SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

കഥയിലെ മാന്ത്രികൻ

k

കവിതകൾ എഴുതി,​ കഥകളെഴുതി,​ നോവലുകളെഴുതി,​ ലോകംചുറ്റി സഞ്ചരിച്ച് യാത്രാവിവരണങ്ങളെഴുതി. പച്ചയായ ജീവിതത്തിലെ സ്നേഹബന്ധങ്ങളുടെ പട്ടുനൂലിഴകൾകൊണ്ട് നെയ്തെടുത്ത കഥകൾ മലയാളികളുടെ മനസിൽ നിലാവുപോലെ തെളിഞ്ഞു നിന്നു. കോഴിക്കോട്ടെ പൊറ്റെക്കാട്ടു വീട്ടിലെ ശങ്കരൻകുട്ടി വളർന്ന് എസ്.കെ. പൊറ്റെക്കാട്ടും ഒടുവിൽ എസ്.കെയുമായി. ആ രണ്ടക്ഷരം മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ചു.

അദ്ദേഹം എഴുതിത്തുടങ്ങിയത് കവിതകളായിരുന്നു. തനിക്ക് കൂടുതൽ ഇണങ്ങുക കഥയാണെന്ന് അദ്ദേഹത്തിന് വേഗം മനസിലായി. കഥപറയാൻ തന്റേതായൊരു ശൈലി ആ രാജശില്പി വാർത്തെടുത്തു. ആ പൊൻതൂലികയിൽ നിന്നും കഥകൾ പൂക്കൾ പോലെ ചിതറി വീണു. ജീവിത നൊമ്പരങ്ങളുടെ വർണവും നർമ്മത്തിന്റെ സൗരഭ്യവുമുണ്ടായിരുന്നു അവയ്ക്ക്. വായനക്കാർക്ക് അത് പുതിയൊരനുഭവമായിരുന്നു. പൊറ്റെക്കാട്ടിന്റെ കഥകൾക്കുവേണ്ടി കേരളീയ സഹൃദയ ലോകം കാത്തുനിന്നു.

ജ്ഞാനപീഠപുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ തന്റെ കലാജീവിതത്തിന്റെ പ്രകടന പത്രിക പൊറ്റെക്കാട്ട് അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു:

''മനുഷ്യമനസിലെ നന്മയെ പോഷിപ്പിക്കുകയും സമുദായത്തിന്റെ ഉദാത്തഭാവങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ഉത്തമസാഹിത്യം എന്നു ഞാൻ വിശ്വസിക്കുന്നു. ഈ ബോധത്തോടുകൂടിയാണ് ഞാൻ എന്റെ സാഹിത്യജീവിതം ആരംഭിച്ചതെന്നു പറയാം''.

'ഒരു ദേശത്തിന്റെ കഥ'യാണ് പൊറ്റെക്കാട്ടിന് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്തത്.

താൻ പാടുപെട്ട് ഇത്രയും കാലം എഴുതിയിട്ടും ഒരു അവാർഡ് കിട്ടിയപ്പോൾ മാത്രം തന്നെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് അദ്ദേഹം ചിരിച്ചിട്ടുണ്ട്. സഞ്ചാര സാഹിത്യത്തിന് എസ്.കെ നല്കിയ സംഭാവന കാലത്തിന്റെ കരങ്ങൾക്ക് മായ്ക്കാൻ കഴിയാത്തതാണ്. ഓസ്ട്രേലിയയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമൊഴികെ ലോകം മുഴുവൻ അദ്ദേഹം ചുറ്റി നടന്നുകണ്ടു.

പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല എസ്.കെ ലോകം ചുറ്റി സഞ്ചരിച്ചത്. യാത്ര ചെയ്യാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. വിമാനത്തിൽ സഞ്ചരിച്ചാൽ നാടു കാണാൻ കഴിയാത്തതുകൊണ്ട് ഇന്ത്യയ്ക്കകത്ത് എവിടെ സഞ്ചരിക്കുമ്പോഴും തീവണ്ടിയെയാണ് ആശ്രയിച്ചിരുന്നത്. ആദ്യകാലത്തെ വിദേശ യാത്ര കപ്പലിലായിരുന്നു.

മൂന്ന് വൻകരകളിൽ സഞ്ചരിച്ച് മൂവായിരത്തോളം പേജുവരുന്ന യാത്രാ വിവരണമെഴുതി എസ്.കെ. പിറകോട്ട് ചീകിയൊതുക്കിയ തലമുടിയും വീതിയേറിയ നെറ്രിയും പതിനാറുകാരന്റേതുപോലെ നേർത്ത മീശയുമായി അല്പം കുനിഞ്ഞു നടക്കുന്ന എസ്.കെയെ നമുക്ക് മറക്കാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY