കൊച്ചി: സംസ്ഥാനത്ത് സ്വർണവില നിലയുറപ്പിക്കാതെ തുടരുകയാണ്. രാവിലെ ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയായാണ് വിപണി ആരംഭിച്ചത്. എന്നാൽ ഉച്ചയായതോടെ വീണ്ടും സ്വർണത്തിന്റെ സ്വഭാവം മാറി. സ്വർണം ഗ്രാമിന് 175 രൂപ കൂടി 13020 രൂപയിലെത്തി. ഇതോടെ പവന് 1,02,760 രൂപയിൽ നിന്നും 1,04,160 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില കുറഞ്ഞും കൂടിയും നിൽക്കുന്നതിനാൽ ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർ ആശങ്കയിലാണ്. രാവിലത്തെ വിപണി വില ആയിരിക്കില്ല ഉച്ചയ്ക്ക് ശേഷം എന്നതും ആഭരണപ്രേമികളെ പിന്നോട്ടുവലിക്കുന്നുണ്ട്.
ഈ മാസത്തിന്റെ തുടക്കത്തിൽ വർദ്ധനവിന്റെ പാതയിലായിരുന്ന സ്വർണവില ചില ദിവസങ്ങളിൽ കുത്തനെ താഴുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്തു. ഇതോടെ ആഭരണം വാങ്ങാൻ പദ്ധതിയിട്ടവർക്ക് ശരിയായ സമയം തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തെ സ്വാധീനിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സമാധാന ചർച്ചകൾ അനിശ്ചിതമായി നീളുന്നതും സ്വർണവിപണിയെ ബാധിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില, പണപ്പെരുപ്പ ഭീഷണി എന്നിവ സ്വർണ നിരക്ക് ഇടിയുന്നതിന് കാരണമായേക്കാം. വരും ദിവസങ്ങളിൽ സ്വർണനിരക്ക് കുറയാൻ സാദ്ധ്യതയുള്ളതിനാൽ ആഭരണപ്രേമികൾ കുറച്ച് ദിവസം കൂടി കാത്തിരിക്കുന്നതാകും നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |