SignIn
Kerala Kaumudi Online
Sunday, 26 April 2026 3.45 AM IST

സാർത്ഥകമായ സന്യാസ ജീവിതം

Increase Font Size Decrease Font Size Print Page
a

'അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നുസുഖത്തിനായ് വരേണം' ഗുരുദേവൻ ആത്മോപദേശശതകത്തിൽ കുറിച്ചിട്ട ഈ വരികൾ സ്വജീവിതത്തിൽ ഒരു മാത്രപോലും തെറ്റാതെ പകർത്തി ഇത്രയും സാർത്ഥകമായ സന്യാസജീവിതം നയിച്ച മറ്റൊരു സന്യാസിവര്യൻ സമകാലീന കേരളത്തിൽ മുനിനാരായണപ്രസാദല്ലാതെ മറ്റൊരാളില്ല.അതുകൊണ്ടുതന്നെ ആ മുനിയുടെ വിയോഗം അറിവിന്റെ ചക്രവാളത്തിൽ നമ്മൾ കണ്ടുകൊണ്ടിരുന്ന ഒരു നക്ഷത്രം പൊടുന്നനെ മറഞ്ഞുപോയ അനുഭവമാണ് പകർന്നിരിക്കുന്നത്. കാഷായവേഷധാരിയായ ആ ചെറിയ ആൾരൂപം ചെയ്ത പ്രവൃത്തികളെല്ലാം തന്റെ ആത്മസുഖത്തിന് ഉതകുന്നതുമാത്രമായിരുന്നു.

എന്നാൽ നിവർത്തനമാർഗത്തിൽ അധിഷ്ഠിതമായ ആ പ്രവ‌ൃത്തികളിലൊന്നിൽ പോലും സ്വാർത്ഥതയുടെ അംശം പുരളാത്തതിനാൽ അതെല്ലാം സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ഭവിച്ചു എന്നത് കാണാതിരിക്കാൻ ആർക്കാണ് കഴിയുക. ഗുരുദേവന്റെയും നടരാജഗുരുവിന്റെയും കൃതികൾക്കും ഭഗവത്ഗീതയ്ക്കും ഉപനിഷത്തുക്കൾക്കും മറ്റും അദ്ദേഹം രചിച്ച സ്വതന്ത്ര വ്യാഖ്യാനങ്ങൾ ആ പുണ്യജീവിതത്തിന്റെ നിത്യസ്മാരകമായി എന്നെന്നും സ്വയംപ്രകാശിച്ച് നിൽക്കാൻ പോന്നതാണ്. ആ അർത്ഥത്തിൽ അദ്ദേഹം നമ്മളെയും വരുംതലമുറകളെയും ഒരിക്കലും വിട്ടുപിരിഞ്ഞു പോകുന്നില്ല എന്നുതന്നെ കരുതാം. ആഴവും പരപ്പുമുള്ള അറിവിന്റെ സാഗരങ്ങൾ ഉള്ളിൽ വഹിക്കുമ്പോഴും അതിന്റെയൊന്നും ചെറുതിരയിളക്കം പോലും പുറത്തുകാട്ടാതെ തനി സാധാരണക്കാരനായാണ് അദ്ദേഹം പെരുമാറിയതും നമുക്കിടയിൽ ജീവിച്ചതും.

ജ്ഞാനത്തിന് പിറകെയല്ലാതെ സമ്പത്തുൾപ്പെടെ മറ്റൊന്നിന്റെയും പിറകെ ഒരിക്കൽ പോലും സ‌ഞ്ചരിക്കാത്തതാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്. നഗരൂർപോലുള്ള ഒരു നാട്ടുമ്പുറത്ത് ജനിച്ച് സർക്കാർ ഉദ്യോഗസ്ഥനായി പെൻഷൻ പറ്റി ആരോരുമറിയാതെ അവസാനിക്കേണ്ടതായിരുന്ന ആ ജീവിതത്തെ വഴിതിരിച്ച് വിട്ടത്, ഒന്നാമത് നാരായണഗുരുദേവന്റെ അനുഗ്രഹം തന്നെയാണ്. രണ്ടാമത് അതിന്റെ തുടർച്ചയായി നടരാജഗുരുവും നിത്യചെെതന്യയതിയും നൽകിയ ശ്രദ്ധയും കരുതലും. വളരെ കുട്ടിക്കാലത്തുതന്നെ നടരാജഗുരുവിനെ കാണാനുള്ള ഒരു സന്ദർഭം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. അതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

''ഞാനന്ന് കിളിമാനൂരിൽ ആർ.ആർ.വി സ്കൂളിൽ പഠിക്കുകയായിരുന്നു.സ്കൂൾ വാർഷികത്തിൽ സമ്മാനദാനം നിർവഹിക്കാനാണ് നടരാജഗുരു വന്നത്.മ്യൂസിക്കൽ ചെയർ മത്സരത്തിൽ ഒന്നാംസ്ഥാനം എനിക്കായിരുന്നു.സമ്മാനം കിട്ടിയ കുട്ടികളിൽ വച്ച് ഏറ്റവും ചെറുത് ഞാനായിരുന്നു. അതിനാൽ ഒരു പ്രത്യേക വാത്സല്യത്തോടെയാണ് നടരാജഗുരു ഹസ്തദാനം നൽകിയിട്ട് സമ്മാനം നൽകിയത്. അതായിരുന്നു ആദ്യ ഗുരുസ്പർശം. പിന്നീട് ഞാനായിട്ടൊന്നും ചെയ്യാതെ വിധി എന്നെ നടരാജഗുരുവിന്റെ വഴിയേ കൊണ്ടുപോയി എന്നു പറയാം''. ഗുരുദേവൻ എന്ന മഹാനദിയിൽ നിന്നുത്ഭവിച്ച ഒരു പോഷകനദിയാണ് ഗുരുകുലം. നടരാജഗുരുവിനും നിത്യചെെതന്യയതിക്കും ശേഷം വർഷങ്ങളോളം ഗുരുകുലത്തെ ശാന്തമായി നയിച്ചതിന് ശേഷമാണ് മുനി നാരായണപ്രസാദ് വിടവാങ്ങിയിരിക്കുന്നത്. പൂർണമായും നിവർത്തന മാർഗമാണ് ഗുരുകുലം തുടക്കം മുതൽ അവലംബിച്ചു വരുന്നത്. നിവർത്തനം എന്നാൽ പൂർണമായും കർമ്മപാശങ്ങളിൽ നിന്നും പിൻവലിഞ്ഞു നിന്നുള്ള പ്രവൃത്തി എന്നാണ് അർത്ഥം.

ആ പ്രവർത്തനത്തിന്റെ ശേഷിപ്പുകളോ മുദ്രകളോ ഒന്നും കാര്യമായി പുറമെ കാണാനുണ്ടാകില്ല.ഗുരുകുലം സ്കൂളുകളോ ആശുപത്രികളോ നടത്തുന്നില്ല. അതൊക്കെ നടത്താൻ ഇവിടെ എത്രയോ ആളുകളുണ്ടെന്നും ഗുരുകുലം നടത്തുന്ന കർമ്മം ചെയ്യാൻ വേറൊരാളുമില്ലെന്നാണ് മുനി നാരായണപ്രസാദ് ആവർത്തിച്ച് പറയുമായിരുന്നത്. ഗുരുകുലം പ്രസിദ്ധീകരിച്ച ഈടുറ്റ പുസ്തകങ്ങളെല്ലാം ഈ വഴിക്ക് കൂടുതൽ വെളിച്ചം നൽകാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ്. ഈ ആധുനിക കാലത്തെ ഏറ്റവും വലിയ വിപത്തായി മുനി നാരായണ പ്രസാദ് ചൂണ്ടിക്കാട്ടിയിട്ടുള്ളത് മതങ്ങൾ തമ്മിലുള്ള അകൽച്ചയാണ്. എത്ര സാഹോദര്യം പുറമെ പറഞ്ഞാലും താൻ വേറെ, തന്റെ മതം വേറെ എന്ന ചിന്ത ഇന്ന് അതിശക്തമാണ്. ഇങ്ങനെ മതത്തിന്റെ പേരിൽ മനുഷ്യനെ വിഘടിപ്പിച്ച് നിറുത്തുന്ന പ്രവണതയാണ് ഇൗ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുര്യോഗമെന്നും ഇത് മാറാൻ നാരായണഗുരു നിർദ്ദേശിച്ചിട്ടുള്ള മരുന്ന് എല്ലാവരും എല്ലാ മതങ്ങളും പഠിക്കുക എന്നതാണെന്നും അദ്ദേഹം പറയുമായിരുന്നു.

അതിന്റെ ഭാഗമായാണ് മുനി നാരായണപ്രസാദ് ബെെബിളിലെ സുവിശേഷങ്ങൾക്ക് വ്യാഖ്യാനം എഴുതിയത്. അതുപോലെ തന്നെ ഖുർ ആനിലെ ചില വിലപ്പെട്ട ഉപദേശങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. പക്ഷേ, ഇന്ന് ഹിന്ദു,ഇസ്ളാം,ക്രിസ്ത്യൻ മതങ്ങളിലെ സംഘടിത ശക്തികൾ മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങൾ പഠിക്കാൻ സമ്മതിക്കുന്നില്ല. അങ്ങനെ സ്വന്തം മതങ്ങൾ മാത്രം പഠിക്കുകയും അതോടൊപ്പം മറ്റു മതങ്ങളെ വെറുക്കാൻ കൂടി പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ വിപത്തായി അവസാനകാലത്തും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. ഇത്രയും സത്യസന്ധമായി സംസാരിക്കാനും അതിനെ ചെറുക്കാൻ തന്നാലാവുന്ന പ്രവൃത്തികൾ ചെയ്യാനുമാണ് അവസാനശ്വാസം വരെയും ആ ജീവിതം ഉഴിഞ്ഞുവച്ചിരുന്നത്.

ഗുരുകുലത്തിൽ വരുമ്പോൾ അദ്ദേഹത്തിന് ഇംഗ്ളീഷും സംസ്കൃതവും അറിയില്ലായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ട്. "ഗുരുകുലത്തിൽ വന്നതിന് ശേഷമാണ് ഞാൻ എല്ലാം പഠിച്ചത്.വായന എന്റെ ഒരു നിരന്തര ശീലമായതിനാലാണ് അത് സാദ്ധ്യമായത്. വെറുതെ വായനയല്ല.പല വിഷയങ്ങളും ആഴത്തിൽ പഠിച്ചുകൊണ്ട് വായിക്കുന്നതായിരുന്നു രീതി.എന്റെ ഒരു ദിവസത്തിലെ ഏറ്റവും കൂടുതൽ സമയം നീക്കിവയ്ക്കുന്നത് ഗുരുകുലം കാര്യങ്ങളുടെ ചുമതലയ്ക്കാണ്. എന്നാൽ ഇതിനിടയിൽ കിട്ടുന്ന അരമണിക്കൂർ വീതം ഇടവിട്ട് സംസ്കൃതം,ഇംഗ്ളീഷ്, ഉപനിഷത്ത് തുടങ്ങിയവ പഠിക്കാനായി മാറ്റിവയ്ക്കും.ആ സമയത്ത് ആരു വന്നാലും കാണില്ല.അങ്ങനെ കൃത്യമായി നിഷ്ഠയോടെ പഠിച്ചാണ് ഞാനിതെല്ലാം ഗ്രഹിച്ചത്''.

ശ്രീനാരായണ കൃതികൾക്കും ഉപനിഷത്തുകൾക്കുമുൾപ്പെടെ തൊണ്ണൂറോളം ആത്മീയഗ്രന്ഥങ്ങളുടെ വിവർത്തനവും വ്യാഖ്യാനവും അദ്ദേഹം നിർവഹിച്ചു.സൗന്ദര്യലഹരി എന്ന ഗ്രന്ഥത്തിന്റെ വിവർത്തനത്തിന് 2015ൽ കേരളസാഹിത്യ അക്കാഡമിയുടെയും 2018ൽ ആത്മകഥയ്ക്കുള്ള പുരസ്കാരം ആത്മായനം എന്ന കൃതിക്കും ലഭിച്ചു. 2024ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ദർശന മാത്രയിൽ തന്നെ ആകർഷണം തോന്നുന്ന രൂപഭാവങ്ങളായിരുന്നു നടരാജഗുരുവിനും നിത്യചെെതന്യയതിക്കും ഉണ്ടായിരുന്നത്. എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ കാന്തം പോലെ വലിച്ചടുപ്പിക്കുന്ന രൂപമേ ആയിരുന്നില്ല മുനി നാരായണപ്രസാദിന്റേത്. എന്നാൽ ഒരിക്കലെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്തവർക്ക് ഒരിക്കലും മറക്കാനാവാത്ത എന്തോ ഒന്ന് ആ മുനിവര്യനിൽ കുടികൊണ്ടിരുന്നു എന്നത് അനുഭവിക്കാനാവുമായിരുന്നു. അപരന്റെ സുഖത്തിനായി മാത്രം പ്രവർത്തിച്ച ഇതുപോലൊരാൾ ഇനി എന്നാവും ഇവിടേക്ക് വരിക?

TAGS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.