
കേരളത്തിലെ വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് ഒരു നല്ല വാർത്ത കേട്ടിട്ട് വർഷങ്ങളായി. ഒന്നുകിൽ ഇടിത്തീ പോലെ വൈദ്യുതി നിരക്ക് കൂട്ടിയ വാർത്തയാവും പുറത്തു വരിക. അല്ലെങ്കിൽ വൈദ്യുതി പ്രതിസന്ധിയുടെയും ലോഡ് ഷെഡിംഗിന്റെയും വർത്തമാനങ്ങൾ. ഇങ്ങനെ പോയാൽ കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് ഓരോ ഉപഭോക്താവിനെയും ഒരു പേടിസ്വപ്നം പോലെ പിന്തുടരുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല. വായ്‌പ എടുത്തായാലും മദ്ധ്യവർഗത്തിലുള്ളവർ സോളാറിലേക്ക് മാറുന്നത് അതിനോടുള്ള താത്‌പര്യത്തിലുപരി കെ.എസ്.ഇ.ബിയെ ഭയന്നിട്ടാണ്. ഒരു പൊതുമേഖലാ സ്ഥാപനത്തെ ജനങ്ങൾ ഒന്നടങ്കം ഭയക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ടെങ്കിൽ അത് ഒരു മുടിഞ്ഞ തറവാടിന് തുല്യമായി എന്ന് വേണം കരുതാൻ.
കേരളത്തിൽ നിന്ന് ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി നമ്മുടെ അമ്പതു ശതമാനം പോലും ആവശ്യങ്ങൾക്ക് തികയില്ല. വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാടിന്റെ സ്ഥിതി നമ്മുടേതിനേക്കാൾ ഗുരുതരമായിരുന്നു. അവർ ഇന്നത് മറികടന്നിരിക്കുന്നു. നമ്മളാകട്ടെ നിന്നിടത്തു തന്നെ നിന്നുകൊണ്ട് മഴയെയും കാലാവസ്ഥയെയുമൊക്കെ പഴിക്കുകയാണ്. സാങ്കേതിക വിദ്യയും ഇലക്ട്രിക് വാഹനങ്ങളും ഉപകരണങ്ങളും ഓരോ വർഷം കഴിയുന്തോറും പതിന്മടങ്ങ് വർദ്ധിക്കുന്നതിനാൽ ഈ വർഷം വേണ്ടിവന്ന കറണ്ടാവില്ല അടുത്ത വർഷം വേണ്ടി വരുന്നത്. ഇത് മുൻകൂട്ടി കണ്ട് പരിഹരിക്കേണ്ടത് വൈദ്യുതി വാങ്ങുകയും പണം നൽകുകയും ചെയ്യുന്ന ജനങ്ങളല്ല. പകരം ആ വകുപ്പ് ഭരിക്കുന്നവരാണ്. ആ അർത്ഥത്തിൽ തികഞ്ഞ ഭരണ പരാജയത്തിന്റെയും ദീർഘദൃഷ്ടിയോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാത്തതിന്റെയും ഉത്തരവാദികളായ ഭരണാധികാരികളും ഉദ്യോഗസ്ഥരുമാണ് നമ്മുടെ വൈദ്യുതി രംഗത്തെ ഇത്രയും കുട്ടിച്ചോറാക്കി മാറ്റിയത് എന്നത് ഖേദത്തോടെയാണെങ്കിലും പറയാതിരിക്കാനാവില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പവർകട്ടും ലോഡ് ഷെഡിംഗും സ്ഥിരമായിരിക്കുന്നു. മഴക്കുറവും റെക്കാഡ് ചൂടും കാരണം പ്രതിദിന വൈദ്യുതി ഉപഭോഗം 9.63 കോടി യൂണിറ്റിലേക്ക് ഉയർന്നപ്പോൾ, സപ്ളൈയിലുണ്ടായ വലിയ കുറവാണ് നിലവിലെ ഇരുട്ടടിക്ക് കാരണമായി വൈദ്യുതി വകുപ്പ് പറയുന്നത്. എത്ര പ്രതിസന്ധിയുണ്ടായാലും വൈദ്യുതി വകുപ്പിന്റെ ഓഫീസർമാരുടെ അസോസിയേഷന്റെ യോഗത്തിൽ മന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ കറണ്ട് പോയത് കാര്യശേഷി ഇല്ലായ്മയുടെ കൂടി ഉദാഹരണമായിട്ടേ ജനങ്ങൾക്ക് കാണാനാകൂ. വാസ്തവം പറഞ്ഞാൽ ഇത്തരം ഭരണാധികാരികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും പ്രതിസന്ധി എന്ന വാക്ക് മാത്രമേ ആവർത്തിച്ച് കേൾക്കാനാവൂ.
ഏറ്റവും ഒടുവിൽ കേട്ടത് വില എത്ര കൂടിയാലും വേണ്ടില്ല വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നാണ്. കെ.എസ്.ഇ.ബിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അടിയന്തരമായി 1000 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാക്കാനാണ് ശ്രമം. ഈ അധിക ബാദ്ധ്യതയെല്ലാം ഒടുവിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിൽ പല രീതികളിൽ വന്നു ചേരുമെന്നതിൽ സംശയിക്കേണ്ടതില്ല. താത്‌കാലിക പരിഹാരങ്ങൾക്കപ്പുറം ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനാവശ്യമായ ആണവ പദ്ധതികൾ ഉൾപ്പെടെയുള്ളവയെക്കുറിച്ച് കേരളം ആലോചിച്ച് തുടങ്ങിയാൽ പോരാ അതു നടപ്പാക്കണം. സർക്കാർ ഓഫീസുകളെല്ലാം സോളാറിൽ പ്രവർത്തിക്കുന്നതാക്കി മാറ്റാനുള്ള അടിയന്തര നടപടിയും സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |