SignIn
Kerala Kaumudi Online
Friday, 05 June 2026 3.04 AM IST

ശ്രീനാരായണ ഗുരുവും പരിസ്ഥിതിദിന ചിന്തകളും

s

പരിസ്ഥിതി പ്രേമം ഇത്ര ഏറെ ഉണ്ടായിട്ടുള്ള സന്യാസിമാർ അധികം കേരളത്തിൽ ഉണ്ടായിട്ടില്ല. കവി പാടിയതുപോലെ വേദാഗമ സാരങ്ങൾ അറിഞ്ഞില്ലിതുപോലെ. ആ മഹാവിജ്ഞാനത്തിന്റെ ഭാഗമാണ് പരിസ്ഥിതി പ്രേമം. കാട്ടിലേക്ക് നോക്കിയാൽ ശ്രീരാമ ദേവന്റെ സാന്നിദ്ധ്യം എവിടേയും കാണുമെന്നാണല്ലോ വാല്‌മീകി മഹർഷിയും വിവരിച്ചിട്ടുള്ളത്.


വൃക്ഷേ വ്യക്ഷേഹി പശ്യാമി-മരം നടാനുള്ള പ്രേരണ നൽകാൻ ഉതകുന്ന അതിസുന്ദരമായ ശ്ലോകസന്ദേശം ഓർക്കുക. 'അശ്വത്മേകം, പിജുമന്ദമേകം ഞക്രോദം, ദശതിന്ത്രിണി, കപിഥ്യവില്യം,ആമലകംജ, പഞ്ചാമ്രനാളി നരകം ഥയാദി ' അങ്ങനെ മനുഷ്യോപകാരപ്രദമായ 52 വൃക്ഷത്തൈകൾ നട്ടാൽ മരണാനന്തരം നരകത്തിലേക്കു പോകേണ്ടിവരില്ല. നരകം ഒഴിവാക്കാനുള്ള ആഗ്രഹം മനസിലുള്ള ആരാണ് അപ്പോൾ 52 വൃക്ഷങ്ങൾ നടാൻ ശ്രമിക്കാത്തത്.

ബുദ്ധമതത്തിന്റെ അഭേദ്യഭാവമായിരുന്നല്ലോ എല്ലാ സഹജീവികളോടും സമാനത പുലർത്തുന്ന സ്വഭാവം. മനുഷ്യരോട് മാത്രമല്ല മരങ്ങളോടും പക്ഷിജാലങ്ങളോടും, മത്സ്യങ്ങളോടും എന്നിങ്ങനെ പരമാണു ജീവികളിൽ പോലും ജീവാത്മാവുണ്ട്. 1848ൽ ആണല്ലോ പ്രസിദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ ബോസ്, മരങ്ങൾക്കും ജീവനുണ്ടെന്നും മനുഷ്യവികാരങ്ങൾ അവയ്ക്കും ഉണ്ടെന്നും കണ്ടുപിടിച്ചത്.

ബുദ്ധമതവിശ്വാസിയായ അശോക ചക്രവർത്തിയുടെ ഭരണകാലത്തെ വലിയ ഭരണപരിഷ്‌കാരങ്ങളിൽ ഒന്ന് പാതവക്കുകളിൽ മരം നടുകയായിരുന്നല്ലോ. ഈ പാരമ്പരൃം തന്നെ ആയിരിക്കണം ബുദ്ധമതത്തിന്റെ സകല വൈശിഷ്ട്യങ്ങളും ഉൾക്കൊണ്ട് ഈഴത്ത് നാട്ടുകാർക്കും ഉണ്ടായിരുന്നത്. (കേരളത്തിലെ നല്ലൊരു വിഭാഗം ഈഴത്ത് നാട്ടിൽ നിന്ന് വന്നോരാണെ എന്ന് ഉണ്ണിയാർച്ച ശ്രുതി മധുരമായി പാടിയിട്ടുമുണ്ട്).

നാണുവും നാണുഗുരുവും എല്ലാം, വിജ്ഞാനവാഹിനിയായ മഹാ പ്രതിഭയായിരുന്നു- പിൽക്കാലത്തെ ശ്രീനാരായണഗുരു. ആദ്ധ്യാത്മിക തേജസായി ശോഭിക്കുന്ന ഗുരുവിന്റെ ജീവിത അനുഭവങ്ങളിലെ ഒന്നായിരുന്നു, ലോക നിവാരണ നടപടികളും അവയിൽ ഉണ്ടായിരുന്ന വലിയ വിജയവും. ഇത്രയും മാത്രം മതി ആ മഹാഗുരു പരിസ്ഥിതി പ്രേമം തുടങ്ങിയതും തുടർന്നതുമായ നീണ്ട കഥകൾ. ഗുരുവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇനിയും നല്ല പഠനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ആ ദൗത്യം ഏറ്റെടുക്കുമെന്നും വിജയിപ്പിക്കുമെന്നും വിശ്വസിക്കാം (വെറുമൊരു കോളേജ് നടത്തിപ്പു മാത്രമല്ലല്ലോ ഗുരുവിന്റെ നാമധേയത്തിലുള്ള സർവകലാശാലയുടെ കടമകളും കർത്തവ്യങ്ങളും)

ഗുരുവിന്റെ നീണ്ട സഞ്ചാരങ്ങളിൽ എല്ലാം തന്നെ ക്ഷേത്രത്തോടൊപ്പം സരസ്വതീ ക്ഷേത്രങ്ങളും ഉണ്ടായിരിക്കണമെന്ന് നിർബന്ധിച്ചിരുന്നു. ക്ഷേത്രമേതായാലും, അവിടെ മരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാണ്. 'ആലായാൽ തറ വേണം,​ അടുത്തൊരമ്പലം വേണം, ആലിനു ചേർന്നൊരു കുളവും വേണം'. മന്ത്രിമാരുടെ ഇടയിലുള്ള മുഖ്യമന്ത്രിമാരെപോലെ. അരയാലാണ് ആൽ മരങ്ങളുടെ മുഖ്യമന്ത്രി. അതിന് നിരവധി പ്രത്യേകതകൾ ഉണ്ട്.

ആൽമരമാണ് അന്തരിക്ഷത്തിലേക്ക് ജീവവായു ഏറ്റവും സമൃദ്ധമായി കയറ്റുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആൽമരത്തിനുചുറ്റും ഏഴുവട്ടം വലം വച്ചാൽ സാധാരണക്കാരന് ആവശ്യമായ വ്യായാമങ്ങൾ മുഴുവനും ലഭിക്കും. ആലിന്റെ ഇലയും അതിമനോഹരം തന്നെ.
ആലുകളുടെ ഇടയിൽ തന്നെ പലജാതിക്കാരും മതക്കാരും ഉണ്ട്. പേരാൽ, അരയാൽ അങ്ങനെ ഒട്ടേറെ.

അരയാൽ എന്ന വലിയ മരത്തെ മാത്രമല്ല ഗുരു സനേഹിച്ചത്. ഗുരുവിന് ഏറെ ഇഷ്ടപ്പെട്ട മരങ്ങളായിരുന്നു പ്ലാവും മാവും. നിറയെ കായ്ഫലങ്ങളുമായി അഭിമാനപൂർവം നിറഞ്ഞു നിൽക്കുന്ന പ്ലാവിന്റെ ചോട്ടിൽ ഇരുന്ന് ധ്യാനിക്കുന്ന ശ്രീനാരായണഗുരുവിന്റെ ചിത്രങ്ങൾ ആയിരക്കണക്കിന് മാത്രമുണ്ട്. ചക്കയുടെ മാധുര്യം മാത്രമല്ല ഓഷധ ഗുണവും ഗുരു എന്ന മഹാവൈദ്യൻ മനസിലാക്കിയിരുന്നു. ആധുനിക ശാസ്ത്രലോകം ഇപ്പോഴാണ് ആ കാര്യം കുറെശ്ശേയായി മനസിലാക്കി വരുന്നത്. ചക്കയ്ക്ക് ഇപ്പോൾ കേരളത്തിൽ മാത്രമല്ല പ്രചാരം.

മഹാസന്ദേശങ്ങൾ

ഗുരുവിനെ സംബന്ധിച്ചിടത്തോളം മാവും മഹാസന്ദേശങ്ങൾ നൽകാൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ശിവഗിരിയിൽ ഒരു മാവിൻചുവട്ടിൽ ഇരുന്നുകൊണ്ടാണല്ലോ ജാതി സമ്പ്രദായത്തെപ്പറ്റി ആ രണ്ടു മഹാമനുഷ്യർ സംവാദം നടത്തിയത്. മാവിലകൾ പലതരത്തിലുണ്ടല്ലോ?, മനുഷ്യരിലും അതുപോലെ തന്നെ. മഹാത്മാജിയുടെ ചോദ്യം. ഇലകൾ എല്ലാംതന്നെ വിവിധ ഭാവത്തിലും രൂപത്തിലും ആയിരിക്കുമ്പോൾ എല്ലാ മാവിലകളുടേയും രസം ഒന്നു തന്നെ. എല്ലാം ഒരുപോലെ തന്നെ ഉത്പാദിപ്പിക്കുന്നത് പച്ച നിറത്തിലുള്ള രസം. അപ്പോൾ ഇലകൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തുതന്നെ ആയാലും എല്ലാ മാവിലകളും ഒന്നുതന്നെ.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നൽകാൻ ആത്മീയ ആചാര്യന് പ്രയാസം ഉണ്ടായിരുന്നില്ല. ഒരു നിർബന്ധം മാത്രമേ ഗുരുവിന് ഉണ്ടായിരുന്നുള്ളു. പ്രചരിപ്പിക്കുന്നത് നല്ലതുതന്നെ ആയിരിക്കണം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹാസന്ദേശത്തിന്റെ പ്രേരണാശക്തി. ആ വൃക്ഷം പ്രചരിപ്പിക്കേണ്ടത് പ്രധാനപ്പെട്ട ഒരു ദൗത്യമാണെന്ന് എനിക്ക് തോന്നി. എനിക്ക് ഇഷ്ടപ്പെട്ട പലസ്ഥലത്തും അതു കുഴിച്ചിട്ടു. ശ്രീനാരായണഗിരി, മംഗളവനം,​ എന്റെ സ്വന്തം വീടും പരിസരം ഇതൊക്കെ ആ പാവന സങ്കേതങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY