SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

ജ്ഞാനസമ്പൂർണം രാമായണം

karkadakam

മനുഷ്യജീവിതത്തിന്റെ സ്ഥായിയായ സമസ്യകളെ ബഹുജനഹിതത്തിനും ബഹുജനസുഖത്തിനും വേണ്ടി അഭിസംബോധന ചെയ്യുന്ന 'രാമായണം' കാലാതിവർത്തിയായ പ്രസക്തിയെയാണ് കാണിക്കുന്നത് . തനിക്ക് തന്നിലേക്കു നോക്കുവാനുള്ള കണ്ണാടിയാണ് രാമായണം. ദീനഭക്തിയുടെ സഹാനുഭൂതി, ഗുരുഭക്തിയുടെ മഹാനുഭൂതി, പിതൃഭക്തിയുടെ ഉത്കൃഷ്ടധന്യത, മാതൃഭക്തിയുടെ അനുസരണാപൂർവവും അനുകരണീയവുമായ ഉത്തമമാതൃക, സഹോദരസ്നേഹത്തിന്റെ അത്യനിർവചനീയത,​ സഹജീവികളോടുള്ള സഖാത്വം ഇതെല്ലാം രാമായണത്തിലെ അതിബൃഹത്തായ ചിത്രങ്ങളാണ് . സത്യത്തിനുവേണ്ടിയുള്ള,​ ധർമ്മത്തിന്റെ സംസ്ഥാപനത്തിനുവേണ്ടിയുള്ള ശ്രീരാമന്റെ പരിക്രമണവും സഹനത്തിനുവേണ്ടിയുള്ള വിശുദ്ധിതുളുമ്പുന്ന ജീവിതമഹിമയും, ആത്മസാക്ഷാത്കാരത്തിനുവേണ്ടിയുള്ള സീതാദേവിയുടെ അയനവും കൂടിച്ചേർന്ന 'രാമകഥ' വർത്തമാനകാലഘട്ടത്തിലെ വഞ്ചനകൾക്കും, മിഥ്യാഭിമാനങ്ങൾക്കും വിശ്വാസരാഹിത്യങ്ങൾക്കും സാമൂഹികാവസ്ഥകൾക്കും മുന്നിൽ ഉത്തമവും പ്രബുദ്ധവുമായ ഒരു പുനർചിന്തനത്തിനുള്ള മഹാഔഷധിയാണ്. അജ്ഞാനമാകുന്ന തിമിരാന്ധതയെ മായ്ച് പ്രജ്ഞാനംപകരുന്ന രാമകഥാവാഹിനി സത്യധർമ്മ ഹൃദയസംശുദ്ധിയുടെ കാലാതിവർത്തിയായ അന്വേഷണപരമായ പ്രയാണമാണ്. അവിടെയാണ് രാമായണത്തിന്റെ പ്രസക്തി; രാമായണമാസത്തിന്റെയും. അച്ചടക്കത്തോടെ സാമാന്യ ധർമ്മരീതികളെ പിന്തുടർന്നുപോന്നാൽ പടിപടിയായി ഉയർന്ന് ഒടുവിൽ ആത്മീയമായ ഔന്നത്യം ലഭിക്കുന്നു. അപ്പോൾ ജഗദ്‌കാരണനായ ഈശ്വരന്റെ പ്രഭാവമല്ലാതെ മറ്റൊന്നും മികച്ചതായി തോന്നുകയില്ല. മനുഷ്യന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ നിലനിൽപ്പിനുവേണ്ടുന്ന സ്വാസ്ഥ്യങ്ങളെയുമെല്ലാം സൂക്ഷ്മമായി പ്രതിപാദിക്കുകയും അതിലുപരി നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യുന്ന 'രാമായണം' ഞാനെന്ന ഭാവത്തെ ഇല്ലായ്മചെയ്യുംവിധം ജ്ഞാനസമ്പൂർണമാണ്. വർഷങ്ങൾക്കുമുൻപേതന്നെ മലയാളത്തറവാടുകളിൽ രാമായണം പാരായണംചെയ്യുക പതിവായിരുന്നു. അദ്ധ്യാത്മരാമായണം വീടുകളിൽ പാരായണംചെയ്തുവന്നിരുന്നത് ക്ഷേത്രാചാരാനുബന്ധമായ ചടങ്ങുപോലെയായിരുന്നു. ഇന്ന് സമയബന്ധിതമല്ലാതെ തന്നെ രാമായണപാരായണ സന്ധ്യകളും പ്രഭാതങ്ങളും നമുക്കു കാണാം. ജീവിത വിശുദ്ധിക്കുവേണ്ടിയുള്ള ആത്മപരിശോധനാപരമായ ഒരു ധന്യമുഹൂർത്തമായി ഈ വേളയെ നമുക്ക് സ്വീകരിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY