടനാ പദവി ഉണ്ടെങ്കിലും ചെയർമാനോ അംഗങ്ങൾക്കോ ഗവർണർക്കുള്ളതുപോലെ ക്രിമിനൽ കേസിൽ നിന്ന് പരിരക്ഷയില്ല. അതിനാൽ തട്ടിപ്പ് നടത്താൻ ഒത്താശ ചെയ്തെന്ന് തെളിവ് ലഭിച്ചാൽ കേസിൽ ഇവരെ പ്രതിയാക്കുന്നതിന് നിയമ തടസമില്ലെങ്കിലും വിചാരണയ്ക്ക് കേന്ദ്ര അനുമതി ആവശ്യമാണ്.

ഇതിനകം മുഖ്യമന്ത്രി വി.ഡി. സതീശന് ലഭിച്ചിട്ടുള്ള പരാതികളിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉയർത്തിയിട്ടുള്ളത്. പല റാങ്ക് ലിസ്റ്റുകളിലും മുന്നിലെത്തിയവരിൽ കൂടുതലും ഇടത് ബന്ധമുള്ളവരാണെന്നതാണ് മുഖ്യ ആക്ഷേപം. പി.എസ്.സിയിലെ ക്രമക്കേട് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജെനീഷ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കെ.എ.എസ് ഇന്റർവ്യൂവിൽ ചെയർമാൻ നിർദ്ദേശിച്ച ഉയർന്ന മാർക്ക് ഉദ്യോഗാർത്ഥിക്ക് നൽകാൻ എക്സ്‌പെർട്ടായി പങ്കെടുത്ത പ്രിൻസിപ്പൽ സെക്രട്ടറി തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണവും മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ ഉള്ളതായാണ് അറിവ്. അതിനാൽ പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള ശക്തമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY