SignIn
Kerala Kaumudi Online
Thursday, 06 August 2026 3.07 AM IST

പൊതിഞ്ഞു വച്ചിരിക്കുന്ന മുന്നറിയിപ്പ് യന്ത്രം

READ ENGLISH VERSION
ss

പഴയ കാലാവസ്ഥാ പ്രവചനം മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന രീതിയിലായിരുന്നു. അങ്ങനെ വരുമ്പോൾ മഴ പെയ്‌താലും പെയ്‌തില്ലെങ്കിലും കാലാവസ്ഥാ പ്രവചനം തെറ്റില്ല. കാലം മാറിയപ്പോൾ ഏറെക്കുറെ കൃത്യമായി കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രവചിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വന്നു. മഴയെക്കുറിച്ച് മാത്രമല്ല മേഘവി‌സ്‌ഫോടനത്തെക്കുറിച്ചും ഭൂകമ്പത്തെക്കുറിച്ചുമൊക്കെയുള്ള മുന്നറിയിപ്പുകൾ നൽകാൻ ആധുനിക സംവിധാനങ്ങൾക്ക് കഴിയും. വികസിത രാജ്യങ്ങളിലൊക്കെ ഇത്തരം സംവിധാനങ്ങളാണുള്ളത്. ഇതൊക്കെ ഉണ്ടെങ്കിലും പ്രകൃതിദുരന്തങ്ങളിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് പൂർണമായും ഒഴിവാക്കാനും കഴിഞ്ഞിട്ടില്ല.

അമേരിക്കയിൽ പോലും മിന്നൽ പ്രളയത്തിലും ചുഴലിക്കാറ്റിലും മറ്റും നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ പരിഷ്കരിക്കുകയും കുറ്റമറ്റതായി മാറ്റുകയും ചെയ്യാനുള്ള നടപടികളാണ് ഉത്തരവാദിത്വമുള്ള ഭരണാധികാരികളിൽ നിന്ന് ഉണ്ടാകേണ്ടത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് നാനൂറിലേറെപ്പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെയാണ് മേഘവിസ്‌ഫോടനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം പുൽപ്പള്ളിയിൽ സ്ഥാപിക്കാൻ അന്നത്തെ ഇടതു സർക്കാർ തീരുമാനിച്ചത്.

പ്രളയ മുന്നറിയിപ്പ് നൽകാൻ 10 കോടി രൂപ ചെലവിട്ട് അത്യാധുനിക എക്സ്‌ബാൻഡ് ഡോപ്ളർ സംവിധാനം സ്ഥാപിക്കുകയും ചെയ്തു. ഈ വർഷത്തെ മഴക്കാലത്തിന് മുമ്പ് പ്രവർത്തനം തുടങ്ങാൻ ലക്ഷ്യമിട്ട് നിർമ്മാണം തുടങ്ങിയ പദ്ധതി മേയിൽ പൂർത്തിയായിട്ടും ഇതുവരെ കമ്മിഷൻ ചെയ്‌തിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതു കാരണമാണ് കമ്മിഷൻ ചെയ്യുന്നത് വൈകിയെന്നതാണ് അധികൃതരുടെ വിശദീകരണം. പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും പഴയ പദ്ധതികളുടെ ഉദ്‌ഘാടനം നടത്താൻ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത് മനസിലാക്കാം. പക്ഷേ,​ നേരത്തേ തുടങ്ങി പൂർത്തിയായ ഒരു പദ്ധതിയുടെ കമ്മിഷനിംഗ് തടയുന്നത് രാജ്യത്തിന്റെ പൊതുതാത്‌പര്യത്തിന് എതിരാണ്.

ഏതൊരു ചട്ടത്തിന്റെ പേരിലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് ചെയ്യാൻ പാടുള്ളതല്ല. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി കമ്മിഷനിംഗ് അനുവദിക്കാനാണ് ഇനിയെങ്കിലും ഇതുപോലുള്ള അവസരങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കേണ്ടത്. പുതിയ സർക്കാർ വന്നതിന് ശേഷവും പ്രളയ മുന്നറിയിപ്പ് സംവിധാനം തുടങ്ങാൻ നടപടി ഉണ്ടായില്ല. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ഞങ്ങളുടെ ലേഖകൻ പി.എച്ച്. സനൽകുമാർ തയ്യാറാക്കിയ റിപ്പോർട്ട് പ്രളയ മുന്നറിയിപ്പ് വേണ്ടെന്നു വച്ചു എന്ന തലക്കെട്ടിൽ മുഖ്യവാർത്തയായി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മേഘവിസ്‌ഫോ‌ടനങ്ങളെ തിരിച്ചറിയാൻ സാധാരണ കാലാവസ്ഥാ സംവിധാനങ്ങൾക്ക് കഴിയില്ല. അതിനാലാണ് ഡോപ്ളർ വെതർ റഡാർ സംവിധാനം ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 2018 മുതൽ പ്രളയ ദുരന്തങ്ങൾ ആവർത്തിക്കുന്നതിനാൽ ഇത്തരം സംവിധാനം അനിവാര്യമാണ്.

റഡാറിൽ നിന്നുള്ള വൈദ്യുത കാന്തിക ശേഷിയുള്ള രശ്‌മികൾ മഴമേഘങ്ങളിലേക്ക് കടന്നുചെന്ന് സ്വാംശീകരിക്കുന്ന ഡേറ്റ കമ്പ്യൂട്ടർ സോഫ്‌റ്റ്‌‌വെയർ ഉപയോഗിച്ച് വിശകലനം ചെയ്‌താണ് മേഘവിസ്‌ഫോടനം പ്രവചിക്കുന്നത്.

എത്ര സമയത്തിനുള്ളിൽ വിസ്‌ഫോടനം സംഭവിക്കും, തീവ്രത എത്രയായിരിക്കും എന്നതൊക്കെ ഈ സംവിധാനത്തിന് മുൻകൂട്ടി അറിയിക്കാനാകും. പത്തു കോടി രൂപ ചെലവാക്കി ഇത്തരം ഒരു സംവിധാനം ഒരുക്കിയിട്ട് ഒന്നും ചെയ്യാതെ അത് മൂടിപ്പൊതിഞ്ഞു വച്ചിരിക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയുന്നതല്ല. എത്രയും വേഗം ഡോപ്ളർ റഡാർ കമ്മിഷൻ ചെയ്യാനുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY