SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

ദേവസ്വം അദ്ധ്യക്ഷ സ്ഥാനവും ദളിത് വിഭാഗങ്ങളും

READ ENGLISH VERSION
a

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വെളിച്ചം കേരളത്തിലെ പിന്നാക്ക - ദളിത് സമുദായങ്ങൾക്കു ലഭിച്ചിട്ട് ഒമ്പതു ദശാബ്ദങ്ങളാകുന്നതേയുള്ളു. അതുവരെ ക്ഷേത്രഗോപുര വാതിലുകൾ അവർക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ടിരുന്നു. വിശ്വാസിയാണെങ്കിലും ക്ഷേത്രാരാധന വിലക്കപ്പെട്ടിരുന്നു. വിദ്യാലയ പ്രവേശനത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ഉജ്ജ്വലവും വ്യത്യസ്തവുമായ സമരമുഖങ്ങളും സന്ദേശങ്ങളും ക്ഷേത്രപ്രവേശനത്തിനനുകൂലമായ സാഹചര്യമൊരുക്കി. കേരളകൗമുദിയുടെ ആവേശഭരിതമായ മുഖപ്രസംഗങ്ങളും മന്നത്തു പത്മനാഭന്റെ നേതൃത്വത്തിലുള്ള സവർണജാഥയും അതിനു വേഗതകൂട്ടി. അങ്ങനെയാണ് 1936-ൽ തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരമുണ്ടാകുന്നത്. ഇതേത്തുടർന്ന് വിശ്വാസികളായ എല്ലാ ഹിന്ദുക്കൾക്കും ജാതിഭേദമെന്യേ ക്ഷേത്രാരാധനയ്ക്കുള്ള സ്വാതന്ത്ര്യ‌ം കൈവന്നു.

കോടാനുകോടി ജീവജാലങ്ങളും ഈശ്വര സൃഷ്ടിയാണെന്ന് നമ്മുടെ പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു. വേദോപനിഷത്തുകളുടെ സാരവും അതുതന്നെ. പിന്നീട് വന്ന ഹൃദയവിശാലതയും സമഭാവനയും ഇല്ലാത്ത അല്പജ്ഞാനികൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ചില കൂട്ടിച്ചേർക്കലുകളും വ്യാഖ്യാനങ്ങളും നടത്തി. അതൊക്കെ ദൈവകല്പിതമെന്ന് വരെ തട്ടിവിട്ടു. വേദോപനിഷത്തുകളുടെ പൊരുൾ അറിയാത്തവർ അത് പ്രചരിപ്പിച്ചു. ശരിയേത് തെറ്റേത് ഇരുളേതു പൊരുളേത് എന്ന് നിശ്ചയമില്ലാത്തവർ അത്തരം അബദ്ധ ധാരണകളെ കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്യുന്നു. ജനാധിപത്യവും നിയമബോധവും ശക്തമായ ഇക്കാലത്തും തങ്ങളുടെ ചുരുങ്ങിയ അധികാര പരിധിയിൽ നിന്നുകൊണ്ട് മാമൂലുകളെ പ്രണയിക്കുന്നവരുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യം പോലുള്ള ചില ക്ഷേത്രങ്ങളിൽ ഇപ്പോഴും രഹസ്യമായ അയിത്തവും അനാചാരങ്ങളും നിലനിൽക്കുന്നു. ലോകം മാറിയതോ കാലം മാറിയതോ അറിയാത്ത ഇക്കൂട്ടരുടെ ശുഷ്‌കമായ ഹൃദയത്തെയും ചിന്തകളെയും കുറിച്ചു സഹതപിക്കാനേ പറ്റൂ.
ദേവസ്വം അദ്ധ്യക്ഷസ്ഥാനം ദളിത് വിഭാഗങ്ങൾക്കും നൽകണമെന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ആവശ്യം തികച്ചും ന്യായവും നീതിയുക്തവുമാണ്. തിരുവനന്തപുരത്തു വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ നടന്ന മഹാത്മ അയ്യങ്കാളി ജയന്തി വേദിയിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേവസ്വം മന്ത്രി കെ. മുരളീധരന്റെ സാന്നിദ്ധ്യത്തിലായിരുന്നു അത്. കൊടിക്കുന്നിലിന്റെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി മുരളീധരനും പറഞ്ഞു.

എല്ലാ കാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ അദ്ധ്യക്ഷസ്ഥാനത്തേക്ക് ദളിത് പ്രാതിനിദ്ധ്യമെന്ന ആവശ്യം ഉയരാറുണ്ട്. പിന്നാക്ക സംഘടനകളും അർഹമായ പ്രാതിനിദ്ധ്യം ഉന്നയിക്കാറുണ്ട്. പക്ഷെ അതൊന്നും പൂവണിയാറില്ല. രാഷ്ട്രീയ പാർട്ടികളും അതിന്റെ നേതാക്കളും ഇതു കേട്ടില്ലെന്ന് നടിക്കും. തിരഞ്ഞെടുപ്പ് കാലത്തു മാത്രമേ പലരും പിന്നാക്ക ദളിത് വിഭാഗങ്ങളുടെ സംഖ്യയും വോട്ടും ചിന്തിക്കാറുള്ളു. അതൊക്കെ വാഗ്ദാനങ്ങളായി പ്രകടനപത്രികയിൽ കാണും. ക്രമേണ അധികാരലഹരി തലയ്ക്കു പിടിക്കുന്നതോടെ അതൊക്കെ വിസ്മരിക്കുകയും ചെയ്യും.

പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പുരോഗതിക്ക് എല്ലാ കാലത്തും തടസവാദങ്ങൾ ഉന്നയിച്ചവരുണ്ട്. അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ തലപ്പത്തും നീതിപീഠങ്ങളിലും എത്രയോ കഴിവുള്ളവർ
തിളങ്ങിനിൽക്കുന്നു. കാലത്തിന്റെ പടിപടിയായുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരാണ് പുരോഗമന ചിന്താഗതിയുള്ളവർ. അവർ കാലത്തിന് മുന്നേ സഞ്ചരിക്കാനും ഇഷ്ടപ്പെടുന്നു.

മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി കെ. മുരളീധരനും ജനഹിതം മനസിലാക്കി നീങ്ങുന്നതിനാൽ കൊടിക്കുന്നിലിന്റെ ആവശ്യം തീർച്ചയായും പരിഗണിക്കപ്പെടും.

കേരളത്തിൽ അഞ്ചു ദേവസ്വം ബോർഡുകളുണ്ട്. അതിലൊന്നിലെങ്കിലും ഒരു ടേം അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് നൽകുന്നത് സാമൂഹ്യനീതിയുടെ ഭാഗമാണ്. നിലവിൽ നാലു ദേവസ്വം ബോർഡുകളുടെ പ്രസിഡന്റുമാർക്ക് ഒരു വർഷത്തോളവും കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റിന് എട്ടു മാസവും കാലാവധി ബാക്കിയുണ്ട്. കൊടിക്കുന്നിലിന്റെ ഈ ആവശ്യം യു.ഡി.എഫ് മന്ത്രിസഭ തീർച്ചയായും പരിഗണിക്കുമെന്ന് വിശ്വസിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION