SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

തീരാപ്പകയിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ

sajitha

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം വിധി വരുന്നത്.

അയൽവാസികളായ മൂന്നുപേരെ അതി ക്രൂരമായി കൊലപ്പെടുത്തിയാണ് കൊടും ക്രിമനലാണ് ചെന്താമര. അയൽവാസിയായ സജിത എന്ന സ്ത്രീയെ കൊലപ്പെടുത്തി ശിക്ഷയിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.


തിരുപ്പൂരിൽ ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട സുധാകരൻ. ഞായറാഴ്ചകളിൽ വീട്ടിലെത്തി പിറ്റേന്ന് തിരിച്ചുപോകുകയാണ് പതിവ്. തിങ്കളാഴ്ച രാവിലെ 9.30ഓടെ സുധാകരൻ സ്‌കൂട്ടറിൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചെന്താമര ഓടിവന്ന് കൊടുവാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. കൈയിലും കാലിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ സുധാകരൻ തത്ക്ഷണം മരിച്ചു. സുധാകരന്റെ നിലവിളികേട്ട് ഓടിവന്ന ലക്ഷ്മിയുടെ ദേഹമാസകലം വെട്ടേറ്റിരുന്നു. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ചെന്താമര സ്വന്തം വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചു. കൊടുവാൾ അലമാരയിൽ വെച്ചശേഷം പിൻവാതിലിലൂടെ പാടത്തേക്ക് ചാടി രക്ഷപ്പെട്ടു. രണ്ട് ദിവസം നീണ്ടുനിന്ന തെരിച്ചിലിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ജയിലിൽ നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടി ബോയൻ നഗറിലെ വീട്ടിലെത്തി കൊലപാതകം നടത്തി രക്ഷപ്പെട്ടത്.

 സജിതയോട് തീരാപ്പക

2019 ആഗസ്റ്റ് 30നാണ് സജിത കൊല്ലപ്പെട്ടത്. സുധാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ചെന്താമര കിടപ്പുമുറിയിലായിരുന്ന സജിതയെ വെട്ടിക്കൊല്ലുകയായിരുന്നു. തന്റെ കുടുംബ ജീവിതം തകർന്നതിൽ അയൽവാസി സജിതയ്ക്ക് പങ്കുണ്ടെന്ന തെറ്റിദ്ധാരണയിൽ നിന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുറ്റകൃത്യവും ആസൂത്രണവും പ്രതി ഒറ്റയ്ക്കാണ് നടത്തിയത്. നാട്ടുകാരി തന്നെയായിരുന്ന യുവതിയെ ചെന്തമാര പ്രേമിച്ച് വിവാഹം കഴിച്ചതാണ്. എന്നാൽ മോശം അനുഭവങ്ങളെ തുടർന്ന് ഭാര്യയും മകളും ചെന്താമരയെ ഉപേക്ഷിച്ചു. സജിത കാരണമാണ് തന്റെ ഭാര്യ പിരിഞ്ഞുപോയതെന്ന് ഒരു ജ്യോത്സ്യൻ ചെന്താമരയോട് പറഞ്ഞിരുന്നു. നീണ്ട മുടിയുള്ള അയൽവാസിയാണ് എന്നാണ് ജ്യോത്സ്യൻ പറഞ്ഞത്,​ ഇതോടെ അത് സജിതയാണെന്ന് ചെന്താമര ഉറപ്പിച്ചു. ഇതാണ് സജിതയോടുള്ള പകയിലേക്കെത്തി.

തന്നിൽ നിന്ന് പിരിഞ്ഞുപോയ ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. സജിതയെ കൊലപ്പെടുത്തിയ തന്നോട് സുധാകരൻ പകരം വീട്ടുമെന്ന ഭയം ചെന്തമാരയ്ക്കുണ്ടായിരുന്നു. അത് സുധാകരന്റെയും അമ്മയുടെയും കൊലപാതകത്തിലേക്കും നയിച്ചു. മാരകമുറിവുകളാണ് കൊല്ലപ്പെട്ട സുധാകരനും ലക്ഷ്മിക്കുമേറ്റത്. സുധാകരന് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൂടാതെ, വലതുകാലിലും വെട്ട് തടുക്കുന്നതിനിടെ വലതുകൈത്തണ്ടയിലും ഉൾപ്പെടെ എട്ട് വെട്ടേറ്റാണ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടത്. ലക്ഷ്മിക്ക് ചെവിക്കും കണ്ണിനും ഇടയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. കാൽമുട്ടിലുൾപ്പെടെ 12 വെട്ടേറ്റിട്ടുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ മൃതദേഹ പരിശോധനയിൽ കണ്ടെത്തി.

 ചെന്താമര അന്തവിശ്വാസിയും സംശയരോഗിയും

ബോയൻ നഗറിലെ ഇടവഴിയിൽ ഇരുവശത്തുമായിരുന്നു ചെന്തമാരയുടെയും സുധാകരന്റെയും വീടുകളുണ്ടായിരുന്നത്. സുധാകരന്റെയും ലക്ഷ്മിയുടെയും വീടാണ് ഇടവഴിയിലെ അവസാനത്തെ വീട്. തൊട്ടടുത്താണ് പ്രതി ചെന്താമര താമസിച്ചിരുന്നത്. വലിയവാഹനങ്ങൾ ഉൾപ്പെടെ ഓടിച്ചുശീലമുള്ള ചെന്താമര നെല്ലിയാമ്പതി - പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു. ഇക്കാലത്താണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹശേഷം പ്രണയം സംശയത്തിലേക്ക് നീങ്ങിയതായി പ്രദേശവാസികൾ പറയുന്നു. ഭാര്യ തൊഴിലുറപ്പ് തൊഴിലിനുൾപ്പെടെ പോകുന്നത് മുടക്കിയിരുന്നതായും ഇതേച്ചൊല്ലി തർക്കങ്ങളുണ്ടാകുന്നതും സമീപവാസികൾ പറയുന്നു.

മിക്കസമയവും വീടിന്റെ വാതിൽ പൂട്ടി അകത്തിരിക്കുകയായിരുന്നു ചെന്താമരയുടെ ശീലം. കടുത്ത അന്ധവിശ്വാസിയും സംശയരോഗിയുമായിരുന്നു. മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണ് തന്റെ കുടുംബപ്രശ്നങ്ങളുടെ കാരണമെന്ന് അയാൾ വിശ്വസിച്ചിരുന്നു. സജിതയെയും കുടുംബത്തെയും ഇയാൾ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. എന്നാൽ അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയില്ല. 2019 ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്താമര സജിതയുടെ വീട്ടിലെത്തി. സജിത വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു എത്തിയത്. വീടിനകത്ത് കയറിയ ഇയാൾ സജിതയെ ആഞ്ഞു വെട്ടി. കഴുത്തിന്റെ പിൻഭാഗത്തും തോളിലും മാരമായി പരിക്കേറ്റ സജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ എല്ലാ വിരലുകളും ചൂണ്ടിയത് ചെന്താമരയിലേക്കാണ്. പൊലീസിന് പിടികൊടുക്കാതിരിക്കാൻ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്.

സജിതയെ കൊലപ്പെടുത്തി ജയിലിൽ കഴിയുമ്പോൾ തന്നെ എന്റെ കുടുംബം തകർത്തവരിൽ ഇനി രണ്ട് സ്ത്രീകൾകൂടി ബാക്കിയുണ്ട്, ഇറങ്ങിയാൽ അവരെയും തീർക്കുമെന്ന് സഹതടവുകാരോട് ചെന്തമാര പറഞ്ഞിരുന്നു.

 ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇരട്ടക്കൊലപാതകം

സജിത കൊലക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കുമ്പോഴും ചെന്താമരയുടെ പകയടങ്ങിയില്ല. സജിതയുടെ കുടുംബത്തിലെ എല്ലാവരെയും കൊല്ലണമെന്ന ചിന്തയിലാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളു. ഈ വ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തി സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും. സുധാകരന്റെയും സജിതയുടെയും മക്കൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. വളരെ ആസൂത്രിതമായാണ് ചെന്താമര കൃത്യം ചെയ്തത്. കൊലപാതകത്തിന് പിന്നാലെ ചെന്താമര പോത്തുണ്ടി മേഖലയിലെ വനത്തിൽ ഒളിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. പിറ്റേന്നും തെരച്ചിൽ തുടർന്നു. അന്ന് രാത്രിയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. ഇയാൾക്കുവെണ്ടിയുള്ള തെരച്ചിൽ ഫലംകണ്ടില്ലെന്ന് വിശ്വസിപ്പിച്ചാണ് ചെന്താമരയെ പിടികൂടാൻ സാഹയിച്ചത്. പ്രതി വിശപ്പ് സഹിക്കില്ലെന്നും വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുമെന്നും സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ പ്രതി കുടുങ്ങി. ജാമ്യത്തിലിറങ്ങി നാല് പേരെ കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു ചെന്തമാരയുടെ പദ്ധതി. എന്നാൽ രണ്ടുപേരെ കൊലപ്പെടുത്താൻ മാത്രമേ സാധിച്ചുള്ളു. സുധാകരന്റെ മക്കൾ വീട്ടിലില്ലാതിരുന്നതിനാൽ പദ്ധതി നടന്നില്ല.

 58-ാം നാൾ കുറ്റപത്രം

2025 ജനുവരി 27ന് ആയിരുന്നു നെന്മാറ ഇരട്ടക്കൊല. 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ ഫെബ്രുവരി 5ന് തെളിവെടുപ്പ് നടത്തി. ഫെബ്രുവരി 18ന് ചെന്താമരയുടെ മുൻ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മാർച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികൾ, മുപ്പതിലധികം രേഖകൾ, ഫൊറൻസിക് പരിശോധനാഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ എന്നിവയാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഫെബ്രുവരി 23 മുതൽ മേയ് ആറുവരെയായിരുന്നു വിചാരണ. കേസിൽ വിസ്തരിച്ച സാക്ഷികളിൽ നാലുപേർ കൂറുമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY