SignIn
Kerala Kaumudi Online
Friday, 22 May 2026 1.12 AM IST

തൊഴിലാളികളുടെ സ്വന്തം സഖാവ്

a

തലസ്ഥാനത്തെ തലയെടുപ്പുള്ള തൊഴിലാളി നേതാവായിരുന്ന അനിരുദ്ധൻ അന്തരിച്ചിട്ട് മേയ് 22ന് പത്തുവർഷം തികയുന്നു. ചുമട്ടുതൊഴിലാളികൾ, തോട്ടി തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ താഴേക്കിടയിലേക്ക് തള്ളപ്പെട്ടവരുടെ മുതൽ സമസ്തവിഭാഗം തൊഴിലാളികളുടെയും പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു അനിരുദ്ധൻ. പൊലീസ്,​ ഗുണ്ടാ അതിക്രമങ്ങൾക്കെതിരെ നെഞ്ചുവിരിച്ചെത്തുന്ന അനിരുദ്ധൻ സഖാവിനെ തൊഴിലാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.

പാർലമെന്റംഗം, നിയമസഭാംഗം, ജില്ല കൗൺസിൽ പ്രസിഡന്റ്, നഗരസഭാ കൗൺസിലർ തുടങ്ങി പൊതുപ്രവർത്തനത്തിന്റെ വിവിധ തുറകളിൽ അനിരുദ്ധൻ വ്യക്തിമുദ്ര അടയാളപ്പെടുത്തി. നടൻ മധുവിന്റെ പിതാവ് പരമേശ്വരൻ പിള്ളയ്ക്കെതിരെ മത്സരിച്ചായിരുന്നു കോർപ്പറേഷൻ കൗൺസിലിലേക്ക് അനിരുദ്ധന്റെ രംഗപ്രവേശം. പട്ടം താണുപിള്ളയ്ക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ച് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഗവർണറാകാൻ പട്ടം രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി.

വിദ്യാർത്ഥി ജീവിതകാലത്ത് അനിരുദ്ധൻ സോഷ്യലിസ്റ്റായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന അനിരുദ്ധന്റെ സഹപാഠികളായിരുന്നു പി.വിശ്വംഭരൻ, പി.കെ.വി, പങ്കജാക്ഷൻ, കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള തുടങ്ങിയ മഹാരഥന്മാർ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ തുടർന്ന് ജയിൽവാസ കാലത്ത് മുൻ മുഖ്യമന്ത്രി ആർ.ശങ്കറിനെതിരെ ആറ്റിങ്ങലിൽ മത്സരിച്ച് വിജയിച്ചെങ്കിലും ആ നിയമസഭ കൂടിയില്ല.

ബന്ധനസ്ഥനായ അനിരുദ്ധന്റെ ചിത്രവുമായി വോട്ട് പിടിക്കാൻ അന്നിറങ്ങിയത്, മൂന്ന് വയസുള്ള പുത്രൻ സമ്പത്ത് ആയിരുന്നു. പേട്ടയിലെ ചുമട്ടുതൊഴിലാളി ആയിരുന്ന ഗണപതിയുടെ തോളിലിരുന്നായിരുന്നു ആ വോട്ടുപിടിത്തം! തുടർന്ന് പാർലമെന്റിലും ശങ്കറെ തോൽപ്പിച്ച് അനിരുദ്ധൻ എം.പി ആയി (അതേ ലോക്‌‌സഭാ മണ്ഡലത്തിൽ നിന്ന് പുത്രൻ എ.സമ്പത്ത് മൂന്നുതവണ പാർലമെന്റ് അംഗമായത് കൗതുകം. സമ്പത്തും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു).

അടിയന്തരാവസ്ഥക്കാലത്ത് അനിരുദ്ധനോടൊപ്പം ജയിലിൽ കഴിയാൻ എനിക്ക് നിയോഗമുണ്ടായി. അനിരുദ്ധൻ ശയ്യാവലംബിയായപ്പോൾ എൻജിനിയറിംഗ് ബിരുദാനന്തര ബിരുദധാരിയായ ഇളയ മകൻ കസ്തൂരി അദ്ദേഹത്തെ പരിചരിക്കാൻ മാത്രമായി ജോലി ഉപേക്ഷിച്ച് അച്ഛന്റെ മരണംവരെ കൂടെനിന്നു. പൊതുമുതൽ വിറ്റുതുലയ്ക്കുകയും കോർപ്പറേറ്റ്‌വത്കരണം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നവർക്കെതിരായ പോരാട്ടത്തിന്, തൊഴിലെടുക്കുന്നവർക്കായി ജീവിതാന്ത്യം വരെ അക്ഷീണം യത്‌നിച്ച സഖാവിനെ പോലുള്ളവരുടെ ദീപ്തസ്മരണ ഉൗർജ്ജമാകട്ടെ.

(തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് ഫെഡറേഷൻ

(സി.ഐ.ടി.യു)​ പ്രസിഡന്റാണ് ലേഖകൻ)

ഫോൺ: 8547316888

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY