SignIn
Kerala Kaumudi Online
Friday, 10 July 2026 3.18 AM IST

പാർട്ടിക്കോട്ടയിലെ ഭിന്നസ്വരം വിമതപക്ഷത്തേക്ക് ചായുമ്പോൾ

1

തിരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണത്തിന് പിന്നാലെ വിമതരെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വീണ്ടും ചൂടേറിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിതെളിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ യു.ഡി.എഫിനൊപ്പം ചേർന്ന് വിജയിച്ച പയ്യന്നൂർ എം.എൽ.എ വി.കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പ് എം.എൽ.എ ടി.കെ.ഗോവിന്ദനെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുള്ള നിലപാടാണ് പാർട്ടിക്ക് തലവേദയായത്.

തൊട്ടുപിന്നാലെ ജയരാജനെ തള്ളി,​ സംസ്ഥാന സെക്രട്ടറി എ.വി.ഗോവിന്ദന്റെ പ്രതികരണം വന്നതോടെ വിഷയം വിവാദമായി. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവ് പറ്റിയെന്നും തെറ്റ് തിരുത്തിയാൽ ടി .കെ.ഗോവിന്ദനും വി .കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്നുമാണ് ജയരാജൻ പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി.രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ആരെയും ഒറ്റപ്പെടുത്തി മുന്നോട്ടുപോകില്ലെന്നും ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കി.

എം.വി.ജയരാജന്റെ ചാനൽ അഭിമുഖം പല കോണിലും ചർച്ചയും വിവാദവുമായതോടെ സി.പി.എം ജില്ലാ കമ്മിറ്റിയും വിഷയമേറ്റെടുത്തു. വി.കുഞ്ഞികൃഷ്ണനെയും ടി.കെ.ഗോവിന്ദനെയും തിരികെ പാർട്ടിയിലേക്ക് അടുപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റിയംഗങ്ങളും. തെറ്റു തിരുത്തിയാൽ ആർക്കും പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന പൊതുതത്വമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ അഭിമുഖത്തിൽ പറഞ്ഞത്.

ഈ പരാമർശം, തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിൽ വിമതരോട് പാർട്ടി നിലപാട് മയപ്പെടുത്തി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജയരാജനെ തള്ളിപ്പറയുന്ന നിലയിൽ സംസാരിച്ചതാണ് പിന്നീട് വിവാദത്തിന് ആക്കം കൂട്ടിയത്. ഇക്കാര്യത്തിൽ ഗോവിന്ദൻ പക്വത കൈവിട്ടതായാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. വിഷയം കൂടുതൽ വഷളാക്കിയത് ഗോവിന്ദനാണെന്ന വിമർശനവും കമ്മിറ്റിക്കകത്ത് ഉയർന്നു. നിർണായക ഘട്ടത്തിൽ പാർട്ടിയെ പിന്നിൽനിന്ന് കുത്തിയവർക്കെതിരെ ഒത്തുതീർപ്പ് വേണ്ടെന്ന കടുത്ത അഭിപ്രായമാണ് ജില്ലാ കമ്മിറ്റിയിൽ ഭൂരിഭാഗവും മുന്നോട്ടുവെച്ചത്.

കുഞ്ഞിക്കൃഷ്ണനെയും ഗോവിന്ദനെയും അവഗണിക്കുക എന്ന നിലപാടാണ് സ്വീകരിക്കേണ്ടതെന്നാണ് പൊതുവികാരം. പാർട്ടിക്ക് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് ഇവരെ പൂർണമായി മാറ്റിനിർത്തുന്നത് വിവാദത്തിന് വഴിവയ്ക്കുമെന്നതിനാൽ അതിൽനിന്ന് വിട്ടുനിൽക്കാനും, നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് ഇവരെ അടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി. വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തി മുന്നണിക്കെതിരെ സമരമുഖം തുറക്കേണ്ട ഘട്ടത്തിൽ, പാർട്ടിക്കകത്തെ ഇത്തരം തർക്കം പുറത്തുവരുന്നത് വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലുമുണ്ടായി. മാദ്ധ്യമങ്ങൾ ആഘോഷിക്കുമെന്ന് കണ്ട് നേതാക്കൾ കൂടുതൽ സംയമനം പാലിക്കണമെന്ന അഭിപ്രായവും ഉയർന്നു.

ജയരാജന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ജയരാജനെ പരസ്യമായി തള്ളി രംഗത്തെത്തിയത് . ഇതിനിടെ, ആരുടെ തെറ്റാണ് ആദ്യം തിരുത്തേണ്ടതെന്ന മറുചോദ്യവുമായി എം.എൽ.എമാരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടർന്നു. ജയരാജന്റെ നിലപാട് പാർട്ടിയുടേതല്ലെന്ന് വ്യക്തമാക്കി ഗോവിന്ദൻ പ്രതികരിച്ചത്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണെന്നും ജി.സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും ചെയ്തത് വഞ്ചിക്കലും ചതിയുമാണെന്നും അദ്ദേഹം കടുപ്പിച്ചു പറഞ്ഞു. തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് ലോകമെമ്പാടും ബാധകമായ ഒരു പൊതുനിയമമാണെന്നും, അതിനപ്പുറം ഇവർക്ക് പ്രത്യേക പരിഗണനയില്ലെന്നും വ്യക്തമാക്കി. ഓരോരുത്തരും ഓരോ ചാനലിലിരുന്ന് പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നും കടുത്ത ഭാഷയിൽ കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിൽ നിലപാട് വിശദീകരിച്ച് വീണ്ടും ജയരാജൻ രംഗത്തെത്തി. തിരുത്താത്ത പക്ഷം വിമതരായി മത്സരിച്ചവർ വഞ്ചകരാണെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് യു.ഡിഎഫ് എതിർത്ത പല കാര്യങ്ങളും ഇപ്പോൾ അവർ നടപ്പാക്കുന്നു. തിരുത്താനുള്ള അവസരം അവർക്ക് യു.ഡി.എഫ് ഒരുക്കിക്കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം വിദേശ നിക്ഷേപം, പി.എം ശ്രീ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം എന്നിവയിൽ വിമത എം.എൽ.എമാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ ഭവനം സന്ദർശിച്ചതിൽ വിനോദിനി ബാലകൃഷ്ണൻ പ്രകടിപ്പിച്ച അഭിപ്രായത്തിലും ജയരാജൻ പ്രതികരിച്ചു - അത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആതിഥ്യമര്യാദ നിഷേധിക്കാനാവില്ലെങ്കിലും അമിതമായ സ്വീകരണം ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആർക്കാണ് തെറ്റുപറ്റിയതെന്ന് കുഞ്ഞിക്കൃഷ്ണനും ടി.കെ. ഗോവിന്ദനും

ചെയ്ത തെറ്റ് എന്താണെന്ന് പാർട്ടി ആദ്യം വ്യക്തമാക്കണമെന്നും തെറ്റ് ചൂണ്ടിക്കാട്ടാതെ അത് തിരുത്താൻ കഴിയില്ലല്ലോ എന്നും പയ്യന്നൂർ എം.എൽ.എ വി.കുഞ്ഞിക്കൃഷ്ണൻ തിരിച്ചടിച്ചു. എന്നും കമ്യൂണിസ്റ്റുകാരനായി തുടരുമെന്നും വേറെ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ബോധപൂർവം യു.ഡി.എഫുകാരനാക്കി ചിത്രീകരിക്കാനുള്ള വാശിയിലാണ് സി.പി.എമ്മും മുഖപത്രവുമെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചു പോക്കുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടിയാണ് പുറത്താക്കിയത്. ഞാൻ പാർട്ടി വിട്ട് വന്നതല്ല. അവരാണ് നിലപാടെടുക്കേണ്ടത്. ഉന്നയിച്ച കാര്യങ്ങൾ പാർട്ടി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയതെന്നും യഥാർത്ഥ വർഗവഞ്ചകർ ആരാണെന്ന് ജനങ്ങൾക്കറിയാമെന്നും ടി.കെ.ഗോവിന്ദൻ എം.എൽ.എ പ്രതികരിച്ചു. എം.വി. രാഘവന്റെയും സി.എം.പിയുടെയും തിരിച്ചുവരവ് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദനോട്, രാഘവൻ ബോധമില്ലാത്ത അവസ്ഥയിലും സി.എം.പി രാഘവന്റെ മരണശേഷവുമാണ് പാർട്ടിയിലേക്ക് മടങ്ങിയതെന്ന് ടി.കെ. ഗോവിന്ദൻ തിരുത്തി. പി.എം ശ്രീ, വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.എം.ശ്രീയിൽ ഒപ്പിട്ടത് എൽ.ഡി.എഫ് സർക്കാരാണെന്നും, പിന്മാറാൻ യു.ഡി.എഫിന് എളുപ്പമല്ലെന്നും ഇരുവരും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY