
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാർദ്ധക്യ ജനസംഖ്യയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 60 വയസിനുമേൽ പ്രായമുള്ളവർ മൊത്തം ജനസംഖ്യയുടെ ഏകദേശം 21 ശതമാനമായി ഉയർന്നിരിക്കുകയാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ദേശീയ ശരാശരി ഏകദേശം 13 ശതമാനമാണ്. ഈ പ്രവണത അതേപടി നിലനിന്നാൽ ഏറെ താമസിയാതെ സംസ്ഥാന ജനസംഖ്യയുടെ കാൽഭാഗം വയോജനങ്ങളായിരിക്കും എന്ന സൂചന കൂടി ലഭിക്കുന്നുണ്ട്.
വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ മിക്കപ്പോഴും ഉയർന്നു കേൾക്കുന്നത് പെൻഷൻ ചെലവ് കൂടും, ആരോഗ്യമേഖലയിലെ ചെലവ് വർദ്ധിക്കും, തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയും, കുടുംബങ്ങളിൽ ആശ്രിതരുടെ എണ്ണം ഉയരും, എന്നിങ്ങനെയുള്ള ആശങ്കകളാണ്. കേൾക്കുന്ന മാത്രയിൽ തികച്ചും യാഥാർത്ഥ്യമെന്ന് തോന്നൽ ജനിപ്പിക്കുന്ന ഈ വാദമുഖങ്ങൾ പ്രശ്നത്തിന്റെ ഒരുവശം മാത്രമാണ്.
എന്നാൽ, വാർദ്ധക്യസമൂഹം സമ്പദ് വ്യവസ്ഥയുടെ ശക്തികേന്ദ്രം എന്നു കണ്ടറിഞ്ഞ് പൊതുനയങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയാൽ അക്കൂട്ടരെ സാമൂഹികമൂലധനവും മനുഷ്യവിഭവശേഷിയുമാക്കി പരിവർത്തനം ചെയ്യാൻ കഴിയുമെന്നതാണ് വാസ്തവം.
ജീവിതകാലം മുഴുവൻ അവർ സമ്പാദിച്ച അറിവും, അനുഭവവും, പ്രൊഫഷണൽ വൈദഗ്ദ്ധ്യവും, സാമൂഹിക പ്രതിബദ്ധതയും ലക്ഷക്കണക്കിന് വരുന്ന മുതിർന്ന പൗരന്മാർക്ക് കൈമുതലായുണ്ട്.
ഈ അറിവ് സാമൂഹിക വികസനത്തിനും, വിദ്യാഭ്യാസത്തിനും, നവസംരംഭങ്ങൾക്കും, പ്രാദേശിക ഭരണകൂടത്തിനും, പൊതുജനാരോഗ്യ പരിപാലനത്തിനും, യുവതലമുറയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും വിനിയോഗിക്കപ്പെടുമ്പോഴാണ് ഇത് സാദ്ധ്യമാകുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ വാർദ്ധക്യ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഈ വിഷയത്തിലെ, ജപ്പാൻ മാതൃക നമ്മെ പഠിപ്പിക്കുന്നത് വാർദ്ധക്യം സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുകയില്ല എന്നാണ്. ദീർഘകാല പരിചരണ സംവിധാനം, സർവജനാരോഗ്യ സംരക്ഷണം, സജീവ വാർദ്ധക്യനയം, പ്രായഭേദമില്ലാതെ തൊഴിലവസരങ്ങൾ, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പഠനം, സാമൂഹികപങ്കാളിത്തം, എ.ഐ അധിഷ്ഠിത പരിചരണം, വയോജനസൗഹൃദ നഗരാസൂത്രണം തുടങ്ങിയ സമസ്ത മേഖലകൾക്കുമായി ജപ്പാൻ വികസിപ്പിച്ച വയോജന സംരക്ഷണ മാതൃക ആഗോളതലത്തിൽ പ്രശസ്തിയും പ്രചാരവും നേടിയിട്ടുണ്ട്.
കേരളത്തിന്റെയും ജപ്പാന്റെയും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, നിയമ സാഹചര്യങ്ങൾ വ്യത്യസ്തമെങ്കിലും രണ്ടിടങ്ങളിലും ജനസംഖ്യാപരമായ വെല്ലുവിളികളിൽ പ്രകടമായ സാമ്യമുണ്ട്. അതുകൊണ്ടുതന്നെ വയോജനങ്ങളെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണുന്ന സമീപനത്തിൽ മാറ്റം വരുത്തി, അവരെ വികസന പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കി പരിഗണിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്.
ദേശീയതലത്തിൽ ആദ്യമായി വയോജനകാര്യവകുപ്പ് രൂപീകരിക്കാനുള്ള തീരുമാനമെടുത്ത കേരളം ആ ദിശയിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. ജപ്പാൻ മാതൃകയിൽനിന്ന് കേരള സമൂഹത്തിന് അനുകൂലമായ പാഠങ്ങൾ ഉൾക്കൊള്ളുമെന്ന സർക്കാർ സമീപനം സ്വാഗതാർഹമാണ്. വാർദ്ധക്യ ജനസംഖ്യാവർദ്ധന സാമ്പത്തിക വളർച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്ന പൊതുധാരണയിൽ മാറ്റം വരത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
വയോജനവിഭാഗത്തിൽപ്പെട്ട അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, ഗവേഷകർ, ഡോക്ടർമാർ, എൻജിനിയർമാർ, ഭരണപരിചയമുള്ളവർ, ബാങ്ക് ഉദ്യോഗസ്ഥർ, സൈനികർ, ബിസിനസുകാർ, കലാകാരന്മാർ, പത്രപ്രവർത്തകർ എന്നിവരുടെ അനുഭവസമ്പത്തും അറിവും സമൂഹത്തിന്റെ മനുഷ്യവിഭവശേഷിയാണ്. ഇക്കൂട്ടരുടെ വൈദഗ്ദ്ധ്യം സ്ഥാപനവത്കരിക്കപ്പെടാനും, യഥോചിതം വിനിയോഗിക്കപ്പെടാനുമുള്ള ക്രമീകരണമുണ്ടായാൽ സംസ്ഥാനത്ത് കരുത്തുറ്റ 'രജത മനുഷ്യ മൂലധന സമ്പദ് വ്യവസ്ഥ' (Silver Human Capital Economy) രൂപപ്പെടുത്തി എടുക്കാനാകും. ഇതിലൂടെ യുവജനങ്ങൾക്കും, നവസംരംഭങ്ങൾക്കും, വിദ്യാഭ്യാസമേഖലയ്ക്കും, പൊതസേവനരംഗങ്ങൾക്കും കരുത്ത് പകർന്നു നൽകാനാകും.
വയോജന ക്ഷേമത്തിനായി ഒരു പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം ഭരണപരമായ മാറ്റം മാത്രമായി കണക്കാക്കാനാകുകയില്ല. സംസ്ഥാന സാമൂഹികനീതിവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, ധനവകുപ്പ്, വനിതാശിശക്ഷേമ വികസനവകുപ്പ്, അനുബന്ധ ഏജൻസികൾ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്ന സേവനങ്ങളുടെ ഏകോപനമാണ് പ്രത്യേക വയോജനവകുപ്പ് രൂപീകരിച്ചതിലൂടെ സാദ്ധ്യമാക്കപ്പെടേണ്ടത്.
വയോജന പദ്ധതി
മിഷൻ രൂപീകരിക്കണം
വയോജനങ്ങളെ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ വായനാകൂട്ടങ്ങളുമായും കലാസാംസ്‌കാരിക പരിപാടികളുമായും സന്നദ്ധ സംഘടനകളുമായും വ്യായാമകേന്ദ്രങ്ങളുമായും അയൽക്കൂട്ടങ്ങളുമായും ബന്ധിപ്പിക്കുവാനുള്ള ക്രമീകരണം കൂടിയുണ്ടായാൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാമൂഹികബന്ധങ്ങൾ ദൃഢപ്പെടുത്തുന്നതിനും അത് സഹായകമാകും.
കേരളത്തിലെ എല്ലാ വയോജനപദ്ധതികളെയും ഏകോപിപ്പിക്കുന്ന ഒരു മിഷൻ രൂപീകരിച്ചാൽ ആരോഗ്യകരമായ വാർദ്ധക്യം, സാമൂഹിക സുരക്ഷ, തൊഴിൽ അവസരങ്ങൾ ഒരുക്കൽ, ഡിജിറ്റൽ ഉൾക്കൊള്ളൽ, രജത സമ്പദ് വ്യവസ്ഥാ (Silver Economy) വികസനം, ഗവേഷണവും നവീകരണവും, പ്രാദേശിക ഭരണകൂടങ്ങളുമായുള്ള ഏകോപനം എന്നിവ ഈ മിഷന്റെ ലക്ഷ്യമാക്കാം.
വിരമിച്ചവരുടെ അറിവ് വികസിപ്പിക്കാനും പങ്കുവയ്ക്കാനുമായി ഒരു പ്രത്യേക സർവകലാശാലാ മാതൃകയ്ക്ക് (University of Third Age) രൂപം നൽകാം. ഇവിടെ പുതിയ കോഴ്സുകൾ, ഡിജിറ്റൽ പഠനം, ഗവേഷണം, മെന്ററിംഗ് എന്നിവ പ്രയോഗത്തിൽ കൊണ്ടുവരാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |