SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

കരുതലിന്റെ കരുത്ത്... സ്‌നേഹത്തിന്റെ തണൽ

a

മേയ് 10... ഈ വർഷത്തെ ലോക മാതൃദിനം ഇന്നാണ് ആഘോഷിക്കുന്നത്. സകല ജീവരാശികളുടെയും നിലനിൽപ്പിന് ആധാരമായ മാതൃത്വം പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ്. മാതാവിനേയും മാതൃ സ്‌നേഹത്തേയും ഓർക്കാൻ ഒരു പ്രത്യേക ദിനം ആവശ്യമില്ലെങ്കിലും വില മതിക്കാനാവാത്ത മാതൃ സ്‌നേഹത്തിനും കരുതലിനും ആദരം പകരുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഈ ദിനം ആഘോഷിക്കുന്നത്. അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് 1908ൽ ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ജാർവിസ് ഇത് സംഘടിപ്പിച്ചത്. ആഭ്യന്തര യുദ്ധത്തിൽ സൈനികർക്ക് പരിക്കേറ്റപ്പോൾ അവരുടെ പരിചരണത്തിനായി മദേഴ്സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച പ്രവർത്തകയായിരുന്നു അന്നയുടെ അമ്മ ആൻ റീവ്സ്. കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള അമ്മ ആൻ റീവ്സിന്റെ ത്യാഗത്തിനും സമർപ്പണത്തിനും ആദരാഞ്ജലി അർപ്പിക്കുക എന്നതായിരുന്നു മകൾ അന്ന ജാർവിസിന്റെ ലക്ഷ്യം. ഒടുവിൽ 1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. അതിന് ശേഷമാണ് മാതൃദിനം ലോകമെമ്പാടും ആഘോഷിക്കാൻ തുടങ്ങിയത്.

ഏതൊരു വ്യക്തിയുടേയും വളർച്ചയിലും ഉയർച്ചയിലും ജീവിത വിജയത്തിലും മാതാവിന് വലിയ പങ്കുണ്ട്. മക്കൾ എത്ര വളർന്നാലും മാതാവിന് അവർ തന്റെ കുഞ്ഞാണ്. എന്നാൽ മാതാവിന് പ്രായമാകും തോറും മക്കൾക്ക് അവർ പഴഞ്ചനും ശല്യവും പാഴ്വസ്തുവുമായി. എന്നാലും വൃദ്ധസദനത്തിലോ പെരുവഴിയിലോ തന്നെ ഉപേക്ഷിക്കുമ്പോഴും മക്കളെ അവർ ശപിക്കാറില്ല. അവരുടെ നന്മക്കായി പ്രാർത്ഥിക്കുന്നു. ഒരു മാതാവ് വാർദ്ധക്യ കാലത്ത് ആഗ്രഹിക്കുന്നത് മക്കളുടെ സാന്നിദ്ധ്യവും അവർക്കൊപ്പം സമയം ചെലവഴിക്കലുമാണ്. വൃദ്ധസദനങ്ങളിൽ കൊണ്ടിട്ട് മാതാവിനെ കൈയൊഴിയുന്നതിനോളം ക്രൂരത മറ്റൊന്നുമില്ല. എത്ര ജോലിത്തിരക്കുണ്ടെങ്കിലും മാതാവിനൊപ്പം അല്പ സമയം ചെലവിടാൻ മക്കൾക്ക് സാധിക്കണം. എപ്പോഴും അവരെ ചേർത്ത് പിടിക്കണം. അതാണ് മാതൃദിനം നൽകുന്ന സന്ദേശം.

ലോകത്തിലെ ഒരു ബന്ധവും ചെറുതോ വലുതോ അല്ല. പക്ഷേ ആരും അമ്മയ്ക്ക് തുല്യമായി നിലകൊള്ളുന്നില്ല. ഈ വരികൾ പറയുന്നത് ഒരു സത്യമാണ്. അമ്മയ്ക്ക് പകരം വയ്ക്കാൻ ആർക്കും സാധിക്കില്ല. അമ്മ എന്ന വാക്കിന്റെ അർത്ഥം സ്‌നേഹത്തിന്റെ സമുദ്രം എന്നാണ്. അമ്മയില്ലാത്ത ജീവിതം സങ്കല്പിക്കാൻ പോലും കഴിയില്ല. എല്ലാ വർഷവും മേയ് മാസം രണ്ടാം വാരത്തിലെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ ദിവസം പൂർണമായും അമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ഈ ദിനം വളരെ സന്തോഷത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ, പുതിയ കാലത്ത് കാഴ്ചകൾ പലതും ശുഭകരമല്ല. പ്രിയ്യപ്പെട്ട മക്കളെ കാത്ത് വൃദ്ധസദനങ്ങളിൽ കാത്തിരിക്കുന്ന അമ്മമാർ, മക്കൾ ഉപേക്ഷിച്ചപ്പോൾ ആശുപത്രി വരാന്തകളിൽ അഭയം തേടിയവർ, തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ട മാതൃത്വങ്ങൾ, മക്കളാൽ കൊല ചെയ്യപ്പെടുന്ന അമ്മമാർ എന്നിങ്ങനെ മാതൃദിനം നമ്മുടെ മുന്നിലേക്ക് തരുന്നത് അമ്മമാരുടെ വിവിധ മുഖങ്ങളാണ്.

പ്രായമായ മാതാപിതാക്കളെ പരിസഹിക്കുകയും അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മക്കളും ഇന്നേറെയാണ്. സാമ്പത്തികമായി ആശ്രയിക്കുന്ന അമ്മമാരെ നിയന്ത്രിക്കുകയോ പണം നൽകാതിരിക്കുകയോ ചെയ്യുന്നതും വീട്ടിൽ നിന്നും ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുന്നവരും നിരവധി. സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പലപ്പോഴും ഇത്തരത്തിലുള്ള വീഡിയോകളും പ്രചരിക്കാറുണ്ട്. പലപ്പോഴും അയൽവാസികളും ബന്ധുക്കളുമാണ് ഇത്തരം അതിക്രമങ്ങൾ പൊലീസിലോ പഞ്ചായത്ത് അധികൃതരോടോ പറയാറുള്ളത്.
സ്നേഹിക്കപ്പെടേണ്ടവളാണ്...സംരക്ഷിക്കപ്പെടേണ്ടവളാണ് ഓരോ അമ്മമാരും. മാറുന്ന കാലത്തെ വെല്ലുവിളികളെ നേരിടാൻ കുടുംബങ്ങൾക്കിടയിൽ കൃത്യമായ ബോധവത്ക്കരണം ആവശ്യമാണ്. കുടുംബം സമൂഹത്തിന്റെ തൂണാണെങ്കിൽ അമ്മ അതിന്റെ നട്ടെല്ലാണ്. അമ്മമാർക്ക് ആവശ്യമായ എല്ലാ പ്രായോഗിക പിന്തുണയും നൽകുക എന്നത് ദേശീയ വികസന അജണ്ടയുടെ മുൻഗണനയാണ്. അമ്മമാരെ ശാക്തീകരിക്കുന്നത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണകരമാവും. കുട്ടികളിൽ ഉത്തരവാദിത്വ ബോധം വളർത്തുന്ന ആദ്യ വിദ്യാലയമാണ് ഓരോ അമ്മമാരും. നിശബ്ദമായി അവർ ചെയ്യുന്ന ഈ വലിയ ധർമ്മാണ് മൂല്യങ്ങളുള്ള ഒരു പുതിയ തലമുറയെ രാജ്യത്തിന് സമ്മാനിക്കുന്നത്. നമ്മളോരോരുത്തരും 10 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഭൂമിയിലേക്ക് വന്നപ്പോൾ മനസ് നിറഞ്ഞ് സ്വീകരിച്ച മുഖമായിരുന്നു അമ്മ. മാതൃദിനം ഒരിക്കൽ കൂടി കടന്നെത്തുമ്പോൾ അവരുടെ കണ്ണ് നനയിക്കില്ലെന്ന് നമുക്ക് ദൃഢ പ്രതിജ്ഞയെടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY