
രാജ്യത്തെ എൻജിനിയറിംഗ് രംഗത്ത് അഖിലേന്ത്യാ തലത്തിൽ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് സി.ഇ.ടി എന്ന തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്. 1939ൽ പ്രവർത്തനം ആരംഭിച്ച ഈ കോളേജിൽ പഠിച്ചിറങ്ങിയ പ്രഗത്‌ഭരായ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ മുഖമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. പഴയ കാലത്തിന് തുല്യമായ ഉന്നതമായ പഠന നിലവാരവും എൻജിനിയറിംഗ് എൻട്രൻസിൽ മുന്നിലെത്തുന്ന വിദ്യാർത്ഥികൾ ആദ്യം തിരഞ്ഞെടുക്കുന്ന കോളേജ് എന്ന നിലയിലും ഈ കോളേജിന്റെ മഹിമ കോട്ടം തട്ടാതെ ഇന്നും നിലനിൽക്കുന്നു. അൻപതുകളുടെ അവസാനത്തിൽ ടെക്‌നിക്കൽ വിദ്യാഭ്യാസ കാര്യാലയം സ്ഥാപിതമായപ്പോൾ കോളേജിന്റെ നടത്തിപ്പ് കേരള ഗവൺമെന്റ് ഏറ്റെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ മിടുക്കരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസ് നിരക്കിൽ ഉയർന്ന നിലവാരത്തിലുള്ള എൻജിനിയറിംഗ് പഠനം പൂർത്തിയാക്കാനാകുമെന്നതാണ് ഈ കോളേജിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്ര കാലവും ഒരു സർക്കാർ കോളേജായി തുടരുന്നതുകൊണ്ടാണ് അത് സാദ്ധ്യമായത്.
എന്നാൽ ഈ കോളേജിനെ ഒരു സർക്കാർ കോളേജ് അല്ലാതാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന വാർത്ത ഒട്ടേറെ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്. സർക്കാരിൽ നിന്നും കോളേജിന്റെ നിയന്ത്രണം മാറ്റി സംസ്ഥാന സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജ് ആക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം കുറഞ്ഞ ചെലവിലുള്ള പഠനം എന്ന ഇപ്പോഴത്തെ സാഹചര്യം അപ്പാടെ ഇല്ലാതാകും എന്നതാണ്. സി.ഇ.ടിയുടെ ഐഡന്റിറ്റി തന്നെ ഇല്ലാതാക്കുന്ന ഒരു നീക്കമാണ് എന്നതിനാൽ സർക്കാർ ഇതിന് അനുമതി തടയുകയാണ് വേണ്ടത്. അയ്യായിരത്തോളം വിദ്യാർത്ഥികളാണ് സി.ഇ.ടിയിൽ ഇപ്പോൾ പഠിക്കുന്നത്. കോളേജിന്റെ വാർഷികച്ചെലവ് 400 കോടിയിലധികമാണ്. മുന്നൂറോളം അദ്ധ്യാപകരും 327 അനദ്ധ്യാപകരും ഉൾപ്പെടെ 627 ജീവനക്കാരാണുള്ളത്. ശമ്പളത്തിന് മാത്രം 80 കോടിയിലേറെ വേണം. ഇപ്പോൾ ഇത് സർക്കാരാണ് വഹിക്കുന്നത്.
ഘടക കോളേജായി മാറ്റിയാൽ സാങ്കേതിക സർവകലാശാല ഈ ചെലവ് വഹിക്കേണ്ടിവരും. ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഈ ബാദ്ധ്യത ഏറ്റെടുക്കാൻ കെ.ടി.യുവിന് കഴിയില്ല. അതിന് വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കുകയോ അഫിലിയേഷൻ ഫീസ് വർദ്ധിപ്പിക്കുകയോ വേണ്ടിവരും. ചെറിയ വർദ്ധനവായിരിക്കില്ല അങ്ങനെ വന്നാൽ ഫീസ് നിരക്കിൽ ഉണ്ടാകാൻ പോകുന്നത്. ഇപ്പോൾ 8650 രൂപയാണ് സി.ഇ.ടിയിലെ വാർഷിക ഫീസ്. ഘടക കോളേജ് ആകുമ്പോൾ 5000 വിദ്യാർത്ഥികളിൽ നിന്ന് 4 ലക്ഷം രൂപ വാർഷിക ഫീസ് ഈടാക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ എൻട്രൻസിൽ ഉയർന്ന സ്കോർ ലഭിച്ചാലും സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് പഠിക്കാൻ കഴിയാത്ത കോളേജായാവും സി.ഇ.ടി മാറുക.
ഇതോടെ സി.ഇ.ടിയെ ഇത്രയുംകാലം മുന്നിൽ നിറുത്തിയിരുന്നതിന്റെ അടിസ്ഥാനങ്ങളിലൊന്നായ മെരിറ്റ് അപ്രത്യക്ഷമാകും. സി.ഇ.ടിയുടെ സ്വത്വം തന്നെ ഇല്ലാതാക്കുന്ന ഒരു നടപടിയായി അത് മാറുകയും ചെയ്യും. രാജ്യത്ത് മികവിന്റെ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിറുത്തേണ്ടത് സർക്കാരിന്റെ ചുമതല കൂടിയാണ്. അവിടെ സാമ്പത്തിക മാനദണ്ഡമല്ല മുന്നിൽ നിൽക്കേണ്ടത്. കേന്ദ്ര സർക്കാർ ഗ്രാന്റ് നൽകി ഇത്തരം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്ത് നടത്തുന്നുണ്ട്. ആ മാതൃക പിന്തുടർന്ന് സി.ഇ.ടി തുടർന്നും സർക്കാരിന്റെ കോളേജായി തുടരുന്നതാണ് കേരളത്തിന്റെയും വിദ്യാർത്ഥികളുടെയും ഭാവിക്ക് നല്ലത്. സി.ഇ.ടിയുടെ സൽപ്പേര് ഇല്ലാതാക്കാനിടയുള്ള ഈ നീക്കം മുളയിലേ നുള്ളാൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ശബ്ദമുയർത്തേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |