SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.17 AM IST

ഡൽഹി ഉച്ചകോടിയുടെ നയതന്ത്ര വിജയം

1

ലോകം സംഘർഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുന്നതിനിടെ ഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടി രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം ചെറുക്കണമെന്ന ആഹ്വാനത്തോടെയാണ് സമാപിച്ചത്. ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമാണെന്ന അമേരിക്കയുടെ ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിൽ കൂട്ടായ‌്‌മ വിപുലീകരിക്കണമെന്നും ആഹ്വാനമുണ്ടായി. എന്നാൽ ബ്രിക്‌സിൽ അംഗത്വം വേണമെന്ന 2023 മുതലുള്ള പാകിസ്ഥാന്റെ ആവശ്യം ഇക്കുറിയും ഉച്ചകോടി പരിഗണിച്ചില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവരുടെ സാന്നിദ്ധ്യം ഈ ബഹുരാഷ്ട്ര സംഘടനയുടെ പ്രസക്തി വെളിപ്പെടുത്തുന്നതായി. യുക്രെയിനുമായുള്ള സംഘർഷം തീർക്കാൻ മദ്ധ്യസ്ഥത വഹിക്കാമെന്ന ഇന്ത്യയുടെയും ചൈനയുടെയും നിർദ്ദേശം റഷ്യ സ്വാഗതം ചെയ്‌തത് ഇന്ത്യയുടെ നയതന്ത്ര തിളക്കം കൂട്ടുന്നതായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ അതിസമ്പന്ന പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ന് ബദലായി ലോക വ്യാപാര രംഗത്തെ നിയന്ത്രിക്കുവാൻ ശേഷിയുള്ള ബഹുരാഷ്ട്ര സംഘടനയായി ഡൽഹി ഉച്ചകോടിയോടെ ബ്രിക്‌സ് ഉയർന്നിരിക്കുകയാണ്.

പശ്ചിമേഷ്യൻ സംഘർഷത്തിലും സമാധാനത്തിന് ഉച്ചകോടി ആഹ്വാനം ചെയ്തത് അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ വർദ്ധിച്ചു വരുന്ന പ്രാധാന്യത്തിന് അടിവരയിടുന്നതു കൂടിയായി ഡൽഹി ഉച്ചകോടി. വിവിധ ഭരണ സംവിധാനങ്ങൾ നിലവിലുള്ള, പരസ്പരം പ്രകടമായ ഭിന്നതകൾ പോലും പുലർത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ ഇത് ജി 7ൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ഭിന്നതകളുണ്ട്. അതുപോലെ യു.എസ് - ഇസ്രയേൽ സഖ്യത്തിനെതിരെ യുദ്ധത്തിലുള്ള ഇറാൻ ഈ വേദിയിലുണ്ട്. ഇറാന്റെ ശത്രുപക്ഷത്തുള്ള സൗദിയും യു.എ.ഇയും ബ്രിക്‌സിൽ സഹ അംഗങ്ങളാണ്. അതിനാൽ തന്നെ എല്ലാവരും ഒന്നിക്കുന്ന ഒരു പൊതു പ്രഖ്യാപനം ഡൽഹി ഉച്ചകോടിയിൽ അസാദ്ധ്യമാണെന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ അത്തരം പ്രചാരണങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഡൽഹി പ്രഖ്യാപനത്തിന് ഒറ്റക്കെട്ടായി അംഗീകാരം ലഭിച്ചത് ആതിഥേയ രാജ്യമായ ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സ് ഉച്ചകോടിയുടെ സംഘാടനത്തിലും നടത്തിപ്പിലും ഉടനീളം ഉൗഷ്‌മളമായ അന്തരീക്ഷം നിലനിറുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം നിലവിലുള്ള ലോക ക്രമത്തിന്റെ പോരായ്മകളിലേക്ക് വിരൽചൂണ്ടുന്നത് കൂടിയായിരുന്നു. ''നിലവിലുള്ള ആഗോള സംവിധാനം പിരമിഡ് പോലെയാണ്. തീരുമാനമെടുക്കൽ ഈ പിരമിഡിന്റെ ഏറ്റവും മുകൾത്തട്ടിൽ നടക്കുന്നു. ചുവടെയുള്ള രാജ്യങ്ങൾ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു." ഈ ലോക ക്രമത്തിൽ ഒരു പൊളിച്ചെഴുത്ത് വേണമെന്ന ധാരണയിലാണ് ബ്രിക്സ് ഉച്ചകോടി സമാപിച്ചിരിക്കുന്നത്.

ഇതാകട്ടെ അമേരിക്കയുടെ തന്നിഷ്ട പ്രകാരമുള്ള താരിഫ്, യുദ്ധ പ്രഖ്യാപനങ്ങൾക്ക് എതിരെ ശക്തമായ പ്രതിരോധം ഉയർത്തുന്നതാണ്. യു.എസിന്റെ വ്യാപാര നയങ്ങളെയും ഉപരോധ നയത്തെയും യു.എസിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഡൽഹി പ്രഖ്യാപനം വിമർശിച്ചിട്ടുണ്ട്. ഉച്ചകോടിക്കിടയിൽ ശത്രുപക്ഷത്തു നിൽക്കുന്ന ഇറാനും യു.എ.ഇയും തമ്മിൽ ചർച്ച സാദ്ധ്യമാക്കിയതും ഇന്ത്യയുടെ മദ്ധ്യസ്ഥ ശ്രമങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷത്തെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് നിലവിലെ അദ്ധ്യക്ഷൻ പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു. സാങ്കേതിക വിദ്യയുടെയും നിർണായക ധാതുക്കളുടെയും ആയുധവത്‌കരണത്തിനെതിരെ മുന്നറിയിപ്പ് നൽകാൻ ഇന്ത്യ ഈ വേദി പ്രയോജനപ്പെടുത്തി. ഇന്നത്തെ ലോക ക്രമത്തിൽ സമാധാനത്തിന്റെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്ന ഉറച്ച സന്ദേശം നൽകാനായി എന്നത് ഡൽഹി പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ വിജയമായി കണക്കാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION