SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.45 AM IST

സർക്കാരിന്റെ നൂറ് ദിനങ്ങൾ

1

ഒരു സർക്കാരിന്റെ ആദ്യ നൂറ് ദിനങ്ങൾ ഒരു വിലയിരുത്തലിന് മതിയായ കാലയളവല്ലെങ്കിലും തുടക്കം നന്നായാൽ പകുതി ജോലി പൂർത്തിയാകും എന്ന പറച്ചിലിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ പ്രതീക്ഷയുടെ കിരണങ്ങളാണ് തെളിഞ്ഞു വരുന്നത്. പുതുയുഗ പ്രതീക്ഷ വാഗ്ദാനം ചെയ്‌തുകൊണ്ട് നൂറിലധികം സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയിരിക്കുന്നു. മേയ് 18ന് പ്രയാണം തുടങ്ങിയ സർക്കാർ മൂന്നു മാസം പിന്നിടുമ്പോൾ പത്തു വർഷത്തെ ഇടതു സർക്കാരിന്റെ ഭാരങ്ങളും നേട്ടങ്ങളും അവർക്ക് ഒരുപോലെ ബാദ്ധ്യതയും മുന്നോട്ടുള്ള കുതിപ്പിന്റെ അടിത്തറയുമാകുന്നു. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് വരുമാന ഭേദമില്ലാതെ ഏർപ്പെടുത്തിയ പ്രിയദർശിനി സൗജന്യ യാത്രയാണ് ഏറ്റവും വലിയ കാൽവയ്പ്പ്. നമ്മുടെ സർക്കാർ എന്ന ബോദ്ധ്യം ജനമനസുകളിൽ അരക്കിട്ടുറപ്പിക്കുന്നത് ഇത്തരം ജനപ്രിയ നടപടികൾ തന്നെയാണ്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറി മാറി വന്ന സർക്കാരുകൾ നിരവധി ജനപ്രിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ ഇതിന്റെ യഥാർത്ഥ ഗുണം ഉദ്യോഗസ്ഥരും ഇടനിലക്കാരുമാണ് കൈക്കലാക്കിയത് എന്നത് നിരവധി പഠനങ്ങൾ സംശയലേശമെന്യെ തെളിയിച്ചിട്ടുള്ളതാണ്. ഓരോ പദ്ധതിക്കും സർക്കാർ വയ്ക്കുന്ന നിബന്ധനകളാണ് പിന്നീട് കൈക്കൂലിക്കും ആ പദ്ധതിയുടെ അടിവാരം തോണ്ടുന്നതിനും ഇടയാക്കിയിട്ടുള്ളത്. സ്വാധീനമുള്ളവർക്ക് എന്തും നടക്കും ഇല്ലാത്തവന് നടന്നാൽ നടന്നു എന്ന തോന്നൽ ജനങ്ങളിൽ നിന്നുമാറാൻ മറ്റ് യാതൊരു മാനദണ്ഡവും ഏർപ്പെടുത്താതെ സൗജന്യ പ്രിയദർശിനി സർവീസ് ഏർപ്പെടുത്തിയതിലൂടെ സർക്കാരിന് കഴിഞ്ഞു.

മറ്റൊരു വലിയ നേട്ടം ഓപ്പറേഷൻ തൂഫാനിലൂടെ മയക്കുമരുന്ന് വ്യാപനം തടയാനുള്ള പോരാട്ടമാണ്. ഈ ചെറിയ കാലയളവിനുള്ളിൽ ഏതാണ്ട് പതിനായിരത്തിലേറെ പേരാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റിലായിട്ടുള്ളത്. സർക്കാരിന്റെ തൊപ്പിയിൽ ഒരു പൊൻതൂവലായി മാറിയ ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പൊലീസ് സേനാംഗങ്ങളും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ഈജിപ്ഷ്യൻ തൊഴുത്തുപോലെ അലങ്കോലമായി കിടന്നിരുന്ന ആരോഗ്യം, ദേവസ്വം വകുപ്പുകളാണ് മന്ത്രി കെ. മുരളീധരന് ലഭിച്ചതെങ്കിലും മന്ത്രിയുടെ നടപടികൾ സിസ്റ്റം വൃത്തിയായി വരുന്നു എന്ന വ്യക്തമായ സൂചനകൾ നൽകുന്നതാണ്. വയോജന വകുപ്പിന്റെ പ്രഖ്യാപനം കൈയടി നേടിയെങ്കിലും അതിന്റെ ചുമതലയുള്ള മന്ത്രിയെ നിശ്ചയിക്കാത്തത് ഒരു പോരായ്മയായി നിൽക്കുന്നു.

ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതും 'രക്ഷാപ്രവർത്തന'ത്തിന് ഉത്തരവാദികളായ പൊലീസുകാരെയും അവരെ രക്ഷിക്കാൻ ശ്രമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും പുറത്തു നിറുത്താൻ കഴിഞ്ഞതും സർക്കാരിന്റെ രാഷ്ട്രീയ മുഖം കൂടുതൽ നിഷ്കളങ്കമുള്ളതായി മാറ്റാൻ ഇടയാക്കി. വിഴിഞ്ഞത്ത് നിന്ന് കയറ്റുമതി തുടങ്ങിയതും മിഷൻ സമുദ്ര പദ്ധതിക്ക് തുടക്കമിട്ടതും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും നൂറുദിനം പിന്നിടുമ്പോഴുള്ള ഏറ്റവും വലിയ നേട്ടങ്ങൾ തന്നെയാണ്. ഭരണകർത്താവെന്ന നിലയിൽ മുൻപരിചയം ഇല്ലെങ്കിലും അതിന്റെയൊന്നും ഒരു കുറവുമില്ലാതെ ഉൗർജ്ജസ്വലവും കാര്യപ്രാപ്തിയും പ്രകടിപ്പിക്കുന്ന നേതൃത്വമാണ് മുഖ്യമന്ത്രി എന്ന നിലയിൽ വി.ഡി. സതീശനിൽ നിന്ന് ഉണ്ടാകുന്നത്.

അക്കാഡമികൾക്കും ക്ഷേമ കോർപ്പറേഷനുകൾക്കുമൊക്കെ ഇനിയും അമരക്കാരെ നിശ്ചയിക്കാനാകാത്തത് പോരായ്മ തന്നെയാണ്. പുതിയ മന്ത്രിമാർ ഓരോരുത്തരും അവരുടേതായ നിലയിൽ ജനക്ഷേമകരമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. സർക്കാർ ഇടപെടലിലൂടെ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനും സപ്ളൈകോയിലൂടെയും റേഷൻ കടകളിലൂടെയും അവശ്യസാധനങ്ങൾ വിതരണം ചെയ്യാനായതും ധനപ്രതിസന്ധിക്കിടയിലും സാമൂഹിക ക്ഷേമ നടപടികൾ തടസപ്പെട്ടില്ല എന്നതും ചെറിയ കാര്യങ്ങളല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY