
വടക്കൻ മലബാറിലെ ആയിരക്കണക്കിന് സാധാരണക്കാരായ രോഗികളുടെ ഏറ്റവും വലിയ ആശ്രയമായാണ് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് .എന്നാൽ നിലവിൽ രോഗികളെ വലക്കുന്ന തരത്തിലുള്ള അനാസ്ഥകളും ഭരണ മാറ്റത്തെ തുടന്നുള്ള പ്രക്ഷോപങ്ങളുമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.ദിവസേന നടക്കുന്ന മാർച്ചുകളും സമരങ്ങളും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതിന് പുറമെ പരിമിതമായ സൗകര്യത്തിൽ വീർപ്പ് മുട്ടുകയാണ് രോഗികളും കൂട്ടിരിപ്പുകാരും.മെഡിക്കൽ കോളേജിനെ സമരകേന്ദ്രമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും മെഡിക്കൽ കോളേജിനകത്തെ മാർച്ചുകളും പ്രകടനങ്ങളും അടിയന്തിരമായി നിരോധിക്കണമെന്നുമാണ് പൊതുജനങ്ങളുടെയും രോഗികളുടെയും ആവശ്യം.
നിലവിൽ അത്യാഹിത വിഭാഗത്തിലും വാർഡുകളിലും ബെഡുകൾ ലഭിക്കാതെ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ദുരിതത്തിലാകുന്നത്. വാർഡുകളിലെ ശുചിമുറി വൃത്തിഹീനമായി കിടക്കുന്നത് ചികിത്സയിലുള്ള രോഗികൾക്ക് വീണ്ടും അണുബാധയുണ്ടാകാൻ കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ചില വിഭാഗങ്ങളിൽ നിശ്ചിത സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമുയരുന്നുണ്ട്. പുതിയ മെഡിക്കൽ സൂപ്രണ്ടിന്റെ നയങ്ങളും ഭരണപരമായ ഇടപെടലുകളും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സങ്കീർണ്ണമാക്കുന്നുവെന്നും ആക്ഷേപമുണ്ട്.
ഇതിനു പുറമെ മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതുമായി ബന്ധപ്പെട്ട സംഭവമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഭരണമാറ്റത്തെ തുടർന്നുള്ള യൂണിയൻ പോരുകളും ആശുപത്രിയുടെ പരിമിതികളും പരാതിക്കിടയാക്കുമ്പോഴാണ് അധികൃതരുടെ ഭാഗത്തു നിന്നും തീർത്ഥുമുള്ള ഈ അനാസ്ഥ.മെഡിക്കൽ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് നടക്കാൻ പോലും കഴിയാത്ത വിധത്തിൽ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. സംഭരണ സംവിധാനത്തിന്റെ അഭാവവും മരുന്നുകൾ കൃത്യമായി വിതരണം ചെയ്യാത്തതുമാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നുകളാണ് രോഗികൾക്ക് ഉപകാരപ്പെടാതെ പോകുന്നത്.
രോഗികളെ സ്‌ട്രെച്ചറിലും വീൽചെയറിലും കൊണ്ടുപോകാൻ തടസമാകുന്ന വിധത്തിലാണ് മരുന്നുപെട്ടികൾ കൂട്ടിയിട്ടിരിക്കുന്നത്. നിലവിൽ മെഡിക്കൽ കോളേജിലെ ഇ.എൻ.ടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നതു കാണാം. ഇൻജക്ഷനും നെബുലൈസർ സൊല്യൂഷനും പാരസെറ്റമോളും തുടങ്ങി പി.പി.ഇ കിറ്റുകൾ വരെ വലിയ ബോക്സുകളിൽ കാണാം. കെ.എം എസ്.സി.എൽ നൽകിയ കോടികൾ വില വരുന്ന മരുന്നുകളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. കാലാവധി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകൾ ഇക്കൂട്ടത്തിലുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ നീക്കം ചെയ്യാനും അധികൃതർ തയ്യാറാകുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
തുടരുന്ന രാഷ്ട്രീയ പോര്
ഇപ്പോൾ മെഡിക്കൽ കോളേജിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭരണ മാറ്റത്തെ തുടർന്നുള്ള രാഷ്ട്രീയ പോരാട്ടത്തിൽ രോഗികളും ജീവനക്കാരും വലയുകയാണ് . പുതിയ സർക്കാർ അധികാരമേറ്റതു മുതൽ മെഡിക്കൽ കോളേജ് കാമ്പസ് നിരന്തര സംഘർഷവേദിയായി മാറിയിരിക്കുകയാണ്. ഇന്ന് (14 ന് ) സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇവിടേക്ക് പ്രതിഷേധ മാർച്ച് നടക്കുന്നുണ്ട്. ഭരണമാറ്റത്തെത്തുടർന്നുള്ള കൂട്ട പിരിച്ചുവിടലുകൾ, പുതിയ നിയമനങ്ങൾ, ഭരണാനുകൂല ഇന്റേണൽ സ്ഥലംമാറ്റങ്ങൾ എന്നിങ്ങനെയുള്ള പരാതികളാണ് ഉയരുന്നത്. അടുത്തിടെ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ശിശുരോഗ വിഭാഗം ഒ.പിയിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറായ ഡോ. കെ.വി രാധാമണിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഇതെ തുർന്ന് കഴിഞ്ഞ ദിവസം ഡി. വൈ .എഫ് .ഐ മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയുണ്ടായി.താത്ക്കാലിക ജീവനക്കാരെ അന്യായമായി പിരിച്ച് വിട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൊടുക്കുന്ന ലിസ്റ്റിൽ നിന്നും ആളെ തിരഞ്ഞെടുക്കുന്നു , രാഷ്ട്രിയ പ്രേരിതമായി മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ സ്ഥലം മാറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നു എന്നീ ആരോപണങ്ങളും ഡി. വൈ .എഫ്. ഐ ഉന്നിയിക്കുന്നുണ്ട്.
എന്നാൽ 2019-ൽ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിന് ശേഷം ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ് ) വഴിയുള്ള താത്ക്കാലിക നിയമനങ്ങളിലധികവും രാഷ്ട്രീയ സ്വാധീനത്തിലായിരുന്നുവെന്നാണ് ഭരണപക്ഷ സംഘടനകളുടെ ആക്ഷേപം . ഇതിനു പുറമെ ചരിത്രപ്രാധാന്യമുള്ള ചാച്ചാജി വാർഡ് ഉൾപ്പെടെയുള്ള മേഖലകൾ അനധികൃതമായി കയ്യേറി കച്ചവട കേന്ദ്രങ്ങളാക്കി മാറ്റിയെന്നും ആരോപണമുണ്ട്.ഇതിനെതിരെ അന്ന് പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരങ്ങളും വലിയ ഫലം കണ്ടില്ല.വർഷങ്ങളായി ഒരേ തസ്തികകളിലും സീറ്റുകളിലും തുടരുന്ന ചില ജീവനക്കാരെ വകുപ്പുതല മാറ്റങ്ങൾക്ക് വിധേയമാക്കിയതിനെ സ്ഥലംമാറ്റ പീഡനമായി ചിത്രീകരിച്ച് മെഡിക്കൽ കേളേജിനെ സംഘർഷഭൂമിയാക്കാൻ ശ്രമിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഭരണ പക്ഷ സംഘടനകൾ പറയുന്നു . ഒരേ കെട്ടിടത്തിൽ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് നടത്തിയ ചെറിയ ക്രമീകരണങ്ങളെയാണ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്.അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്ത് തുടരുന്ന ജീവനക്കാരെ ഉൾപ്പെടുത്തി സുതാര്യമായ പൊതു സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |