
നിയമനങ്ങളിലെയും പരീക്ഷകളിലെയും തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുന്നതോടെ പി.എസ്.സിയിലെ വൻ ക്രമക്കേടുകളാണ് വെളിച്ചത്തേക്ക് വരുന്നത്. ഇരുപതോളം പരാതികളാണ് ഐ.ജി എസ്.അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ഓരോ പരാതികളിലും ക്രമക്കേടുകളുടെ രേഖകൾ ആവശ്യപ്പെട്ട് പി.എസ്.സിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകും. രേഖകൾ കൈമാറില്ലെന്ന് ആദ്യം വാശിപിടിച്ച പി.എസ്.സിയിലേക്ക് ഐ.ജി അജിതാബീഗം നേരിട്ടെത്തി. ചെയർമാനുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ ധരിപ്പിച്ചു. അതോടെ എസ്.ഐ.ടി ആവശ്യപ്പെട്ട രേഖകളെല്ലാം പി.എസ്.സി കൈമാറി. തുടർച്ചയായ മൂന്നാം ദിവസവും പി.എസ്.സിയിൽ ഡിജിറ്റൽ തെളിവുകൾ തേടി ക്രൈംബ്രാഞ്ചും സൈബർ പൊലീസും ഐ.ടി വിദഗ്ദ്ധരുമടങ്ങിയ സംഘം പരിശോധന നടത്തുകയാണിപ്പോൾ.
പി.എസ്.സി ഭരണഘടനാ സ്ഥാപനമാണെങ്കിലും ക്രിമിനൽ കേസുകളിൽ സംരക്ഷണമില്ല. അതിനാൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ചിനു മേൽ നിയന്ത്രണമുണ്ടാവില്ല. മറ്റേതൊരു കേസ് പോലെയാവും പി.എസ്.സിയിലെയും അന്വേഷണം. ആസൂത്രണ ബോർഡിലേതടക്കം ക്രമക്കേടുകൾ നടന്ന പരീക്ഷകളിലെ പരാതിക്കാരുടെ മൊഴിയെടുത്തും പി.എസ്.സിയിൽ നിന്ന് രേഖകൾ ശേഖരിച്ചും എസ്.ഐ.ടി അതിവേഗം മുന്നോട്ടു പോവുകയാണ്. പി.എസ്.സിയിലെ ഉദ്യോഗസ്ഥരെയും കമ്മിഷൻ അംഗങ്ങളെയുമടക്കം ചോദ്യം ചെയ്ത ശേഷം കടുത്ത നടപടികളാവും അടുത്ത ഘട്ടത്തിലുണ്ടാവുകയെന്നാണ് സൂചന. നിയമനങ്ങളിൽ ക്രമക്കേട് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി അറസ്റ്റിലേക്കു വരെ നീങ്ങാം.
ക്രൈംബ്രാഞ്ചന്വേഷണത്തിൽ തട്ടിപ്പുകളും ഗൂഢാലോചനയും കണ്ടെത്തിയാൽ ഏത് ഉന്നതനെതിരെയും കുറ്റപത്രം നൽകാം. പി.എസ്.സിക്ക് ഭരണഘടനാ പദവിയുണ്ടെങ്കിലും ചെയർമാനോ അംഗങ്ങൾക്കോ ഗവർണർക്കുള്ളതു പോലെ ക്രിമിനൽകേസുകളിൽ പരിരക്ഷയില്ല. നിയമനത്തട്ടിപ്പിൽ അഴിമതിയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയാൽ അഴിമതിനിരോധന വകുപ്പുകളും ചുമത്താം. ക്രൈംബ്രാഞ്ച് അന്വേഷണപ്രഖ്യാപനത്തിന് പിന്നാലെ നിരവധി പരാതികളാണ് ലഭിക്കുന്നത്. പി.എസ്.സി ചെയർമാനെയോ അംഗങ്ങളെയോ സംസ്ഥാനസർക്കാരിന് പുറത്താക്കാനാവില്ല. സുപ്രീംകോടതി ജഡ്ജി തലത്തിലെ അന്വേഷണത്തിനു ശേഷമേ രാഷ്ട്രപതിക്ക് ഇവരെ നീക്കം ചെയ്യാനാവൂ. ക്രിമിനൽകേസിൽ കുറ്റപത്രം നൽകാനുള്ള സാഹചര്യമുണ്ടായാൽ രാജിവച്ചൊഴിയാനിടയുണ്ട്.
കുരുക്കായി പ്ലാനിംഗ്
ബോർഡ് നിയമനം
പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിൽ വൻ തട്ടിപ്പ് നടന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പി.എസ്.സി. മാർക്കിട്ടിട്ടുള്ളൂ. 53 മാർക്കിനുള്ള ബാക്കി പത്ത് ഉത്തരങ്ങളാണ് ഒഴിവാക്കിയത്. മൂല്യനിർണയം നടത്താൻ പത്ത് ഉത്തരങ്ങൾ അദ്ധ്യാപകർക്ക് കൈമാറിയിട്ടില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെയാണ് ചീഫ് പോലുള്ള ഉയർന്ന തസ്തികയ്ക്ക് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഏതാനും പേർക്ക് നിയമനവും നൽകി. പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെത്തിയപ്പോൾ പി.എസ്.സി പിഴവ് സമ്മതിച്ചിരുന്നു. ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുന്നതിൽ നടപടി എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. കമ്മിഷൻ നൽകിയ രേഖകളുമായി ഒത്തു നോക്കിയ ശേഷമായിരിക്കും ക്രമക്കേട് സ്ഥിരീകരിക്കുകയും കേസെടുക്കുകയും ചെയ്യുക. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികളിലേക്ക് നടന്നത് പൊതു പരീക്ഷ ആണെന്നും ഇതിൽ പേഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ് തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെന്നുമാണ് പി.എസ്.സി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്ന സാഹചര്യത്തിൽ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറാൻ കഴിയില്ലെന്നാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മറുപടി. ഏഴു ദിവസത്തിനുള്ളിൽ വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനൊരുങ്ങുകയാണ് പി.എസ്.സി
ചോദ്യമിട്ടവരുടെ വിവരങ്ങൾ
അതീവരഹസ്യം
ആസൂത്രണ ബോർഡ് പരീക്ഷയുടേതടക്കം ഒരു പരീക്ഷയുടെയും ചോദ്യങ്ങൾ തയാറാക്കിയവരുടെ വിവരങ്ങൾ പുറത്ത് നൽകില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. രഹസ്യമായ പരീക്ഷാ നടത്തിപ്പ് സംവിധാനത്തിനു വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. പി.എസ്.സി ചെയർമാൻ നേരിട്ടാണു ചോദ്യകർത്താക്കളുടെ പാനൽ നിശ്ചയിക്കുന്നത്. ഇടതു സർവീസ് സംഘടനാ നേതാക്കളെക്കൊണ്ടാണു ചോദ്യങ്ങൾ തയാറാക്കുന്നതെന്ന പരാതി ഉയർന്നിരുന്നു. ചില പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്നതു കാരണമാണ് ഇടതു സർവീസ് സംഘടനാ പ്രവർത്തകരും യുവജന സംഘടനകളിൽ സജീവമായവരും മറ്റും റാങ്ക് പട്ടികയിൽ കടന്നുകൂടിയതെന്നും ആരോപണമുണ്ട്. ചോദ്യകർത്താക്കളുടെ വിവരം ലഭിച്ചാൽ മാത്രമേ ഇൗ ആരോപണത്തിന്റെ വസ്തുത കണ്ടെത്താനാവൂ. പി.എസ്.സിയിൽ നടന്നത് അഴിമതി മാത്രമല്ലെന്നും, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. ഗൂഢാലോചനയിൽ പുറമെയുള്ളവരും ഉൾപ്പെടാനിടയുണ്ടെന്ന് ക്രൈംബ്രാഞ്ചും പറയുന്നു.
പ്രാഥമിക അന്വേഷണം,
പിന്നാലെ കേസ്
നാലരലക്ഷം പേരെഴുതിയ കെ.എ.എസ് പ്രാഥമികപരീക്ഷയിൽ 12,000ഉത്തരക്കടലാസുകൾ ഒ.എം.ആർ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണമുണ്ടാക്കി പി.എസ്.സിയിലെ 21ഉദ്യോഗസ്ഥരെക്കൊണ്ടാണ് മൂല്യനിർണയം നടത്തിച്ചത്. ഇത് ഗുരുതര ക്രമക്കേടാണെന്ന് എസ്.ഐ.ടി വിലയിരുത്തി.
നിയമനങ്ങളിൽ വഞ്ചന, വ്യാജരേഖ, ക്രിമിനൽ ഗൂഢാലോചന അടക്കം ആരോപിച്ചാണ് പരാതികൾ. മൂന്നുമുതൽ ഏഴുവർഷം വരെ ശിക്ഷകിട്ടാവുന്ന ഇത്തരം കേസുകളിൽ പ്രാഥമികാന്വേഷണം നിർബന്ധമാണ്. പ്രാഥമികാന്വേഷണത്തിനാണ് രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നത്. പ്രാഥമികാന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. ചോദ്യം തയാറാക്കിയതിലും ഉത്തരക്കടലാസ് മൂല്യനിർണയത്തിലും അഭിമുഖം നടത്തിയതിലും രാഷ്ട്രീയ ഇടപെടലുണ്ടായ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയിലെ ക്രമക്കേടുകളാവും രണ്ടാമതായി അന്വേഷിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |