SignIn
Kerala Kaumudi Online
Saturday, 06 June 2026 2.03 AM IST

പണി ചോദിച്ചു വാങ്ങി സി.പി.എം

s

വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ചുവെന്ന് പറഞ്ഞതു പോലെയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും എക്സാലോജിക് എന്ന സ്ഥാപനവും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മേയ് 27 ന് പിണറായി വിജയന്റെ വസതികളിലടക്കം 12 ഇടത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവമാണ് ഫലത്തിൽ പാർട്ടിക്ക് തന്നെ തിരിച്ചടിയായി മാറിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ അണികളായെത്തിയവർ നടത്തിയ അക്രമി വിളയാട്ടം ഫലത്തിൽ പിണറായിക്കും മകൾക്കും കൊടുത്ത എട്ടിന്റെ പണിയായി മാറിയ അവസ്ഥയാണ്.

സംഭവത്തിൽ ആകെ പ്രകോപനത്തിലായ ഇ.ഡി, പിണറായി വിജയനും മകൾ വീണ വിജയനും എതിരായ നടപടി കൂടുതൽ കടുപ്പിക്കാൻ കാരണമായെന്ന് മാത്രമല്ല, അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ഭാവി സംബന്ധിച്ചും പാർട്ടിക്ക് തലവേദനയേറി. സംഭവവുമായി ബന്ധപ്പെട്ട് 25 സി.പി.എം പ്രവർത്തകരെ ഇതിനകം അറസ്റ്റ് ചെയ്തു. റിമാൻഡിലായ ഇവർക്കെതിരെ അടുത്തെങ്ങും ജാമ്യം ലഭിക്കാത്ത വിധം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയത്. ഇ.ഡി സംഘത്തിന്റെ പരാതിയിൽ കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെയും കേസെടുത്തു.

തടയാൻ ശ്രമിച്ച പൊലീസ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നും കേസുണ്ട്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന വധശ്രമം, 6 മാസം മുതൽ 5 വർഷം വരെ തടവ് ലഭിക്കാവുന്ന മാരകായുധങ്ങളുമായി ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സായുധ കലാപം എന്നിവയാണ് ചുമത്തിയിട്ടുള്ളത്. പൊലീസുകാരനെ ആക്രമിച്ച മറ്റൊരു കേസുമുണ്ട്. ഇതിനിടെ അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേട്ട് കോടതി, രാജ്യത്തിനെതിരായ കുറ്റമാണ് പ്രതികൾ ചെയ്തതെന്ന പരാമർശം നടത്തിയതും ശ്രദ്ധേയമാണ്. ശേഷിക്കുന്ന പ്രതികൾക്കും അടുത്തെങ്ങും ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയില്ലെന്നതാണ് ഇത് നൽകുന്ന സൂചന.

അന്വേഷണത്തിന് വിപുലമായ സംഘം

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിമർശനം ഉയർന്നതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് എ.സി.പി വി. ജയചന്ദ്രന്റെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് കേസന്വേഷിക്കുക. എത്രയും വേഗം കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യത്തിലിറങ്ങാനുള്ള സാദ്ധ്യത ഇല്ലാതാക്കാനാകും ശ്രമം. വധശ്രമക്കേസ് അന്വേഷിക്കാൻ ഇത്രയും വിപുലമായ സംഘം സമീപകാലത്തൊന്നും രൂപീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവം ദേശീയതലത്തിൽ വലിയ ശ്രദ്ധ നേടുകയും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഇടപെടുകയും ചെയ്തതോടെ കേസന്വേഷണം കൂടുതൽ ഗൗരവതരമാകും.

അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തുമ്പോൾ ഇ.ഡിയുടെ അഭിഭാഷക സംഘം ഹാജരായി എതിർക്കാനാണ് നീക്കം. ആക്രമണത്തിൽ പരിക്കേറ്റ ഇ.ഡി ഉദ്യോഗസ്ഥന്റെ വക്കാലത്ത് ഏറ്റെടുത്താകും കേസിൽ കക്ഷി ചേരുക. സി.എം.ആർ.എൽ- എക്സാലോജിക് കേസന്വേഷണത്തിനു പുറമെ അതുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണക്കേസിലും ഇ.ഡി വരുന്നത് സി.പി.എമ്മിന് തിരിച്ചടിയാകും. സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള പ്രോസിക്യൂട്ടർമാരാകും സെഷൻസ് കോടതിയിലുള്ളതെന്ന് മുൻകൂട്ടിക്കണ്ട് പ്രോസിക്യൂട്ടർമാരെ ആശ്രയിക്കാതെ തങ്ങളുടെ ഭാഗം കോടതിയിൽ കൃത്യമായി അവതരിപ്പിക്കാനാണ് കേസിൽ ഇ.ഡി കക്ഷി ചേരുന്നത്.

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും സംസ്ഥാന സർക്കാരിന് ഇ.ഡി കത്ത് നൽകും. സംസ്ഥാന സർക്കാരിന്റെ ഉത്തരവിലൂടെ സി.ബി.ഐ അന്വേഷണത്തിന് അനുമതി തേടാനാണ് ഇ.ഡിയുടെ നീക്കം. പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ 2024 ൽ ഇ.ഡിക്കെതിരെ സമാനമായ ആക്രമണം ഉണ്ടായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഇ.ഡി നൽകിയ ഹർജിയിൽ അനുകൂല നിലപാടുണ്ടായിട്ടില്ല. അന്ന് അറസ്റ്റിലായ പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ലെന്നതും കേരള സി.പി.എമ്മിനെ അങ്കലാപ്പിലാഴ്ത്തുന്നുണ്ട്. തലസ്ഥാനത്ത് ഇ.ഡിക്ക് നേരെയുണ്ടായ ആക്രമസംഭവത്തിൽ സി.പി.എം പാർട്ടിക്കുള്ളിലും പ്രതിഷേധം ഉയരുകയാണ്. പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ തടയാൻ പാർട്ടിക്കാരുണ്ടാകുമെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൾക്കെതിരെ അന്വേഷണം വന്നാൽ അതിലേക്ക് പാർട്ടിക്കാരെ വിളിക്കരുതെന്നും കൊല്ലത്ത് സി.പി.എം ഏരിയ കമ്മിറ്റി യോഗങ്ങളിൽ വിമർശനം ഉയർന്നത് ഇതിന്റെ ഭാഗമായാണ്.

അക്രമ സംഭവത്തിൽ പിണറായി വിജയന് നേരിട്ട് പങ്കില്ലെങ്കിലും സി.പി.എം നേതാക്കളും പ്രവർത്തകരും അക്രമികളും ചേർന്ന് കാട്ടിക്കൂട്ടിയ വിക്രിയകൾ ഫലത്തിൽ പിണറായി വിജയനും മകൾക്കും എതിരായ ഇ.ഡി നടപടികൾ കടുപ്പിക്കാൻ മാത്രമാണുപകരിച്ചത്. വീണയ്ക്കെതിരായി തെളിവുകൾ ലഭിച്ചുവെന്നും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നും ഇ.ഡി വ്യക്തമാക്കിയത് ഇതിന്റെ തുടർച്ചയാണെന്നാണ് കരുതുന്നത്. എന്നാൽ പാർട്ടി നേതൃത്വമോ നേതാക്കളോ ഇതൊന്നും മനസ്സിലാക്കാതെ ഇപ്പോഴും മൂഢസ്വർഗത്തിൽ വിഹരിക്കുന്നുവെന്നാണ് പല നേതാക്കളുടെയും നിലപാടുകളും പ്രസ്താവനകളും സൂചിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY