SignIn
Kerala Kaumudi Online
Tuesday, 25 August 2026 3.49 AM IST

ജനഹിതമറിഞ്ഞ് വി.ഡി സർക്കാർ: പത്തരമാറ്റിൽ നൂറാം ദിനം

READ ENGLISH VERSION
vds

തിരുവനന്തപുരം: വാനോളം പ്രതീക്ഷ നൽകിയില്ല. പക്ഷേ, പറഞ്ഞ പ്രധാന വാഗ്ദാനങ്ങളെല്ലാം നിറവേറ്റിത്തുടങ്ങി. വി.ഡി സർക്കാർ അധികാരത്തിലേറിയതിന്റെ നൂറാം ദിനം ഇന്ന് തികയുമ്പോൾ ഭരണം നയിക്കുന്നവർക്കും യു.ഡി.എഫിനും അതിൽ അഭിമാനിക്കാം.

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഉൾപ്പെടെ ചില പോരായ്മകളൊക്കെയുണ്ട്. അവ പരിഹരിക്കപ്പെടേണ്ടതുമാണ്. അപ്പോഴും ഒരു കാര്യം ഉറപ്പിക്കാം. മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാക്കുകൾക്ക് ദൃഢതയുണ്ട്. വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും. അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കഴിയുന്നുണ്ട്. കേട്ടപ്പോൾ പലരും മൂക്കത്ത് വിരൽ വച്ച പ്രിയർദർശനി പദ്ധതി പ്രഖ്യാപനത്തിലായിരുന്നു തുടക്കം. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി കെ.എസ്.ആർ.ടി.സിയെ കുത്തുപാള എടുപ്പിക്കുമെന്നൊക്കെ പലരും പറഞ്ഞു. എന്നാൽ, അതിന്റെ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാനുള്ള ചങ്കുറപ്പ് സർക്കാർ കാട്ടി. സ്ത്രീകൾ ബസുകളിൽ തിങ്ങിക്കയറി. യു.ഡി.എഫിന് രാഷ്ട്രീയ മേൽക്കൈ നൽകുന്ന പദ്ധതിയായി പ്രിയദർശിനി മാറി.

സെക്രട്ടേറിയറ്റിനു മുന്നിൽ 266 ദിവസം കണ്ണീർ പൊഴിച്ച് രാപ്പകൽ സമരം നടത്തിയ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാൻ കൈക്കൊണ്ട തീരുമാനമാണ് കൈയടി നേടിയ മറ്റൊരു നടപടി. അങ്കണവാടി ജീവനക്കാരുടെ ആവലാതിയും അറിഞ്ഞു പരിഗണിച്ചു. സർക്കാരിന്റെ സാമ്പത്തിക പരാധീനതയുടെ നേർചിത്രം കാട്ടാൻ ധവളപത്രം ഇറക്കിയെങ്കിലും ക്ഷേമപെൻഷൻ വിതരണത്തിൽ തടസമുണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചു.

ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പദ്ധതി, യു.ഡി.എഫ് സർക്കാരിന് പത്തരമാറ്റ് തിളക്കമുണ്ടാക്കാൻ കഴിഞ്ഞ മറ്റൊരു സുപ്രധാന നടപടിയായി. 9280 കേസുകളിലായി 10015 പേരെയാണ് അറസ്റ്ര് ചെയ്ത് അകത്താക്കിയത്. സർക്കാർ ആർജ്ജവം കാട്ടിയാൽ ലഹരിമാഫിയയെ ഒതുക്കാമെന്ന് തെളിയിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

വിലക്കയറ്റത്തിന് തട

സാധാരണക്കാരെ എപ്പോഴും വീർപ്പുമുട്ടിക്കുന്നതാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. എന്നാൽ, ഈ ഓണക്കാലത്തെ വിപണി ഇടപെടൽ അസാധാരണ മെയ് വഴക്കത്തോടെയായിരുന്നു. സാധനങ്ങൾക്ക് ഒരു പഞ്ഞവുമില്ല, ഒന്നിന്റെ വിലയ്ക്കും തീ പിടിച്ചുമില്ല. ഏവർക്കും സുഭിക്ഷം. പൊതുവിതരണമേഖല വളരെ സജീവമായതാണ് വിലക്കയറ്റത്തിന് വിലങ്ങായത്. ഈ മെയ്‌വഴക്കം നിലനിറുത്താനാകുമോ എന്നതാണ് പ്രധാനം.

നാഥനില്ലാതെ ഇന്ദിരാഭവൻ

നൂറ് ദിവസങ്ങൾ പൂർത്തിയാവുമ്പോഴും പല മന്ത്രിമാരുടെയും ഓഫീസ് പ്രവർത്തനം പൂർണ്ണതോതിലല്ല. പേഴ്സണൽ സ്റ്റാഫ് നിയമനം ഇനിയും പൂർത്തിയായിട്ടില്ല. കോർപ്പറേഷൻ, ബോർഡ് വിഭജനം പൂർത്തിയാവാത്തതിൽ മിക്ക ഘടകകക്ഷികളും മുറുമുറുപ്പിലാണ്. കിട്ടേണ്ട അവസരങ്ങൾ എന്തിന് വൈകിപ്പിക്കുന്ന എന്നാണ് അവരുടെ ചോദ്യം. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേർന്ന് ഭരണപരമായ ഏകോപനത്തിന് വഴിയൊരുക്കണമെന്ന തീരുമാനം നടപ്പായില്ല.

യു.ഡി.എഫിന്റെ നട്ടെല്ലായി നിൽക്കേണ്ട സംസ്ഥാന കോൺഗ്രസിന് പുതിയ നായകനെ കണ്ടെത്താനും ശുഷ്കാന്തിയില്ല. ഇന്ദിരാഭവൻ നാഥനില്ലാത്ത അവസ്ഥയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA