SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.20 AM IST

കൂടൽ പൊലീസിന്റെ പീഡനം

g
കൂടൽ കേസ് പൊലീസ് മർദ്ദന പരാതി

കൂടലിൽ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി നൽകിയ പീഡന പരാതിയുടെ പേരിൽ യുവാവിനോടും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളോടും പൊലീസ് പെരുമാറിയ രീതി ആധുനിക കാലത്തെ പൊലീസ് എങ്ങനെയാകരുത് എന്നതിന് ഒന്നാന്തരം തെളിവാണ്.

പോക്‌സോ വകുപ്പ് ചേർക്കാൻ ഒരവസരം കിട്ടിയാൽ മുൻപിൻ നോക്കാതെ കൂലിപ്പടയാളികളെപ്പോലെ ചാടിയിറങ്ങുന്ന യഥാർത്ഥ പൊലീസും 'സദാചാര പൊലീസും" തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി, തന്നെ കുറെപ്പേർ പീഡിപ്പിച്ചു എന്ന പരാതി നൽകിയാൽ അത് ഗൗരവത്തോടെ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ഗൗരവത്തോടെ കൈകാര്യം ചെയ്യുക എന്നതിന് വിഡ്ഢികളെപ്പോലെ എടുത്തുചാടുക എന്നല്ല അർത്ഥം. പരാതി വ്യാജമാണോ അല്ലയോ എന്ന് പ്രാഥമികമായി പോലും അന്വേഷിക്കാതെയും ശാസ്‌ത്രീയമായ മറ്റ് പരിശോധനകൾ നടത്തി വ്യാജമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യാതെ വെളുപ്പാൻകാലത്ത് വീട് വളഞ്ഞ് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ കാപ്പാ കേസിലെ പ്രതികളെ പിടിക്കുംപോലെ പിടിച്ച് സ്റ്റേഷനിൽ കൊണ്ടുവരികയാണ് ചെയ്തത്.

ഇരുപതു വയസുള്ള യുവാവിനെ പൊലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മുട്ടാളൻ പൊലീസുകാർ മർദ്ദനം തുടർന്നുവെന്നായിരുന്നു പരാതി. പൊലീസ് പിടികൂടിയ ഒരു വിദ്യാർത്ഥി ആത്മഹത്യയ്ക്ക് പിന്നീട് ശ്രമിച്ചതായും മാതാപിതാക്കൾ പറയുന്നു. കുറ്റം സമ്മതിച്ചില്ലെങ്കിൽ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി. സഹപാഠികൾ ഉൾപ്പെടെ 11 പേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു 13കാരിയായ പെൺകുട്ടി ചൈൽഡ് ലൈനിലൂടെ പൊലീസിന് മൊഴി നൽകിയത്. എന്നാൽ മജിസ്ട്രേട്ടിന് നൽകിയ മൊഴി ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും പറയപ്പെടുന്നു. എന്തായാലും പിന്നീട് വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ബോദ്ധ്യപ്പെട്ടതോടെയാണ് പ്രതികളായി പിടിച്ച കുട്ടികളെയും മറ്റും വിട്ടയച്ചത്.

കാള പെറ്റെന്ന് കേട്ടാലുടൻ കയറുമെടുത്ത് ഓടുന്നവരായി പൊലീസ് മാറരുത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്‌‌സോ കേസുകളിൽ 40 ശതമാനത്തിലേറെയും വ്യാജമാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ വിവിധ നിയമവിദഗ്ദ്ധരുടെ സമിതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹ മോചന കേസുകളിൽ മേൽക്കൈ നേടാൻ പോക്‌സോ ആരോപണം ഉൾപ്പെടുത്തുന്ന പ്രവണത വളരെ കൂടുതലാണെന്ന് സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും ചൂണ്ടിക്കാട്ടിയിരുന്നു. പരാതികളിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ, പ്രതികളെ പിടിക്കാൻ ജീപ്പുമെടുത്ത് ഇറങ്ങുന്ന പൊലീസ് ഈ കാലഘട്ടത്തിന് യോജിച്ചതല്ല. മാത്രമല്ല, പിടികൂടിയവരെ വിരട്ടിയും മർദ്ദിച്ചും പ്രാകൃതമായ രീതിയിൽ കുറ്റം സമ്മതിപ്പിക്കാനുള്ള മാർഗം അവലംബിക്കുകയും ചെയ്തിരിക്കുന്നു.

പ്രണയനൈരാശ്യമാണ് പെൺകുട്ടിയെക്കൊണ്ട് ഇങ്ങനെയൊരു വ്യാജ പരാതി നൽകുന്നതിനിടയാക്കിയതെന്നാണ് പുറത്തുവന്ന വാർത്തകൾ. ഇനി ശരിയായ പരാതി ആണെങ്കിൽ പോലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പിടികൂടുന്നതിന് ചില നടപടിക്രമമൊക്കെയുണ്ട്. അതൊന്നും കൂടൽ പൊലീസ് പാലിച്ചിട്ടില്ല. പരാതിക്ക് പിന്നാലെ പ്രതികളെ മുഴുവൻ പിടിച്ചു എന്ന് വരുത്താനുള്ള വ്യഗ്രതയിൽ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ വെറും കായികശേഷി മാത്രമുള്ള പൊലീസായി അവർ മാറി.

ഇത്തരം പരാതികൾ ലഭിച്ചാൽ, പൊലീസ് എന്തെല്ലാം കാര്യങ്ങളാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് ട്രെയിനിംഗ് നൽകിയില്ലെങ്കിൽ 'കൂടൽ പൊലീസിന്റെ പീഡനം" ഇനിയും ആവർത്തിക്കാതിരിക്കാൻ തരമില്ല. ഈ കേസിൽ ഉൾപ്പെട്ട, വീഴ്ചപറ്റിയ പൊലീസുകാരെ ശിക്ഷിക്കും മുമ്പ് ഇവർക്കൊക്കെ നേതൃത്വം നൽകുന്ന ജില്ലാ തലപ്പത്തുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടത്. പൊലീസിൽ എന്തെങ്കിലും സംഭവിച്ചാൽ താഴെക്കിടയിലുള്ളവർ ശിക്ഷിക്കപ്പെടുകയും മുകളിലുള്ളവർ രക്ഷിക്കപ്പെടുകയും ചെയ്യുന്ന കീഴ്‌വഴക്കമാണുള്ളത്. അതുകൊണ്ടാണ് പൊലീസ് കാലത്തിനനുസരിച്ച് മാറാത്തതും.

English Summary

Complaint against police from kudal

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY