SignIn
Kerala Kaumudi Online
Friday, 12 June 2026 3.15 AM IST

വൈദ്യുതി ബോർഡിന്റെ സ്വകാര്യവത്കരണം

e

കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തിൽ സംസ്ഥാന വൈദ്യുതി ബോർഡിനെ സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്നതായി പ്രസ്താവിച്ചിരിക്കുന്നു. വൈദ്യുതി ബോർഡ് പ്രതിവർഷം വരുത്തിവയ്ക്കുന്ന 6000 കോടിയുടെ നഷ്ടം നികത്താൻ സ്വകാര്യവത്കരണം കൊണ്ടുമാത്രമേ സാധിക്കുകയുള്ളു എന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. അതേസമയം, സ്വകാര്യവത്കരണം എന്ന ആശയത്തെ പൂർണമായും എതിർത്ത് ബോർഡിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സംഘടനകൾ ഇതിനകം രംഗത്തു വന്നുകഴിഞ്ഞു.

മൂന്ന് ദശാബ്ദങ്ങൾക്കുമുമ്പ്,​ തൊള്ളായിരത്തി തൊണ്ണൂറുകളിൽ രാജ്യത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ കാലമായിരുന്നു. വൈദ്യുതി വിതരണരംഗത്ത് ഏതാണ്ട് സമ്പൂർണ ആധിപത്യം പുലർത്തിയിരുന്ന രാജ്യത്തെ വൈദ്യുതി ബോർഡുകൾ അവരുടെ കെടുകാര്യസ്ഥതമൂലം വരുത്തിവച്ച നഷ്ടം 30,000 കോടിയിലധികമായിരുന്നു. സ്വകാര്യ വൈദ്യുതി നിലയങ്ങളിൽ നിന്ന് വൈദ്യുതി ബോർഡുകൾ വാങ്ങിയ വൈദ്യുതിയുടെ വിലയിൽ ഭീമമായ കുടിശിക വരുത്തിയതോടെ വൈദ്യുതി നിലയങ്ങളുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായി.

ഇൗ അവസ്ഥ മറികടക്കുന്നതിന് വൈദ്യുതി മേഖലയിൽ സമൂല പരിഷ്കരണങ്ങളുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ് 2003ലെ വൈദ്യുതി നിയമം. സ്വകാര്യ നിലയങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അവർക്ക് വിശ്വാസമുള്ള വൻകിട ഉപഭോക്താക്കൾക്കും വിതരണ ഏജൻസികൾക്കും വിൽക്കാൻ അനുമതി നൽകുന്ന Open Access അഥവാ തുറന്ന വിപണിയാണ് 2003ലെ വൈദ്യുതി നിയമം കൊണ്ടുവന്ന അടിസ്ഥാന പരിഷ്കാരം.

വൈദ്യുതി നിയമം നടപ്പിൽവന്ന് ഒരുവർഷത്തിനുള്ളിൽ (2004നുള്ളിൽ) വൈദ്യുതി ബോർഡുകൾ പിരിച്ചുവിട്ട് ആ സ്ഥാനത്ത് ഒന്നോ അതിലധികമോ കമ്പനികൾ രൂപീകരിക്കണമെന്നതായിരുന്നു നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥ. സംസ്ഥാന വൈദ്യുതി ബോർഡുകൾ നാല് വിഭാഗങ്ങളായാണ് പ്രവർത്തിച്ചിരുന്നത്.

1.ഗാർഹിക ഉപഭോക്താക്കൾക്കും മറ്റു ചെറുകിട ഉപഭോക്താക്കൾക്കും വൈദ്യുതി എത്തിച്ചുനൽകുന്ന വിതരണ വിഭാഗം

2.വൈദ്യുതി നിലയങ്ങളിൽ നിന്ന് വിതരണ വിഭാഗത്തിലേക്ക് വൈദ്യുതി കടത്തികൊണ്ടുവരുന്ന പ്രസരണ വിഭാഗം

3.വൈദ്യുതി ഉപഭോഗത്തിലെ വ്യതിയാനമനുസരിച്ച് വൈദ്യുതി നിലയങ്ങൾക്കും സബ് സ്റ്റേഷനുകൾക്കും നിർദ്ദേശങ്ങൾ നൽകുന്ന 'ലോഡ് ഡെസ്‌പാച്ച് സെന്റർ'

4.വൈദ്യുതി നിലയങ്ങൾ

ഇതുപ്രകാരം വൈദ്യുതി ബോർഡുകളെ കമ്പനിവത്കരിക്കുമ്പോൾ പാലിക്കേണ്ട രണ്ട് പ്രധാന വ്യവസ്ഥകൾ ഇവയാണ്:

പ്രസരണ വിഭാഗത്തിന് വിതരണ വിഭാഗവുമായി യാതൊരു ബന്ധവും പാടില്ല. വിതരണ രംഗത്ത് സ്വകാര്യ ഏജൻസികൾ കടന്നുവരുമ്പോൾ പ്രസരണ വിഭാഗം പക്ഷപാതപരമായി പ്രവർത്തിക്കുന്നത് ഒഴിവാക്കാനാണിത്.

ലോഡ് ഡെസ്‌പാച്ച് സെന്റർ ഒരു സർക്കാർ കമ്പനിയോ, നിയമസഭ പാസാക്കുന്ന ഒരു നിയമത്തിലൂടെ രൂപീകൃതമായ സ്ഥാപനമോ ആയിരിക്കണം. ഇത് വൈദ്യുതിയുടെ കച്ചവടത്തിൽ ഏർപ്പെടാൻ പാടില്ല.

ഇൗ വ്യവസ്ഥകൾ പാലിക്കുമ്പോൾ വൈദ്യുതി ബോർഡിനെ വിതരണ വിഭാഗം, പ്രസരണവിഭാഗം, ലോഡ് ഡെസ്‌പാച്ച് സെന്റർ എന്നിങ്ങനെ കുറഞ്ഞത് മൂന്ന് കമ്പനികളായെങ്കിലും വിഭജിക്കേണ്ടിവരും. പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് നിയമത്തിന്റെ നക്കൽ പലപ്രാവശ്യം പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും, പകർപ്പ് സംസ്ഥാന സർക്കാരുകൾക്കും വൈദ്യുതി ബോർഡുകൾക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. മറുപടിയായി ലഭിച്ച 200ഓളം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച ശേഷമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

എന്നാൽ, കേരള സർക്കാരോ വൈദ്യുതി ബോർഡോ, ബന്ധപ്പെട്ട ഏതെങ്കിലും സംഘടനയോ ബില്ലിനെക്കുറിച്ച് ഒരഭിപ്രായവും, കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നില്ല. ഒടുവിൽ, പാർലമെന്റ് ഐകകണ്ഠേന പാസാക്കിയ നിയമം വിജ്ഞാപനമായി അച്ചടിച്ചുവന്നപ്പോഴാണ് വൈദ്യുതി ബോർഡ് വിഭജിക്കുന്ന നിയമം ബോർഡിലെ സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. വൈദ്യുതി ബോർഡ് വിഭജിക്കപ്പെട്ടാൽ തങ്ങളുടെ വിലപേശൽ ശക്തിചോർന്നു പോകുമെന്ന് ഭയന്ന സംഘടനാ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ബോർഡിന്റെ പുന:സംഘടനയോടൊപ്പം വൈദ്യുതി വിതരണത്തിലെ സ്വകാര്യവത്കരണത്തെയും അവർ എതിർത്തു.

തുടർന്ന് 2004ൽ പൂർത്തിയാക്കേണ്ടിയിരുന്ന കമ്പനിവത്കരണം ഓരോ മുടന്തൻ തടസവാദങ്ങൾ പറഞ്ഞ് 10 വർഷംവരെ നീട്ടിക്കൊണ്ടുപോയി. ഒടുവിൽ 2013ൽ കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തിന് വഴങ്ങേണ്ടിവന്ന സംസ്ഥാന സർക്കാർ വൈദ്യുതി ബോർഡിനെ കമ്പനി നിയമപ്രകാരമുള്ള ഒരു കമ്പനിയായി പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, 1948ലെ വൈദ്യുതി (സപ്ളൈ) ആക്ടുപ്രകാരം രൂപീകരിച്ച കെ.എസ്.ഇ.ബിയെ കമ്പനി നിയമപ്രകാരം കെ.എസ്.ഇ.ബി ലിമിറ്റഡ് എന്നാക്കി മാറ്റിയതൊഴിച്ചാൽ ബോർഡിന്റെ ഘടനയിലോ പ്രവർത്തനത്തിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഇത് നിയമവിരുദ്ധമായ നടപടിയാണ്. കേരളത്തിൽ മാത്രമാണ് വൈദ്യുതി ബോർഡിനെ ഇങ്ങനെ ഒരു കമ്പനിയായി നിലനിറുത്തിയിട്ടുള്ളത്.

വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ

വൈദ്യുതി മേഖലയിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് അർദ്ധ ജുഡിഷ്യൽ അധികാരങ്ങളുള്ള വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ്. ചെയർമാനും രണ്ടംഗങ്ങളും അടങ്ങുന്നതാണ് കമ്മിഷൻ. സർക്കാർ തിരഞ്ഞെടുക്കുന്ന ഒരു മുൻ ഹൈക്കോടതി ജഡ്ജി, സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെ ഒരു പ്രതിനിധി എന്നിവരടങ്ങുന്ന ഒരു സമിതിയാണ് ചെയർമാനേയും അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്.

ഈ സമിതി സർക്കാരിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാതെ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പ്രവർത്തിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. നിർഭാഗ്യമെന്നു പറയട്ടെ, 2003ലെ ആദ്യ കമ്മിഷനുശേഷം നടന്ന മിക്കവാറും എല്ലാ നിയമങ്ങളും സർക്കാരിന് താത്പര്യമുള്ളവർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. സർക്കാരിന്റെയും ബോർഡിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സഹോദര സ്ഥാപനമായാണ് കമ്മിഷൻ പ്രവർത്തിച്ചുവരുന്നത്.

വൈദ്യുതി ബോർഡിന്റെ നിയമവിരുദ്ധമായ കമ്പനിവത്കരണം റദ്ദാക്കി നിയമാനുസൃതമായി കമ്പനിവത്കരണം നടപ്പാക്കുകയും റെഗുലേറ്ററി കമ്മിഷനിലെ പക്ഷപാതപരമായ നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്താൽ മാത്രമേ വൈദ്യുതി മേഖലയിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുവാൻ സാധിക്കുകയുള്ളു.

നിയമപ്രകാരമുള്ള

അഴിച്ചുപണി

രണ്ട് ദശാബ്ദങ്ങൾ മുമ്പുവരെ രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിട്ടിരുന്ന ഇന്ത്യ ഇന്ന് ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറിയിരിക്കുന്നു. അതേസമയം കേരളം ഉപഭോഗത്തിന്റെ 21 ശതമാനംപോലും ഉത്പാദിപ്പിക്കാത്തവിധം രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. 2003ലെ നിയമപ്രകാരമുള്ള അഴിച്ചുപണി നടത്തിയാൽ മാത്രമേ മിതമായ നിരക്കിൽ ഗുണമേന്മയുള്ള വൈദ്യുതി ലഭിക്കാനുള്ള ജനങ്ങളുടെ ന്യായമായ അവകാശം നടപ്പിലാകുകയുള്ളു. അതിനുള്ള തന്റേടവും ഇച്ഛാശക്തിയുമാണ് സർക്കാരിന് ഉണ്ടാകേണ്ടത്.

(മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണറും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമായിരുന്നു ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY