
കേരളത്തിൽ 10വർഷത്തെ സി.പി.എം ഭരണത്തിനുശേഷം നിലവിൽവന്ന കോൺഗ്രസ് സർക്കാർ, തകർന്ന പൊതുധനകാര്യത്തെക്കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ധവളപത്രം ഇറക്കിയിരുന്നു. സമാനമായി, 2014ൽ 10 വർഷത്തെ കോൺഗ്രസ് (യു.പി.എ) ഭരണത്തിന് ശേഷം നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരമേൽക്കുമ്പോഴും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലായിരുന്നു. അതിനാൽ കഴിഞ്ഞ 12 വർഷത്തെ മോദി സർക്കാരിന്റെ പ്രവർത്തനം മുൻഭരണങ്ങളുമായി താരതമ്യം ചെയ്ത് മനസിലാക്കേണ്ടതുണ്ട്.
2019 ജൂലായിലെ ഒരു ദേശീയ പത്രത്തിൽ, ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏഷ്യയിലെ ഏറ്റവും മികച്ച ആധുനീകരണ ശില്പിയായി വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് വെറുമൊരു പ്രഖ്യാപനമല്ലായിരുന്നു. അത് അതുവരെ ശരിയായി വളരാതിരുന്ന $2.7 ട്രില്യൺ സമ്പദ്‌വ്യവസ്ഥയുടെ കൃത്യമായ വികസനത്തിന്റെ തുടക്കമായിരുന്നു. കൊവിഡ്, രണ്ട് ആഗോള യുദ്ധങ്ങൾ, മറ്റ് അന്താരാഷ്ട്ര പ്രതിസന്ധികൾ എന്നിവ ഉണ്ടായിട്ടും ഏഴ് വർഷങ്ങൾക്കുശേഷം, 2026 ജൂൺ 10ഓടെ ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ പൂർണമായി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
2026 ജൂൺ 10ന് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇതോടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കാഡ് മറികടന്ന്, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയായി അദ്ദേഹം മാറും. ഇത് വെറുമൊരു രാഷ്ട്രീയ കണക്കല്ല, മറിച്ച് 12 വർഷത്തെ ഒരേപോലുള്ള ഭരണവികസനത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ്. ഈ പന്ത്രണ്ട് വർഷംകൊണ്ട് രാജ്യം എന്തുനേടി എന്ന് സത്യസന്ധമായി വിലയിരുത്തേണ്ടതുണ്ട്.
ഈ ഭരണകാലയളവിൽ പാർലമെന്റിലും സർക്കാരിലും പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഈ 12 വർഷങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാലഘട്ടമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
2014 മേയിൽ മോദി അധികാരം ഏൽക്കുമ്പോൾ, മൂലധന ചോർച്ചയ്ക്കും കറൻസി പ്രതിസന്ധികൾക്കും സാദ്ധ്യതയുള്ള 'ഫ്രജൈൽ ഫൈവ്' (ഏറ്റവും ദുർബലമായ അഞ്ച്) സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായാണ് ഇന്ത്യയെ തരംതിരിച്ചിരുന്നത്. സാമ്പത്തിക വളർച്ച കുറയുകയായിരുന്നു. പണപ്പെരുപ്പം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ തകിടം മറിച്ചു. അഴിമതി വ്യാപകമായിരുന്നു. 'നയപരമായ പക്ഷാഘാതം' (Policy paralysis) എന്നത് ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു വാക്കായി മാറിയിരുന്നു.
പന്ത്രണ്ടു വർഷങ്ങൾക്കുശേഷം, ജി.എസ്.ടി ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.3 ട്രില്യൺ ഡോളറായി ഇരട്ടിച്ചതുമാണ് മോദി യുഗത്തിന്റെ സവിശേഷത. 2025ലെ കണക്കനുസരിച്ച്, നാമമാത്ര ജി.ഡി.പി (Nominal GDP) അടിസ്ഥാനത്തിൽ ജപ്പാനെയും യുണൈറ്റഡ് കിംഗ്ഡത്തെയും മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ യഥാർത്ഥ നിരക്കിൽ 7.7 ശതമാനം വളർച്ച കൈവരിച്ചു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കഥയും ഇതേപോലെ ശ്രദ്ധേയമാണ്. ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 2014ൽ 6.1 കോടിയായിരുന്നത് 2024 ഓഗസ്റ്റിൽ 95 കോടിയായി ഉയർന്നു. യുപിഐ (UPI) വഴി 2024ൽ മാത്രം 100 ബില്യണിലധികം ഇടപാടുകൾ നടന്നു. ഈ നേട്ടം ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയും ഇന്ത്യയെ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ ഒരു നേതാവായി മാറ്റുകയും ചെയ്തു.
ദേശീയ സുരക്ഷ
ഇന്ത്യയുടെ ദേശീയ സുരക്ഷാ നിലപാടിലുണ്ടായ മാറ്റത്തെക്കാൾ വലിയൊരു മാറ്റം വേറെയില്ല.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് മുതൽ, നക്സലിസത്തിനെതിരെയുള്ള പോരാട്ടങ്ങളും, ആധുനിക പ്രതിരോധ സാങ്കേതികവിദ്യയിലെ പുതിയ കഴിവുകളുംവരെ പരിശോധിച്ചാൽ, സ്വാതന്ത്ര്യത്തിന് ശേഷമുള്ള മറ്റേത് കാലത്തേക്കാളും ഇന്ത്യ ഇന്ന് കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമാണ്.
2014, 2019, 2024 തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തള്ളിക്കളഞ്ഞ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യയിൽ മോദി ഭരണത്തിന് കീഴിൽ ജനാധിപത്യം തകർന്നു എന്ന കഥ പരത്തുന്നത്. ഈ വാദത്തെ അതിന്റെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം 293 സീറ്റുകൾ നേടിയതോടെ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നുതവണ അധികാരത്തിൽ വരുന്ന രണ്ടാമത്തെ നേതാവായി നരേന്ദ്രമോദി മാറി.
വികസനം, സുരക്ഷ, 'ഇന്ത്യ ഫസ്റ്റ്' എന്നീ ഒരേയൊരു ലക്ഷ്യത്തിൽ ഊന്നി തുടർച്ചയായി മൂന്നുതവണ ജനവിധി നേടുക എന്നത് ജനാധിപത്യം അതിന്റെ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണ്. എന്നാൽ, ജനാധിപത്യത്തിന്റെ യഥാർത്ഥ വിജയം അളക്കേണ്ടത് കേവലം തിരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ടല്ല, മറിച്ച് സ്ഥാപനങ്ങളുടെ വളർച്ചയിലൂടെയാണ്- അതായത്, മുൻപ് മാറ്റിനിറുത്തപ്പെട്ടിരുന്ന സാധാരണക്കാരിലേക്ക് ഭരണം എത്രത്തോളം എത്തിച്ചേരുന്നു എന്നതിലാണ്. 2014ൽ 88% ആയിരുന്ന ഇന്ത്യയിലെ വൈദ്യുതി ലഭ്യതയുള്ള ഗ്രാമങ്ങളുടെ എണ്ണം 2020 ആയപ്പോഴേക്കും 99.6% ആയി ഉയർന്നു. 2014ൽ 48.3% ആളുകൾക്ക് മാത്രമായിരുന്ന ബാങ്ക് അക്കൗണ്ടുകൾ, ഇപ്പോൾ ഇന്ത്യയിലെ 71.1% ആളുകൾക്കുമുണ്ട്.
ലക്ഷ്യബോധം, സ്ഥിരത
മോദി അധികാരമേൽക്കുമ്പോൾ, സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യ മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു രാജ്യം മാത്രമായിരുന്നു. ആ അവസ്ഥയ്ക്ക് വലിയ മാറ്റം വന്നു. ഇവയുടെയെല്ലാം മൊത്തത്തിലുള്ള ഫലം കണക്കുകളിൽ നോക്കിയാൽ വിശ്വസിക്കാൻ കഴിയാത്തത്ര വലുതാണ്.
രണ്ട് ട്രില്യൺ ഡോളറിൽ നിന്ന് 4 ട്രില്യൺ ഡോളറിലധികമായി വളർന്ന ഒരു സമ്പദ്‌വ്യവസ്ഥ. ഒരു ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റം പ്രോസസ് ചെയ്യുന്നത് വർഷത്തിൽ നൂറ് ബില്യൺ ഇടപാടുകൾ. ഗ്രാമങ്ങളിൽ ഏതാണ്ട് പൂർണമായും വൈദ്യുതി എത്തിച്ചു. പകുതിയിലധികം ബില്യൺ ആളുകളെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കി.
ഇന്ത്യ ആക്രമിക്കപ്പെടുമ്പോൾ തിരിച്ചടിക്കുന്ന ഒരു സൈന്യം. വാഷിംഗ്ടൺ, മോസ്കോ, റിയാദ്, ബീജിംഗ് എന്നിവിടങ്ങളിൽ ഒരേസമയം ബഹുമാനം നേടുന്ന നയതന്ത്ര നിലപാട്. ഇന്ത്യൻ മണ്ണിൽ ആദ്യ ചുവടുകൾ വയ്ക്കുന്ന അർദ്ധചാലക (semiconductor) വ്യവസായം.
ലക്ഷ്യബോധമുള്ളതും സ്ഥിരതയുള്ളതും ധീരവുമായ പന്ത്രണ്ടുവർഷത്തെ ഭരണമാണ് ഇത് സാദ്ധ്യമാക്കിയത്.
ഇന്ത്യയുടെ സാങ്കേതിക നയത്തിന് അടിയന്തരവും ഗൗരവമേറിയതുമായ പരിഷ്കാരം ആവശ്യമാണെന്ന് വിശ്വസിച്ച ഒരു എം.പി എന്ന നിലയിലായിരുന്നു ഞാൻ ഈ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തുടങ്ങിയത്. തിരിഞ്ഞുനോക്കുമ്പോൾ, എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക നയമോ പരിപാടിയോ അല്ല. മറിച്ച്, ഇന്ത്യയ്ക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം തിരിച്ചുകിട്ടിയതാണ്. ചരിത്രം ഉണ്ടാകുന്നത് ഭരണത്തിലിരുന്ന വർഷങ്ങൾ കൊണ്ടല്ല, ആ വർഷങ്ങൾ കൊണ്ട് എന്തുനേടി എന്നതിനെ ആശ്രയിച്ചാണ്. ഈ രണ്ട് കാര്യങ്ങളിലും കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ഫലം വ്യക്തമാണ്.
(ബി.ജെ.പി സംസ്ഥാന പ്രസിഡന്റും, നേമം എം.എൽ.എയും, മുൻ കേന്ദ്ര ഐടി-നൈപുണ്യ വികസന സഹമന്ത്രിയുമാണ് രാജീവ് ചന്ദ്രശേഖർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |