
കൊച്ചി: കരുവന്നൂർ സഹ. ബാങ്കിലെ 300 കോടിയുടെ വായ്‌പാ - നിക്ഷേപ തട്ടിപ്പിലെ കള്ളപ്പണയിടപാട് കേസിൽ കെ. രാധാകൃഷ്ണൻ എം.പി, എ.സി.മൊയ്‌തീൻ എം.എൽ.എ എന്നിവരുൾപ്പെടെ സി.പി.എം നേതാക്കൾ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കലൂരിലെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, നേതാക്കളായ കെ.സി.പ്രേമരാജൻ, എ.ആർ.പീതാംബരൻ, എം.ബി.രാജൻ, എം.ബി.രാജു എന്നിവരും ഹാജരായി. പ്രതിസ്ഥാനത്തുള്ള സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ആരും ഹാജരാകാത്തതിനാൽ 21ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. 28 പ്രതികളിൽ മറ്റുള്ളവർക്കും 21ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. തട്ടിപ്പിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജാമ്യമെടുത്തത്. ഇവരെ പിന്നീട് കുറ്റപത്രം വായിച്ചുകേൾപ്പിക്കും. ഇ.ഡി അന്വേഷിച്ച കേസിലെ അധിക കുറ്റപത്രത്തിലാണ് സി.പി.എം നേതാക്കളെ പ്രതികളാക്കിയത്. അധിക കുറ്റപത്രത്തിൽ 28 പ്രതികളുണ്ട്. ആദ്യ കുറ്റപത്രം പ്രകാരം വിചാരണ ആരംഭിച്ചിരുന്നു. ആകെ 83 പ്രതികളുണ്ട്.
സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ കെട്ടിച്ചമച്ച കേസാണിത്. ഞങ്ങൾ തെറ്റൊന്നും ചെയ്‌തിട്ടില്ല. സി.പി.എം അംഗങ്ങളായതിനാലാണ് പ്രതികളാക്കിയത്.
കെ. രാധാകൃഷ്ണൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |