SignIn
Kerala Kaumudi Online
Friday, 05 June 2026 3.04 AM IST

' ഇനി ഞാനുറങ്ങട്ടെ...' മുഹമ്മദലിയുടെ വെളിപ്പെടുത്തൽ

s

' നാല്പതുവർഷമായി മനസിൽ കൊണ്ടുനടന്ന ഒരു തീയാണ് അണഞ്ഞത്. ഒരു മകൻ മരിച്ചു, ഒരാൾക്ക് അപകടം പറ്റി. എന്റെ മാനസിക നിലതന്നെ തകർന്നു. വർഷങ്ങളോളം ഉറക്കമില്ലാത്ത രാവുകൾ. ഒടുക്കം എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു. അങ്ങിനെയാണ് വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. പ്രായപൂർത്തിയാവാത്ത പ്രായത്തിൽ പറ്റിയൊരു കൈയ്യബദ്ധം. പക്ഷെ അതിൽ അന്നും ഇന്നും സങ്കടമില്ല. ഒരു പതിനാലുകാരനെ ശല്യം ചെയ്യാൻ വന്നപ്പോൾ ചെളിയിലേക്ക് തള്ളിയിട്ട് ഓടിമറിയുകയായിരുന്നു. എല്ലാം പൊലീസിനോട് തുറന്നുപറഞ്ഞപ്പോൾ അനുഭവിക്കുന്ന ആശ്വാസം ചെറുതല്ല. ഇതിന്റെ പേരിൽ ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. മനസമാധാനത്തോടെ മരിക്കണം...'

നാലു പതിറ്റാണ്ടിനു മുമ്പ് രണ്ട് കൊലപാതകങ്ങൾ നടത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വാക്കുകൾ. നാല്പതു വർഷം മുമ്പത്തെ കൊലപാതകത്തിന്റെ കാര്യം ഒരുവർഷം മുമ്പാണ് മുഹമ്മദലി വേങ്ങര പൊലീസിലെത്തി വെളിപ്പെടുത്തിയത്. അതിനുശേഷം തിരുവമ്പാടി പൊലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞത്. 1986 നവംബറിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി മോഹനനായിരുന്നു. ഇതോടെ അജ്ഞാത മൃതദേഹം തേടിയുള്ള തിരുവമ്പാടി പൊലീസിന്റെ ഒരു വർഷം നീണ്ട അന്വേഷണത്തിനാണ് അവസാനമായിരിക്കുന്നത്. ആദ്യകൊലപാതകത്തിനുശേഷം നാടുവിട്ട് അലഞ്ഞ മുഹമ്മദലി 19ാം വയസിൽ കോഴിക്കോട് ബീച്ചിൽ മറ്റൊരു കൊലപാതകത്തിൽകൂടി പങ്കാളിയായെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം കൊലപാതകത്തെ കുറിച്ച് ഒരു സൂചനയും ഇതേവരെ ലഭിച്ചിട്ടില്ല. 1989 ൽ വെള്ളയിൽ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന സൂചനയിൽ ടൗൺ സി.ഐ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കൂടരഞ്ഞിയിലെ മരണം സംബന്ധിച്ച് താമരശ്ശേരി കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് തിരുവമ്പാടി സി.ഐ കെ.പ്രശാന്ത് പറഞ്ഞു.

നാല്പത് വർഷം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ സംഭവത്തിന് അവസാനം വേണം എന്നു പറഞ്ഞാണ് മുഹമ്മദലി വേങ്ങര പൊലീസിൽ എത്തി താൻ നടത്തിയ കൊലപാതകങ്ങളെ കുറിച്ച് ഏറ്റുപറഞ്ഞത്. 14ാം വയസിൽ കൂടരഞ്ഞിയിൽ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ, തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തിയെന്നും രണ്ടു ദിവസം കഴിഞ്ഞാണ് ഇയാൾ മരിച്ച വിവരം അറിഞ്ഞതെന്നുമാണ് കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് മുഹമ്മദലി പറഞ്ഞത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്ന് നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ ആരും തിരിച്ചറിഞ്ഞുമില്ല. തുടർന്ന് അജ്ഞാതമൃതദേഹമായി സംസ്‌കരിച്ച് 116/86 നമ്പർ കേസിലെ നടപടികളും അവസാനിപ്പിച്ചിരുന്നു. ഈ കേസ് പൊടിതട്ടിയെടുത്താണ് തിരുവമ്പാടി പൊലീസ് വീണ്ടും അന്വേഷണം തുടങ്ങിയത്.

മുഹമ്മദലി പറഞ്ഞ വിവരങ്ങൾ വച്ച് മരിച്ചയാളുടെ രേഖാ ചിത്രം തയ്യാറാക്കി. 1986 മുതൽ മലബാറിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചു. മരണം നടന്ന് മൂന്നാം ദിവസം ഇരിട്ടിയിൽ നിന്ന് മൂന്നംഗ സംഘം മരിച്ചത് തങ്ങളുടെ ബന്ധുവാണോ എന്നു അന്വേഷിച്ച എത്തിയ വിവരത്തിനു പിന്നാലെ പോയപ്പോഴാണ് ബാക്കി വിവരങ്ങൾ കിട്ടിയത്. മരിച്ചത് മോഹനൻ ആണെന്ന് സഹോദരി സ്ഥിരീകരിച്ചതായി സി.ഐ വ്യക്തമാക്കി. അപസ്മാരം ഉണ്ടായിരുന്ന വിവരവും വ്യക്തമായി. മോഹനനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നതിനാൽ കൂടുതൽ വെളിപ്പടുത്താനും ബന്ധുക്കൾ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ശേഷം നടപടികൾ കോടതി തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. വെളിപ്പെടുത്തലിനു പിന്നാലെ മഞ്ചേരി ജയിലിൽ റിമാൻഡിലായ മുഹമ്മദലി ഇപ്പോൾ ജാമ്യത്തിലാണ്. നാല്പതുവർഷം ഉറക്കം നഷ്ടപ്പെട്ട മുഹമ്മദലി കുറ്റം ഏറ്റുപറഞ്ഞപ്പോൾ, ഉറക്കം നഷ്ടപ്പെട്ട തിരുവമ്പാടിപ്പൊലീസിനും ഇപ്പോൾ ആശ്വാസമായിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY