ആഗോള അനിശ്ചിതത്വം വിനയാകും
കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിച്ചതും ക്രൂഡോയില്‍ വിലയിലെ ഇടിവും ആശ്വാസമായിട്ടും ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വെല്ലുവിളികള്‍ ഒഴിയുന്നില്ല. ഇറാന്‍ യുദ്ധ കാലയളവില്‍ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നും കരുത്തോടെ നിലനില്‍ക്കാനായെങ്കിലും ആഗോള, ആഭ്യന്തര റിസ്‌കുകള്‍ നേരിടുന്നതിന് കരുതലോടെ നീങ്ങാനാണ് റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും ഒരുങ്ങുന്നത്.
മണ്‍സൂണ്‍ മഴ ലഭ്യതയിലെ അസന്തുലിതാവസ്ഥയും എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതങ്ങളും ആഗോള ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും സാമ്പത്തിക രംഗത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ജൂണ്‍ മാസത്തിലെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യുദ്ധം അവസാനിച്ചെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറിന് മുകളില്‍ ഇപ്പോഴും തുടരുന്നതും വെല്ലുവിളിയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ മെല്ലെപ്പോക്ക് സ്വീകരിക്കുന്നതും തിരിച്ചടിയാണ്.
കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക ഉത്പാദനത്തെ ബാധിക്കുമെന്നതിനാല്‍ ഭക്ഷ്യ സാധനങ്ങളുടെ വില കുത്തനെ കൂടാനിടയുണ്ട്. ഉയര്‍ന്ന ഇന്ധന വിലയും ഉത്പാദന ഇടിവും രാജ്യത്തെ നാണയപ്പെരുപ്പം ഉയര്‍ത്തിയേക്കും.
ആഗോള, ആഭ്യന്തര വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം കരുതലോടെ നീങ്ങണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ സുരക്ഷാകവചം ശക്തമാക്കുന്നതിന് റിസര്‍വ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1. ആഭ്യന്തര വിപണിയിലെ ഉപഭോഗ ശക്തി
2. നിയന്ത്രണ വിധേയമായ നാണയപ്പെരുപ്പം
3. കമ്പനികളുടെ ഉയര്‍ന്ന ലാഭക്ഷമത
4. വിപണിയിലെ ഉയര്‍ന്ന പണലഭ്യത
ക്രിട്ടിക്കല്‍ പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇളവ് ജൂലായ് 15 വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലയുന്ന വന്‍കിട കമ്പനികള്‍ക്ക് തീരുമാനം ആശ്വാസം പകരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |