SignIn
Kerala Kaumudi Online
Thursday, 30 July 2026 2.38 AM IST

വരും കരിമ്പുകാലം

ethanol-petrol

എഥനോൾ കലർന്ന പെട്രോളാണ് വാഹനങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന പ്രധാന ലക്ഷ്യത്തിനായി കേന്ദ്രസർക്കാർ വിവിധ വാഹന നിർമ്മാണ കമ്പനികളുമായി ചർച്ച നടത്തി സാങ്കേതിക പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് എഥനോൾ കലർത്തിയ പെട്രോൾ വിൽക്കാൻ അനുമതി നൽകിയത്.

എഥനോൾ ഉത്പാദിപ്പിക്കുന്നതിനു പഞ്ചസാരയാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതിനാൽ പഞ്ചസാര ഉത്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്. പഞ്ചസാര ഉത്പാദനത്തിനു പറ്റിയ വിളനിലങ്ങൾ പത്തനംതിട്ടയിലുണ്ട്. കൃഷി വകുപ്പ് സജീവമായി രംഗത്തിറങ്ങിയാൽ ജില്ലയിൽ പല സ്ഥലങ്ങളിലും മധുരം വിളയിക്കാം.

ഒരുകാലത്ത് പമ്പാ തീരങ്ങളിലും പാടശേഖരങ്ങളിലും കരിമ്പ് സമൃദ്ധമായി വളർന്നിരുന്നു. ജില്ലയിൽ രണ്ടര പതിറ്റാണ്ട് മുമ്പ് മുതലാണ് കരിമ്പു കൃഷി മുരടിച്ചത്. പുളിക്കീഴ് പഞ്ചസാര മില്ലും പന്തളം മന്നം ഷുഗർ മില്ലും ജില്ലയിൽ നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കിയിരുന്നു. രണ്ട് പഞ്ചസാര മില്ലുകളും ഇന്നില്ല. കരിമ്പ് ആട്ടുന്ന നൂറുകണക്കിനു ഗ്രാമീണ മില്ലുകളും ജില്ലയിൽ ഉണ്ടായിരുന്നു. കരിമ്പ് നീരെടുത്ത് ശർക്കര ഉണ്ടാക്കി വിറ്റിരുന്ന കാലം ഇന്ന് മധുരസ്മരണ മാത്രമാണ്. കരിമ്പ് വളർന്ന മണിമല ആറിന്റെയും പമ്പയുടെയും അച്ചൻകോവിലാറിന്റെയും തീരങ്ങൾ ഇന്ന് കാടുപിടിച്ച് കിടക്കുന്നു. പച്ചക്കറി കൃഷിപോലും കാര്യമായി നടക്കുന്നില്ല. കരിമ്പ് ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാനമാണുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് ഈ രംഗത്ത് മുന്നിൽ. കേരളം കരിമ്പ് ഉത്പാദനത്തിൽ പിന്നിലാണ്. ഇടുക്കി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്നത്. 78 ശതമാനമാണ് ഉത്പാദന നിരക്ക്. മറയൂരാണ് ശർക്കരയുടെ ഈറ്റില്ലം. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കരിമ്പിൽ നിന്ന് ശർക്കര ഉത്പാദനമാണ് കൂടുതലായി നടക്കുന്നത്.

സംസ്ഥാനത്ത് കരിമ്പു കൃഷിക്ക് വലിയ ഭീഷണി വിപണി വില ഇല്ലാത്തതും വന്യമൃഗ ശല്യവുമാണ്. മലയോര മേഖലകളിൽ കാട്ടാനങ്ങൾ കരിമ്പ് തിന്നും ചവിട്ടിത്തേച്ചും നശിപ്പിക്കുന്നു. ഇടുക്കിയിലാണ് വന്യമൃഗശല്യം കൂടുതലായുള്ളത്.

എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗം വർദ്ധിക്കുന്നതോടെ കരിമ്പ് കൃഷിക്ക് പത്തനംതിട്ട ജില്ലയിൽ വലിയ സാദ്ധ്യതകളാണുള്ളത്. സർക്കാർ നേരിട്ട് കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വലിയ ചെലവില്ലാത്തതാണ് കരിമ്പുകൃഷി. വന്യ മൃഗശല്യം ഉണ്ടാകാതെ പ്രതിരോധം ഒരുക്കുന്നതാണ് പ്രധാന ചെലവ്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കരിമ്പ് പഞ്ചസാരയാക്കി എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുകയാണ്. ജൂലായ് മുതൽ സെപ്തംബർ വരെ കരിമ്പിന്റെ വിളവെടുപ്പില്ല. ശേഖരിച്ചു വച്ചിരിക്കുന്ന കരിമ്പാണ് ഈ സീസണിൽ എഥനോൾ ഉത്പാദനത്തിനു ഉപയോഗിക്കുന്നത്.

♦ പഞ്ചസാര വില പിടിച്ചുനിറുത്തണം

എഥനോളിനു കരിമ്പ് ആവശ്യമായി വരുമ്പോൾ, കരിമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പഞ്ചസാരയ്ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കാൻ സാദ്ധ്യതയേറെയാണ്. പഞ്ചസാര വില വർദ്ധിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വില വർദ്ധിപ്പിച്ചാൽ കുടുംബ ബഡ്ജിന്റെ താളം തെറ്റും. പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്. പഞ്ചസാര വില സംസ്ഥാനത്ത് ഉയർന്നു തുടങ്ങിയിട്ടുണ്ട്. പഞ്ചസാര വില വർദ്ധിച്ചാൽ ബേക്കറി ഉത്പ്പന്നങ്ങളുടെയും വിലയേറും. കേക്ക്, പഫ്‌സ്, ജിലേബി, ലഡു, ബിസ്‌കറ്റ് എന്നിവയുടെ ഉത്പാദനത്തിന് പഞ്ചസാര അനിവാര്യമാണ്.

എഥനോൾ ഉത്പാദിപ്പിക്കാൻ പഞ്ചസാര മാത്രമല്ല കാർഷിക വിളകളിൽ നിന്നുള്ള അന്നജവും ആവശ്യമാണെന്ന് അനേർട്ടിലെ മുൻ സയന്റിസ്റ്റ് പുല്ലാട് സ്വദേശിയുമായ കുമാർ പറഞ്ഞു. കരിമ്പ്, ധാന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ എന്നിവയാണ് എഥനോൾ ഉത്പാദനത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. കരിമ്പ്, ചീനി, മധുരക്കിഴങ്ങ്, ചോളം, ഗോതമ്പ്, അരി, മരച്ചീനി സെല്ലുലോസ് അടങ്ങിയ വൈക്കോൽ എന്നിവ ഇതിനു ഉപയോഗിക്കുന്നു. അതിനാൽ നെൽക്കൃഷി അടക്കമുള്ളവയ്ക്കും എഥനോൾ നല്ലകാലം സമ്മാനിക്കും.

♦ കൃഷി വ്യാപകമാക്കണം

കരിമ്പ് കൃഷി വ്യാപകമാക്കിയാൽ കർഷകർക്ക് മാത്രമല്ല വരുമാന വർദ്ധനവ് ഉണ്ടാക്കുന്നത്. ചെറുകിട സംരംഭമായി പഞ്ചസാര ഫാക്ടറികൾ ആരംഭിക്കാം. അതുവഴി നിരവധി പേർക്ക് തൊഴിലവസരം ലഭിക്കും. കരിമ്പ് ചതച്ച് ശർക്കര ഉത്പാദിപ്പിക്കുന്ന നിരവധി ചെറുകിട സംരംഭകർ ജില്ലയിലുണ്ടായിരുന്നു. കരിമ്പുകൃഷി പുനരാരംഭിക്കുന്നതോടെ ശർക്കര ഉത്പാദനത്തിലും പുതുചരിത്രം രചിക്കാം. ജില്ല ഒരിക്കൽ കൂടി പഴയ കരിമ്പ് കൃഷിയിലേക്ക് ശ്രദ്ധതിരിക്കണമെന്നാണ് കൃഷി വിദഗ്ദ്ധരും ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY