SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

വിദഗ്ധ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും

a

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെ സജീവമായ സാന്നിദ്ധ്യം ഉണ്ടെങ്കിലും പാവപ്പെട്ടവരും,സാധാരണക്കാരിൽ ഭൂരിഭാഗംപേരും പൊതുവെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജില്ലാ ജനറൽ ആശുപത്രികളും മെഡിക്കൽ കോളേജുകളുമൊക്കെ വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും,ജില്ലാ ജനറൽ ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ മുൻകൈയ്യെടുത്ത് ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്.ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറയുകയുണ്ടായി.പദ്ധതിയുടെ തുടക്കം സെപ്റ്റംബർ ഒന്നിന് പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ ആരംഭിക്കും.ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മെഡിസിൻ,സർജറി,ഓർത്തോ,പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്.ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാകും. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികൾ രാത്രികാലങ്ങളിലും കാര്യക്ഷമമായാൽ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാൻ കഴിയും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും ശക്തിപ്പെടുത്തിയാൽ മാത്രമെ റഫറൽ ആശുപത്രിയായി മെഡിക്കൽ കോളേജുകളെ നിലനിർത്താൻ കഴിയുകയുള്ളു. നിർഭാഗ്യവശാൽ മെഡിക്കൽ കോളേജുകളിൽ പ്രധാന ഓ.പികളിലൊക്കെ അഞ്ഞൂറും അറുനൂറും പേർ വരെ പ്രതിദിനം എത്തുന്നുണ്ട്. ഇവരെ സമയമെടുത്ത് പരിശോധിക്കാൻ ആവശ്യമായ സമയം ഡോക്ടർമാർക്ക് ലഭിക്കാറില്ലെന്നതാണ് സത്യം. പെരിഫറൽ ആശുപത്രികൾ സജീവമായാൽ ഈ പ്രശ്നം ഏറെക്കുറെ പരിഹരിക്കാൻ കഴിയും. ഏതൊരു പദ്ധതിയും നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ എന്തെങ്കിലുമൊക്കെ പരാതികളും എതിർപ്പുകളും സ്വാഭാവികമായും ഉയരും.സ്പെഷ്യാലിറ്റി സേവനം നടപ്പിലാക്കുന്നതിനോട് തത്വത്തിൽ യോജിക്കുമ്പോഴും കെ.ജി.എം.ഒ.എ ചില വിയോജിപ്പുകളും പ്രകടിപ്പിച്ചിട്ടുണ്ട്. പൂർണമായും എല്ലാം പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുക എളുപ്പമല്ല.അതുകൊണ്ട് പദ്ധതിയോട് സഹകരിക്കാൻ തയ്യാറാവുകയാണ് കെ.ജി.എം.ഒ.എ ചെയ്യേണ്ടത്. അതേസമയം അവർ ഉന്നയിച്ച ചില ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ആരോഗ്യ വകുപ്പും തയാറാവണം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് അതിൽ ഏറ്റവും പ്രധാനമായ വിഷയം.ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ 800 ഒഴിവുകൾ നികത്താനുണ്ട് അതിൽ സ്പെഷ്യാലിറ്റി കേഡറിൽ മാത്രം 300 ഒഴിവുകൾ വരും.ജില്ലാ ജനറൽ ആശുപത്രികളിലെ സ്പെഷ്യാലിറ്റികളിൽ പലതിലും മൂന്നോ നാലോ വിദഗ്ധ ഡോക്ടർമാരെയുള്ളു. കാഷ്വാലിറ്റി ഡോക്ടർമാരും വേണ്ടത്രയില്ല.രോഗികളുടെ തിരക്കിനാകട്ടെ ഒട്ടും കുറവുമില്ല.രാത്രി മുഴുവൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അടിയന്തര ഡ്യൂട്ടിനോക്കിയാൽ പകൽ ഒ.പി, ഐ.പി, തിയറ്റർ ജോലികൾ അവരെങ്ങനെ ചെയ്യുമെന്നാണ് കെ.ജി.എം.ഒ.എ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഷിഫ്റ്റുകൾ ക്രമീകരിച്ച് ഡ്യൂട്ടി മാനേജ് ചെയ്യണം.അതുപോലെ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കാൻ പുതിയ സ്പെഷ്യാലിറ്റി കേഡർ തസ്തികകൾ സൃഷ്ടിക്കണം.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് പി.എസ്.സി വഴി ഡോക്ടർമാരെ നിയമിക്കുകയും വേണം. സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്ന കാര്യത്തിലും സർക്കാർ ഉദാരമായ സമീപനം സ്വീകരിക്കണം.സ്വകാര്യ ആശുപത്രികൾ അത്യാകർഷകമായ സേവന വേതന വ്യവസ്ഥകളുമായി പ്രലോഭനം സൃഷ്ടിക്കുമ്പോൾ സർക്കാർ മേഖലയിൽ സമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരെ അവിടെ പിടിച്ചു നിർത്തുകയെന്ന ഉത്തരവാദിത്വം സർക്കാരിന്റെ ചുമതലയാണ്. പ്രഗത്ഭനായ മന്ത്രിയാണ് കെ.മുരളീധരൻ. സർക്കാർ ആശുപത്രികളിൽ നിന്ന് മികച്ച ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കനുള്ള ഇച്ഛാശക്തി അദ്ദേഹം പ്രകടമാക്കുമെന്നതിൽ ആർക്കും സംശയം വേണ്ട.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION