
24 മണിക്കൂർ നീളുന്ന കഠിനമായ ഡ്യൂട്ടി സമയം. ഇതിനിടയിൽ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെയുള്ള നരകയാതന. സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ആരോഗ്യപ്രതിസന്ധിയുമാണ് സംസ്ഥാന ജലഗതാഗത വകുപ്പിലെ ജീവനക്കാർ നേരിടുന്നത്. പ്രശ്നപരിഹാരത്തിനായി വർഷങ്ങളായി അധികൃതർക്ക് മുന്നിൽ അപേക്ഷ നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് ക്ലോസറ്റിൽ ഇരുന്ന് സത്യഗ്രഹം നടത്തുന്ന വേറിട്ട സമരമാർഗത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ജീവനക്കാർ.
സ്റ്റീൽ ബോട്ടുകളും
ഇ- ടോയ്‌ലെറ്റുകളുടെ അവസ്ഥയും
സംസ്ഥാനത്ത് സർവീസ് നടത്തുന്ന 51 ബോട്ടുകളിൽ 36 എണ്ണവും സ്റ്റീൽ ബോട്ടുകളാണ്. ഇവയിൽ ഭൂരിഭാഗത്തിലും ടോയ്‌ലെറ്റ് സൗകര്യമില്ല. അപൂർവം ചില ബോട്ടുകളിൽ ഇ- ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പരിപാലനമില്ലാത്തതിനാൽ അവ നിശ്ചലമാണ്. കാലങ്ങളായി മാലിന്യം നീക്കം ചെയ്യാത്തതിനാൽ ഈ ടോയ്‌ലെറ്റുകൾ പൂർണമായും ഉപയോഗശൂന്യമായി കിടക്കുന്നു. നിലവിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ചില സർവീസുകളിലും വിരലിലെണ്ണാവുന്ന സാധാരണ ബോട്ടുകളിലും മാത്രമാണ് ടോയ്‌ലെറ്റുകളുള്ളത്.
തൊഴിലാളികളുടെ ജോലി ക്രമീകരണം പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാർ രാത്രി അവസാന സർവീസിനുശേഷം ബോട്ട് സ്റ്റേഷനുകളിലോ ജെട്ടികളിലോ കെട്ടിയിട്ട ബോട്ടുകൾക്കുള്ളിലാണ് വിശ്രമിക്കുന്നതും ഉറങ്ങുന്നതും. പ്രധാനപ്പെട്ട പല ബോട്ട് സ്റ്റേഷനുകളിലും ടോയ്‌ലെറ്റ് സൗകര്യമില്ലെന്നതാണ് യാഥാർത്ഥ്യം. രാത്രികാലങ്ങളിൽ കാര്യം സാധിക്കാൻ വെളിപ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് തങ്ങളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഏറെ വേദനയോടെയാണ് ഇത് ചെയ്യുന്നതെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
ടോയ്‌ലെറ്റ് സൗകര്യമില്ലാത്ത പ്രധാന സ്റ്റേഷനുകൾ
എടത്വ
നെടുമുടി
കാവാലം
പുളിങ്കുന്ന്
മനുഷ്യാവകാശ ലംഘനവും ആരോഗ്യപ്രശ്നങ്ങളും
സ്ത്രീകൾ ഉൾപ്പെടെ ബോട്ട് മാസ്റ്റർ തസ്തികകളിലേക്കും മറ്റ് തസ്തികകളിലേക്കും കടന്നുവരുന്ന കാലഘട്ടത്തിലാണ് ജീവനക്കാരോടുള്ള ഈ അനാസ്ഥ. മണിക്കൂറുകളോളം മൂത്രം ഒഴിക്കാതെയും പ്രാഥമിക കർത്തവ്യങ്ങൾ നിർവ്വഹിക്കാതെയുമുള്ള ഡ്യൂട്ടി ജീവനക്കാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. വൃക്കരോഗങ്ങൾ, ഡ്യൂട്ടി സമ്മർദ്ദം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഭൂരിഭാഗം ജീവനക്കാരെയും വേട്ടയാടുന്നു. ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിട്ടും സർക്കാരിന്റെയോ വകുപ്പിന്റെയോ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല.
ബോട്ടുകളിലെ പ്രശ്നം
ടോയ്‌ലെറ്റുകൾ ഇല്ല. ഇ- ടോയ്‌ലെറ്റുകൾ കേടാണ്
ഡ്യൂട്ടിക്കിടയിൽ ഉപയോഗിക്കാൻ കഴിയില്ല
രാത്രി വിശ്രമവേളകൾ ദുസഹമാകുന്നു
ജീവനക്കാരുടെ ആരോഗ്യം
മണിക്കൂറുകളോളം പ്രാഥമിക കൃത്യങ്ങൾ തടഞ്ഞുവയ്ക്കേണ്ടി വരുന്നു. ജീവനക്കാരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു.
അവസാന മാർഗം: ക്ലോസറ്റ് സത്യഗ്രഹം
മറ്റെല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് സമരരംഗത്തിറങ്ങാൻ ജീവനക്കാർ തീരുമാനിച്ചത്. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തങ്ങളിലേക്ക് ക്ഷണിക്കുന്നതിനായി എടത്വ സ്റ്റേഷനു മുന്നിൽ ക്ലോസറ്റിൽ ഇരുന്ന് ഏകദിന സത്യഗ്രഹം അനുഷ്ഠിക്കാനാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിക്കുന്ന ഈ പ്രക്ഷോഭത്തിലൂടെയെങ്കിലും അധികാരികൾ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ജനങ്ങൾക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്ന തൊഴിലാളികൾക്ക് അടിസ്ഥാനപരമായ മാന്യതയോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുകേണ്ടത് സർക്കാരാണ്.
ഭരണകൂടം കടമ മറക്കരുത്
ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും സ്ഥാപനത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വമാണ്. ഡ്യൂട്ടിക്കിടയിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്ത അവസ്ഥ വ്യക്തിപരമായ പ്രയാസം മാത്രമല്ല, ഒരു തൊഴിൽ മേഖലയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം കൂടിയാണ്. ഇത് ശരീരത്തിന് വരുത്തിവയ്ക്കുന്ന ആഘാതം ചെറുതല്ല. സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്ന ഒരു മേഖലയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് അവരെ അതിദയനീയമായ അവസ്ഥയിലേക്ക് തള്ളിയിടുന്നു.
മണിക്കൂറുകളോളം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാതിരിക്കുന്നത് മൂത്രനാളരോഗങ്ങൾ, വൃക്കയിൽ കല്ല്, കടുത്ത ദഹനപ്രശ്നങ്ങൾ, വൻകുടലിനെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഡ്യൂട്ടിക്കിടയിൽ ഏതുനിമിഷവും കാര്യം സാധിക്കേണ്ടി വരുമെന്ന ഭയവും അതിനുള്ള വഴിയില്ലെന്ന തിരിച്ചറിവും കടുത്ത മാനസിക സമ്മർദ്ദത്തിനും ജോലിയിലുള്ള ഏകാഗ്രത കുറയുന്നതിനും വഴിവയ്ക്കുന്നു. വെളിപ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് ഒരു തൊഴിലാളിയുടെ മാന്യതയെയും ആത്മാഭിമാനത്തെയും പരസ്യമായി ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.
നിയമനടപടികൾക്കുള്ള സാദ്ധ്യതകൾ
തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്ന തൊഴിലുടമയ്ക്കെതിരെയും വകുപ്പുകൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ഭരണഘടനയും ഇന്ത്യൻ നിയമസംഹിതകളും അവസരമൊരുക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന 'ജീവിക്കാനുള്ള അവകാശം" എന്നത് കേവലം ശ്വാസമെടുക്കൽ മാത്രമല്ല, മാനുഷികമായ മാന്യതയോടെയുള്ള ജീവിതം കൂടിയാണ്. അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും ശുചിമുറി സൗകര്യവും നിഷേധിക്കുന്നത് ഈ മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാന/ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ നൽകുന്ന ഹർജികളിൽ ശക്തമായ ഉത്തരവുകൾ സമ്പാദിക്കാൻ കഴിയും. ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നിശ്ചിത എണ്ണം തൊഴിലാളികളുള്ള ഏതൊരു സ്ഥാപനത്തിലും കൃത്യമായ അനുപാതത്തിൽ വൃത്തിയുള്ള ടോയ്ലെറ്റുകളും കുടിവെള്ള സൗകര്യവും നിർബന്ധമായും ഉണ്ടായിരിക്കണം.
വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ ജീവനക്കാർക്ക് റിട്ട് ഹർജിയുമായി സംസ്ഥാന ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. മുൻകാലങ്ങളിൽ സമാനമായ വിഷയങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായി കോടതികൾ ഇടപെട്ടിട്ടുണ്ട്. തൊഴിലാളികളുടെ പ്രാഥമികാവശ്യങ്ങൾ നിഷേധിക്കുന്നത് കേവലം ഒരു പരാതിയോ സമരവിഷയമോ ആയി കാണാതെ, അത് തിരുത്തപ്പെടേണ്ട നിയമലംഘനമായി അധികാരികൾ തിരിച്ചറിയണം. സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ അടിയന്തര കടമയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |