SignIn
Kerala Kaumudi Online
Sunday, 05 July 2026 5.22 PM IST

'വർഗവഞ്ചകരെ തിരിച്ചെടുക്കില്ല', എംവി ഗോവിന്ദന്റെ തിരുത്തലിന് പിന്നാലെ വിമതർക്കെതിരെ ചോദ്യങ്ങളുമായി എംവി ജയരാജൻ

govindan-jayaraj
എംവി ഗോവിന്ദൻ, എംവി ജയരാജൻ.

കണ്ണൂർ/തിരുവനന്തപുരം: കണ്ണൂരിലെ പാർട്ടി വിട്ട മുൻ നേതാക്കളുടെ തിരിച്ചുവരവിനെച്ചൊല്ലി സിപിഎമ്മിനുള്ളിൽ പരസ്യ ഭിന്നത. തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരെ തിരിച്ചെടുക്കാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ നിലപാട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൂർണമായി തള്ളിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുഡിഎഫ് സർക്കാരിനെയും മൂന്ന് വിമത എംഎൽഎമാരെയും ലക്ഷ്യമിട്ട് ജയരാജൻ വീണ്ടും രംഗത്തെത്തി.

കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിലാണ് എം.വി. ജയരാജൻ പാർട്ടി വിട്ടവരോട് ആദ്യം മൃദസമീപനം എടുത്തത്. എം.വി. രാഘവനെയും കെആർ ഗൗരിയമ്മയെയും വരെ അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുപറ്റിയെന്ന് കരുതി പഴയ സഖാക്കളെ ഒറ്റപ്പെടുത്തുന്ന ശൈലി പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്നും പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം ആദ്യം പറഞ്ഞു. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് ടി.കെ. ഗോവിന്ദൻ സന്ദർശിച്ചതിനെ ന്യായീകരിച്ച ജയരാജൻ, ആതിഥ്യ മര്യാദ കാണിക്കുന്നതിൽ തെറ്റില്ലെന്നും കൂട്ടിച്ചേർത്തു.


ജയരാജന്റെ ഈ പ്രസ്താവനകളെ പൂർണമായും തള്ളിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. 'ജയരാജൻ സംസാരിച്ചത് പാർട്ടിയുടെ ഭാഗമായല്ല. ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും എന്നത് ശരിയാണ്, എന്നാൽ വർഗവഞ്ചനയാണ് ഇവിടെ നടന്ന തെറ്റ്. ജി. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയവരും വിമതരായി മത്സരിച്ചവരുമാണ്. ഇത്തരക്കാരെ വർഗവഞ്ചകരായി തന്നെ കാണും, അവരെ വിമർശിക്കുന്നത് തുടരും.'- എം.വി. ഗോവിന്ദൻ വ്യക്തമാക്കി.


ഇതിനോട് 'ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ജയരാജൻ ആദ്യം പറയട്ടെ' എന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ മറുപടി. സംസ്ഥാന സെക്രട്ടറിയുടെ പരസ്യ തിരുത്തലിന് പിന്നാലെയാണ് വിമത എംഎൽഎമാർക്ക് തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് പറഞ്ഞുകൊണ്ട് എം.വി. ജയരാജൻ വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്. യുഡിഎഫ് സർക്കാരിന്റെ ബിജെപി അനുകൂല നിലപാടുകളെ ചോദ്യം ചെയ്യാൻ വിമതർ തയ്യാറാകുമോ എന്നാണ് ജയരാജൻ ചോദിച്ചത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ 'പിഎം ശ്രീ' പദ്ധതി നടപ്പാക്കില്ലെന്നും അറബിക്കടലിൽ വലിച്ചെറിയുമെന്നും പറഞ്ഞവർ ഇപ്പോൾ അത് നടപ്പാക്കുകയാണ്. ഇതിൽ മൂന്ന് വിമത എംഎൽഎമാരുടെയും അഭിപ്രായം എന്താണ്? അദ്ദേഹം ചോദിക്കുന്നു. പാവപ്പെട്ടവരുടെ വീടുകളിൽ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കും വിധം പ്രധാനമന്ത്രിയുടെ ലോഗോ വയ്ക്കുന്നതിനെതിരെ തദ്ദേശ മന്ത്രി തന്നെ രംഗത്തുവന്നിട്ടുണ്ട്. ഇതിൽ ഈ മൂന്ന് എംഎൽഎമാരുടെ നിലപാട് എന്താണ്?

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ബിജെപിക്കാരനെയാണ് വച്ചതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അടക്കം പറഞ്ഞിരിക്കുകയാണ്. ഈ നടപടിയോട് ഇവർ യോജിക്കുന്നുണ്ടോ? മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ബിജെപിക്ക് പാദസേവ ചെയ്ത് എസ്‌ഐആർ നടപ്പാക്കിയ ഉദ്യോഗസ്ഥനെയും, പ്രസ് സെക്രട്ടറിയായി ബിജെപി അനുകൂല ചാനലിന്റെ പ്രവർത്തകനെയുമാണ് വച്ചിരിക്കുന്നത്. ഇതിനെയെല്ലാം വിമതർ അനുകൂലിക്കുന്നുണ്ടോ? ഇക്കാര്യങ്ങളിലെല്ലാം വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്നും തെറ്റുകൾ തിരുത്താനുള്ള അവസരം ഉപയോഗിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN, LATESTNEWS, MV JAYARAJ, KERALANEWS, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA