
കഴിഞ്ഞ രണ്ടു പതിറ്രാണ്ടിനിടെ നമ്മുടെ സ്വകാര്യ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും ഏറ്റവും അധികം സ്വാധീനിച്ച സാങ്കേതിക സംവിധാനം ഏതെന്ന ചോദ്യത്തിന് മൊബൈൽ ഫോൺ എന്ന ഒറ്റ ഉത്തരമേയുള്ളൂ. 1995 ജൂലായിലാണ് രാജ്യത്ത് മൊബൈൽ ഫോൺ അവതരിപ്പിക്കപ്പെട്ടതെങ്കിലും, സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളുടെ വരവോടെ അതിന്റെ സ്വാധീനം എല്ലാ അതിരുകളും കടന്ന് കടിഞ്ഞാണില്ലാത്ത അപകടാവസ്ഥയിലേക്ക് എത്തിച്ചേരുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളുടെ തുറന്നുവച്ച കണ്ണുകൾക്കു മുന്നിൽ, ആരുടെയൊക്കെയോ രഹസ്യനിരീക്ഷണത്തിനു മുന്നിൽ സ്വകാര്യതകൾ ലംഘിക്കപ്പെട്ട് ജീവിക്കാനായിരിക്കുന്നു നമ്മുടെ വിധി. സ്വന്തം മുഖമോ ശരീരമോ സംഭാഷണമോ ഒക്കെ നാളെ ഏതെല്ലാം വിധത്തിൽ വികൃതീകരിക്കപ്പെട്ട് സമൂഹമാദ്ധ്യമങ്ങൾ വഴി ലോകത്തിനു മുന്നിലെത്തുമെന്ന് ഒരു പിടിയുമില്ല. സാങ്കേതികതയുടെ അനുകൂലഫലങ്ങൾക്കു പകരം പ്രതികൂല സാദ്ധ്യതകൾ മാത്രം ഉപയോഗിക്കുകയും, അങ്ങനെ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അടക്കിനിറുത്താൻ പോന്ന നിയമങ്ങളൊന്നും പ്രാബല്യത്തിൽ വന്നിട്ടുമില്ല.
ഈ മാസം ആദ്യം കൊല്ലത്തെ ഒരു സ്കൂളിൽ ഹയർ സെക്കൻഡറി പ്രവേശനോത്സവചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസം വിശദീകരിച്ചത് സംസ്ഥാന വനിതാ- ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ തന്നെയാണ്. മുഖമില്ലാതെ, തന്റെ ശരീരം മാത്രം ഫോണിൽ പകർത്തി സമൂഹമാദ്ധ്യമത്തിൽ പോസ്റ്ര് ചെയ്തത് ഒരു അദ്ധ്യാപകൻ ആണെന്നും മന്ത്രി വെളിപ്പെടുത്തി. മന്ത്രിയായ തന്റെ ചിത്രം പൊതുചടങ്ങിനിടെ ഇത്തരത്തിൽ പകർത്തി പ്രചരിപ്പിക്കുവാൻ ധൈര്യം കാണിച്ചെങ്കിൽ, സാധാരണക്കാരായ സ്ത്രീകളോടും പെൺകുട്ടികളോടും ഇവർ പെരുമാറുന്നത് എങ്ങനെയായിരിക്കുമെന്ന് അവർ ഉന്നയിച്ച ആശങ്ക മലയാളി പൊതുസമൂഹത്തിന്റേതാണ്. സ്വകാര്യത എന്നത് മനുഷ്യാവകാശമാണ്. അത് ലംഘിക്കപ്പെട്ടാൽ നിയമപരമായി നേരിടാം. പക്ഷേ, ആത്മാഭിമാനം മുറിപ്പെടുകയും അവഹേളനത്തിന് പാത്രമാവുകയും ചെയ്യുമ്പോൾ നിയമനടപടിയുടെ മാർഗമല്ല, പലരും ആത്മഹത്യയുടെ വഴിയായിരിക്കും തിരഞ്ഞെടുക്കുക എന്നൊരു അനുഭവമുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഭീഷണികളും ഓരോ ദിവസവും കൂടിവരികയാണ്. കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്കിൽ മൂന്നാം സ്ഥാനത്താണ് കേരളം. അതുപോലെ കേസുകളുടെ കൂട്ടത്തിൽപ്പെടുത്തി നിയമസംവിധാനത്തിന്റെ തലയിൽ മാത്രമായി വച്ചുകൊടുക്കാവുന്നവയല്ല, സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം വഴിയുള്ള വ്യക്തിഹത്യ എന്ന നീചപ്രവൃത്തി. ട്രെയിനിൽ എതിർസീറ്റിൽ ഇരിക്കുന്നയാൾ തന്റെ ചിത്രം രഹസ്യമായി പകർത്തുന്നില്ലെന്ന് ഒരു സ്ത്രീക്ക് എന്ത് ഉറപ്പുണ്ട്? നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ വെളിപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളിലേക്ക് ക്യാമറ സൂം ചെയ്ത്, ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വിളമ്പി രസിക്കുന്ന മനോരോഗികളല്ല ചുറ്രുമെന്ന് വല്ല തീർച്ചയുമുണ്ടോ?
സ്വകാര്യതയുടെയും മര്യാദയുടെയും സദാചാരത്തിന്റെയുമൊക്കെ നിർവചനങ്ങൾ മാറിപ്പോയി എന്നത് നേരുതന്നെ. അതുപക്ഷേ, മറ്രൊരാളുടെ ശരീരത്തിലേക്കോ ജീവിതത്തിലേക്കോ ക്യാമറ തിരിച്ചുവയ്ക്കാനും, ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് രസിക്കാനുമുള്ള ലൈസൻസ് ആകുന്നില്ല. ഓൺലൈൻ മാദ്ധ്യമങ്ങളിലെ സ്വകാര്യതാ ലംഘനം പരിശോധിക്കുമെന്നും, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ മുൻകൂറായി തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം സ്വന്തം ദുരനുഭവം വിവരിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വനിതാ- ശിശുക്ഷേമ വകുപ്പ് മാത്രമല്ല, ആഭ്യന്തര വകുപ്പും കർശന നടപടികളിലേക്ക് കടക്കണം. മൊബൈൽ വഴിയുള്ള സ്വകാര്യതാ ലംഘനമോ, മര്യാദയ്ക്കു നിരക്കാത്ത മട്ടിലുള്ള ചിത്രീകരണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുസമൂഹം ശക്തമായി പ്രതികരിക്കണം. മറ്രൊരാളുടെ ശരീരത്തിലേക്ക് ക്യാമറ തുറന്നുവയ്ക്കുന്നവരും സ്വയം ചോദിക്കണം: 'എനിക്ക് ഇതിന് എന്ത് അവകാശം?"
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |