
മനസിനെ നിയന്ത്രിക്കാനും നിശ്ചലമാക്കാനും നമുക്ക് കഴിയണം. അതിനാണ് നാം ധ്യാനം ശീലിക്കുന്നത്.
നിശ്ചലമായ മനസിൽ എല്ലാം തെളിയും. മനോഹരമായ ഒരു ചിത്രം വരയ്ക്കാനും, ഹൃദയസ്പർശിയായ കവിത എഴുതാനും പ്രപഞ്ചത്തിന്റെ നിഗൂഢതകൾ കണ്ടുപിടിക്കാനും ഒരുവനെ പ്രാപ്തനാക്കുന്നത് മനസിന്റെ നിശ്ചലതയാണ് .
''മക്കളേ, ചിന്താപ്രവാഹമാണ് മനസ്. ചിന്തകളില്ലാത്ത ഒരു നിമിഷം പോലുമില്ല. ചിന്തകൾ ചിലപ്പോൾ അതിവേഗത്തിലും മറ്റു ചിലപ്പോൾ പതുക്കെയുമാകും എന്ന വ്യത്യാസമേയുള്ളൂ. കഴിഞ്ഞുപോയ കാര്യങ്ങളിൽ സങ്കടപ്പെടാനും ഭാവിയെക്കുറിച്ച് ഓർത്ത് ഉത്കണ്ഠപ്പെടാനുമാണ് മനസിന് തിടുക്കം. ശരീരത്തിന് ഭക്ഷണവും ഉറക്കവും എത്രത്തോളം അനിവാര്യമാണോ, അത്രത്തോളം മനസിന് നിശ്ചലത ആവശ്യമാണ്. അനാരോഗ്യകരമായ ഭക്ഷണം ശരീരത്തെ രോഗഗ്രസ്തമാക്കും.അതുപോലെ,മോശം ചിന്തകൾ മനസിനെ ദുർബലമാക്കും. പകരം, നിശ്ചലതയിലൂടെ അതിനെ കരുത്തുറ്റതാക്കണം.
ഒരിക്കലൊരു മദ്ധ്യവയസ്‌കൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്തിരുന്ന യുവാവ് ചോദിച്ചു, ''സമയം എത്രയായി?''. അയാൾ പറഞ്ഞു, ''മിണ്ടപ്പോകരുത്''. ഇതുകണ്ട മറ്റൊരു യാത്രക്കാരൻ ചോദിച്ചു, ''അയാൾ സമയം ചോദിക്കുക മാത്രമല്ലേ ചെയ്തുള്ളൂ? ഇത്ര ചെറിയ കാര്യത്തിന് എന്തിനാണ് ദേഷ്യപ്പെടുന്നത്?''. അയാൾ മറുപടി പറഞ്ഞു, ''അതെ, അവൻ സമയം മാത്രമേ ചോദിച്ചുള്ളൂ. എന്നാൽ സമയം പറഞ്ഞാൽ അവൻ കാലാവസ്ഥയെക്കുറിച്ചും പിന്നെ പത്രവാർത്തകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കും. തുടർന്ന് ഞങ്ങൾ കുടുംബകാര്യങ്ങൾ സംസാരിക്കും.
അങ്ങനെ തമ്മിൽ പരിചയത്തിലായാൽ, ട്രെയിൻ ഇറങ്ങിയ ശേഷം ഞാൻ അവനെ എന്റെ വീട്ടലേയ്ക്ക് ക്ഷണച്ചേക്കാം. അവൻ അവിടെ രാത്രി താമസച്ചേക്കാം. എനിക്ക് സുന്ദരിയായ ഒരു മകളുണ്ട്, അവൾക്ക് ചിലപ്പോൾ അവനോട് പ്രണയം തോന്നിയേക്കാം. അല്ലെങ്കിൽ അവന് അവളോട് പ്രണയം തോന്നാം. സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാൾ എന്റെ മകളെ വിവാഹം കഴിക്കാൻ ഞാൻ അനുവദിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?''
ഒരാൾ സമയം ചോദിച്ചാൽ, നമുക്ക് ഒന്നുകിൽ സമയം പറയാം, അല്ലെങ്കിൽ മിണ്ടാതിരിക്കാം. ഈ മനുഷ്യൻ ഭാവിയെക്കുറിച്ച് ഇത്രയധികം സങ്കൽപ്പിച്ച് കൂട്ടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? അയാളുടെ മനസിലെ അനാവശ്യ സംഘർഷത്താൽ കൂടെയുള്ളവരുടെ സമാധാനവും നഷ്ടപ്പെട്ടു.
നാം നടന്നുകൊണ്ടിരിക്കുമ്പോൾ 'നിൽക്കൂ' എന്ന് മനസ് പറഞ്ഞാൽ, നമ്മുടെ കാലുകൾ ഉടൻ തന്നെ നിൽക്കും. കയ്യടിച്ചുകൊണ്ടിരിക്കുമ്പോൾ 'നിൽക്കൂ' എന്ന് മനസ് പറഞ്ഞാൽ, കൈകൾ ആ നിമിഷം നിശ്ചലമാകും. എന്നാൽ, നമ്മൾ മനസിനോട് 'നിൽക്കൂ' എന്ന് പറഞ്ഞാൽ, അത് നിൽക്കുമോ? ഇല്ല. എങ്കിലും, മനസിനെ നിയന്ത്രിക്കാനും നിശ്ചലമാക്കാനും കഴിയണം. അതിനാണ് ധ്യാനം ശീലിക്കുന്നത്.
നിശ്ചലമായ മനസിൽ എല്ലാം തെളിയും. മനോഹരമായ ഒരു ചിത്രം വരയ്ക്കാനും, ഹൃദയസ്പർശിയായ കവിത എഴുതാനും പ്രപഞ്ചത്തിന്റെ നിഗൂഢതകൾ കണ്ടുപിടിക്കാനും ഒരുവനെ പ്രാപ്തനാക്കുന്നത് മനസിന്റെ നിശ്ചലതയാണ്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ടെലിവിഷൻ അനായാസം ഓഫ് ചെയ്യുന്നതുപോലെ അനായാസം മനസിനെ നിയന്ത്രിക്കാൻ കഴിയണം. എല്ലാറ്റിനുമുപരിയായി, നമ്മുടെ യഥാർത്ഥ സ്വരൂപം അറിയാൻ , ആനന്ദവും ശാന്തിയും അനുഭവിക്കാൻ നിശ്ചലമായ മനസ് ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |