SignIn
Kerala Kaumudi Online
Saturday, 06 June 2026 2.03 AM IST

മർജാൻ; അകാലത്തിൽ അസ്തമിച്ച വിസ്മയം

s

മർജാൻ സത്രപി. ഒരിക്കൽ ഇറാനിയൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ടെഹ്റാനിൽ നിന്നുയിർകൊണ്ട കരുത്തുറ്റ പെൺശബ്ദം. ഇന്ന് പ്രണയത്തിന്റെ നഗരമായ പാരീസിൽ ഏകാന്തതയുടെ നടുവിൽ പ്രിയതമന്റെ വേർപാടിൽ ഹൃദയംപൊട്ടി കാറ്റിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഇറാനിയൻ-ഫ്രഞ്ച് ഗ്രാഫിക് നോവലിസ്റ്റും സംവിധായികയുമായ മർജാന്റെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മരിച്ചത്. വയസ് 56. സ്വീഡിഷ് നടനും നിർമ്മാതാവുമായ ഭർത്താവ് മാത്തിയസ് റിപ കഴിഞ്ഞ വർഷം ഏപ്രിലിൽ 53 -ാം വയസിൽ മരണമടഞ്ഞിരുന്നു.

മാത്തിയസിന്റെ മരണകാരണം സ്വകാര്യത മാനിച്ച് കുടുംബം വെളിപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ മരണം മർജാനെ മാറ്റിമറിച്ചിരുന്നു. മൂർച്ചയേറിയ വാൾ പോലെയായിരുന്ന അവരുടെ ശബ്ദം തണുത്ത് മരവിച്ച പോലെയായി. മൂന്ന് പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന മാത്തിയസിന്റെ വേർപാട് അവരുടെ ശക്തി അപ്പാടെ ചോർത്തി. അവരുടെ മരണം മാത്തിയസിന്റെ വിയോഗം സൃഷ്ടിച്ച മാനസികാഘാതം മൂലമാണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. 'അതിയായ ദുഃഖം താങ്ങാനാവാതെയുള്ള മരണം' എന്നാണ് പറയുന്നത്.

വൈദ്യശാസ്ത്രപരമായ ഒരു കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. ഒരുപക്ഷേ,​ കടുത്ത മാനസികാഘാതം മൂലം ഹൃദയപേശികൾ ദുർബലമാകുന്ന സ്ട്രെസ് കാർഡിയോമയോപ്പതി (ബ്രോക്കൺ ഹാർട്ട് സിൻഡ്രോം) ആകാം. ഒന്നും പറയാതെ പെട്ടെന്നൊരു ദിനം മാഞ്ഞുപോയ മർജാനും അവരുടെ ജീവിതവും ഒരു ഗ്രാഫിക് നോവൽ പോലെ ആയിരങ്ങളുടെ മനസിൽ നിറയുകയാണ്.

അനീതിക്കെതിരായ ശബ്ദം

1969ൽ കാസ്പിയൻ കടൽത്തീരത്തെ ഇറാനിയൻ നഗരമായ റാഷ്തിലാണ് മർജാന്റെ ജനനം- പർവതങ്ങൾക്കും കടൽത്തീരത്തിനും മദ്ധ്യേയുള്ള ആ മനോഹര നഗരത്തിലെ ഒരു ഉന്നത-മദ്ധ്യവർഗ കുടുംബത്തിൽ. മർജാൻ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബം ടെഹ്റാനിലേക്ക് ചേക്കേറി. അനീതിക്കെതിരെ ശബ്ദമുയർത്തുന്ന റിബലായി മാറാൻ മർജാനെ സ്വാധീനിച്ചത് അവരുടെ കുടുംബ പശ്ചാത്തലമായിരുന്നു. അച്ഛനും അമ്മയും ആക്ടിവിസ്റ്റുകളായിരുന്നു. അവസാന ഷാ ഭരണകൂടത്തിനെതിരെ അവർ ഇടതുപക്ഷ ആശയങ്ങളിലൂന്നി പ്രതിഷേധിച്ചു.

ഷാ ഭരണം അവസാനിപ്പിച്ച് ഇസ്ലാമിക വിപ്ലവം അരങ്ങേറി. പല ഭരണകൂടങ്ങൾക്ക് കീഴിൽ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അറസ്റ്റിലാകുന്നതും കൊല്ലപ്പെടുന്നതുമൊക്കെ കണ്ടുംകേട്ടുമാണ് മർജാൻ വളർന്നത്. ഇച്ഛാശക്തി വേണമെന്നും അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്നും മകളെ പഠിപ്പിച്ച മാതാപിതാക്കൾക്ക് വൈകാതെ അവളുടെ സുരക്ഷയോർത്ത് ആശങ്കപ്പെടേണ്ടി വന്നു.

ഇസ്ലാമിക് ഭരണകൂടത്തിന്റെ സദാചാര കോഡുകൾ അവർക്ക് അംഗീകരിക്കാനായില്ല. അങ്ങനെ മകളെ അവർ ഓസ്ട്രിയയിൽ പഠനത്തിനയച്ചു. എന്നാൽ, രോഗങ്ങളും ബുദ്ധിമുട്ടുകളും കാരണം ഇറാനിൽ തിരിച്ചെത്തി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ഡിഗ്രിയെടുത്ത മർജാൻ, 21 -ാം വയസിൽ റെസ എന്ന സൈനികനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു. ഭരണകൂടത്തോടുള്ള എതിർപ്പ് ശക്തമായതോടെ ഫ്രാൻസിലേക്ക് പോയ മർജാനോട് അവിടെ സ്ഥിരതാമസമാക്കാൻ കുടുംബം നിർദ്ദേശിച്ചു. 1994 മുതൽ ഫ്രഞ്ച് മണ്ണിലായിരുന്നു അവരുടെ ജീവിതം. 1996ലാണ് മാത്തിയസിനെ വിവാഹം ചെയ്തത്.


ആഗോള പ്രശസ്തി

പേർഷ്യനും ഇംഗ്ലീഷും അടക്കം ആറ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന മിടുക്കി. വാക്കുകൾക്കൊപ്പം ചിത്രങ്ങളും സംയോജിപ്പിച്ച് കോമിക്സ് ശൈലിയിലുള്ള ഗ്രാഫിക് നോവലുകളിലൂടെ ശ്രദ്ധനേടി. 'പേഴ്‌സ‌പോളിസ് ' എന്ന ആത്മകഥാപരമായ ഗ്രാഫിക് നോവൽ പരമ്പരയിലൂടെയാണ് ലോകം അവരെ അറിയുന്നത്. നോവൽ 2007ൽ സിനിമാരൂപത്തിലെത്തി കാൻ ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടി. വിൻസെന്റ് പരോനോഡുമായി ചേർന്ന് മർജാൻ തന്നെയായിരുന്നു സംവിധാനം.

രാഷ്ട്രീയപരമായ എതിർപ്പും മൂർച്ചയേറിയതും ഇരുണ്ടതുമായ നർമ്മവും ഇടകലർന്ന ദൃശ്യശൈലി ഗ്രാഫിക് നോവലിസ്റ്റെന്ന നിലയിൽ അവരെ വേറിട്ടതാക്കി. ചിക്കൻ വിത്ത് പ്ലംസ്, എംബ്രോയ്‌ഡറീസ് എന്നിവയും ശ്രദ്ധിക്കപ്പെട്ടു. വിരലിലെണ്ണാവുന്ന ചിത്രങ്ങളേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും ആഗോളതലത്തിൽ മുദ്ര പതിപ്പിക്കാൻ സാധിച്ചു. മേരി ക്യൂറിയുടെ ജീവിതകഥ പറയുന്ന 'റേഡിയോ ആക്ടീവ്' (2019), റയാൻ റെയ്‌നോൾഡ്സ് നായകനായെത്തിയ 'ദ വോയ്‌സസ് ' (2014) എന്നിവ ഉദാഹരണം.

ആക്ടിവിസ്റ്റ്

ആക്ടിവിസ്റ്റ് എന്ന നിലയിലും മർജാൻ സജീവമായിരുന്നു. ഇറാനിൽ 2022ൽ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു. ഇറാനിയൻ യുവാക്കൾക്കും കലാകാരൻമാർക്കും വിമതർക്കും വിസ നിരസിക്കുന്ന ഫ്രാൻസ്, ഇറാനിയൻ സമ്പന്നരുടെ കുടുംബങ്ങളെ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രഞ്ച് സർക്കാരിന്റെ ലീജൺ ഒഫ് ഓണർ ബഹുമതി കഴിഞ്ഞ വർഷം മർജാൻ നിരസിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY