
സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നൂറിലധികം ദിവസങ്ങൾ പിന്നിടുമ്പോഴും കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ വെളിച്ചമാകേണ്ട പ്രമുഖ അക്കാഡമികൾ നാഥനില്ലാതെ കടുത്ത അവഗണനയിലും ഭരണഘടനാപരമായ പ്രതിസന്ധിയിലും. ഭരണസമിതികളുടെ അഭാവം മൂലം അക്കാഡമികളുടെ വാർഷിക പരിപാടികളുടെ കലണ്ടറും പ്രവർത്തനങ്ങളും പൂർണമായും തെറ്റുന്ന അവസ്ഥയാണിപ്പോൾ. കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, ഫോക്‌ലോർ അക്കാഡമി, ചലച്ചിത്ര അക്കാഡമി, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലൊന്നും ഇതേവരെ ഭരണസമിതികളെ നിയമിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. മേയിൽ പുതിയ സർക്കാർ അധികാരമേറ്റയുടൻ മുൻ എൽ.ഡി.എഫ് സർക്കാർ നിയമിച്ച ഭരണസമിതികൾ രാജിവച്ചിരുന്നു. നാലുമാസം തികയാറായിട്ടും ഒരിടത്തും പുനഃസംഘടന നടത്താത്തത് വി.ഡി.സതീശൻ സർക്കാരിന്റെ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര മേളകളുടെ
മുന്നൊരുക്കം മന്ദഗതിയിൽ
ഭരണസമിതി ഭരണമില്ലാത്തത് അക്കാഡമികളുടെ പ്രതിമാസ പരിപാടികളെയും മുൻകൂട്ടി നിശ്ചയിച്ച വൻകിട സാംസ്‌കാരിക മേളകളെയും ബാധിച്ചു കഴിഞ്ഞു. ഡിസംബറിൽ കേരള സാഹിത്യ അക്കാഡമി സംഘടിപ്പിക്കേണ്ട മൂന്നാം അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെയും ജനുവരിയിൽ സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെയും (ഇറ്റ്‌ഫോക്) ഒരുക്കങ്ങൾ പൂർണമായും അനിശ്ചിതത്വത്തിലാണ്. മാസങ്ങൾക്ക് മുമ്പേ മുന്നൊരുക്കം തുടങ്ങേണ്ട ഈ മേളകൾക്ക് ചെയർപേഴ്‌സണോ ഭരണസമിതിയോ ഇല്ലാത്തതിനാൽ ആപ്തവാക്യം നിശ്ചയിക്കാനോ പ്രമുഖ വിദേശ ദേശീയ അതിഥികളെ ക്ഷണിക്കാനോ സാധിക്കുന്നില്ല.
കഴിഞ്ഞ വർഷം ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഇറ്റ്‌ഫോക്കിലെ മാദ്ധ്യമ പുരസ്‌കാരങ്ങൾ പോലും ഒഴിവാക്കുകയും ലളിതമായ രീതിയിൽ മേള നടത്തുകയും ചെയ്തിരുന്നു. ഇത്തവണ കൃത്യസമയത്ത് സംഘാടനം തുടങ്ങാത്തത് ഇറ്റ്‌ഫോക്കിന്റെ ഭാവിയെത്തന്നെ ചോദ്യചിഹ്നമാക്കുകയാണ്. ലളിതകലാ അക്കാഡമിയുടെ വാർഷിക പ്രദർശനത്തിനുള്ള ജൂറി നിയമനവും വഴിമുട്ടിനിൽക്കുകയാണ്.
സ്തംഭനാവസ്ഥയിൽ പുരസ്‌കാരങ്ങളും ക്ഷേമപദ്ധതികളും
സാഹിത്യം, നാടകം, സംഗീതം, ദൃശ്യകല തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരങ്ങളും ഫെല്ലോഷിപ്പുകളും നിർണയിക്കുന്നതും പ്രഖ്യാപിക്കുന്നതും അക്കാഡമി ഭരണസമിതികളാണ്. ഭരണസമിതികളുടെ അഭാവത്തിൽ ഇവയുടെ പ്രക്രിയകളെല്ലാം സ്തംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന കലാകാരന്മാർക്കുള്ള പെൻഷൻ, ചികിത്സാ സഹായങ്ങൾ, കലാസമിതികൾക്കുള്ള ധനസഹായം എന്നിവയുടെ വിതരണവും വൈകുകയാണ്. സാഹിത്യ അക്കാഡമിയിൽ പുതിയ പുസ്തകങ്ങൾ അച്ചടിക്കുന്നതിനായുള്ള തിരഞ്ഞെടുപ്പും തടസപ്പെട്ട നിലയിലാണ്. പ്രതിവർഷം ചുരുങ്ങിയത് 16 ലക്ഷം രൂപയെങ്കിലും ആവശ്യമായ അക്കാഡമി പ്രവർത്തനങ്ങൾക്ക് പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ ഭരണസമിതിയുടെ അനുമതി വേണമെന്നിരിക്കെ സാമ്പത്തിക കൈകാര്യങ്ങളും പ്രതിസന്ധിയിലാണ്. അക്കാഡമികളിൽ ശമ്പളവും വൈകുന്നതായി റിപ്പോർട്ടുകളുണ്ട്.
ഉദ്യോഗസ്ഥ ഭരണവും അണിയറ നീക്കങ്ങളും
നിലവിൽ ജീവനക്കാരുടെ ശമ്പളവും ദിനചര്യകളും മുടങ്ങാതിരിക്കാൻ സെക്രട്ടറിമാരുടെ താത്കാലിക ചുമതല ഉദ്യോഗസ്ഥർക്ക് നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇത് കേവലമൊരു ബദൽ സംവിധാനം മാത്രമാണ്. പുതിയ നയരൂപീകരണങ്ങൾ നടത്താനോ ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കാനോ ഉദ്യോഗസ്ഥ ഭരണത്തിന് പരിമിതികളുണ്ട്.
ആർക്കെല്ലാം സ്ഥാനങ്ങൾ നൽകണമെന്നത് സംബന്ധിച്ച് യു.ഡി.എഫിനുള്ളിലെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകാത്തതാണ് നിയമനം വൈകുന്നതിന് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇത്തവണ കൃത്യമായ വിലയിരുത്തലിനു ശേഷം മാത്രമേ നിയമനം നടത്താവൂ എന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥും നിലപാടെടുക്കുമ്പോഴും പുനഃസംഘടന അനന്തമായി നീളുന്നത് കോൺഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും അപസ്വരങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫ് ഭരണത്തിൽ അവഗണിക്കപ്പെട്ട യു.ഡി.എഫ് അനുകൂലികളായ എഴുത്തുകാരും കലാകാരന്മാരും വലിയ പ്രതീക്ഷയോടെയാണ് ഭരണമാറ്റത്തെ കണ്ടത്. എന്നാൽ കീ പോസ്റ്റുകളിലേക്ക് കയറിക്കൂടാൻ വിവിധ കോണുകളിൽ നിന്ന് നടത്തുന്ന അണിയറ നീക്കങ്ങൾ പുനഃസംഘടന കീറാമുട്ടിയാക്കുകയാണ്. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം പേർ രംഗത്തെത്തുമ്പോൾ തർക്കങ്ങളില്ലാതെ പട്ടിക തയ്യാറാക്കാൻ മന്ത്രിയും നേതൃത്വവും ബുദ്ധിമുട്ടുകയാണ്.
നശിക്കുന്ന സ്മാരകങ്ങളും ഡിജിറ്റലൈസേഷൻ കുറവും
അക്കാഡമികൾക്ക് കീഴിലുള്ള പ്രമുഖ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സ്മാരകങ്ങളും ലൈബ്രറികളും സംരക്ഷണവും പരിചരണവുമില്ലാതെ നശിക്കുന്നു. ഡിജിറ്റൽ യുഗത്തിനനുസരിച്ച് അക്കാഡമികൾ നവീകരിക്കപ്പെടാത്തതിനാൽ യുവകലാകാരന്മാരെയും ഗവേഷകരെയും ആകർഷിക്കാനും സാധിക്കുന്നില്ല. പ്ലാൻ ഫണ്ടുകൾ യഥാസമയം വിനിയോഗിക്കാനും സാംസ്‌കാരിക പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും പുതിയ ഭരണസമിതികൾ ഉടനടി ചുമതലയേൽക്കേണ്ടത് സാംസ്‌കാരിക കേരളത്തിന്റെ അടിയന്തര ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |