
വയനാട് വയലുകളുടെ നാടായിരുന്നു.അവശേഷിച്ച വയലേലകളിൽ ഇപ്പോൾ അതി മനോഹരമായ ഒരു ചടങ്ങ് നടക്കുന്നുണ്ട്. കമ്പളനാട്ടി. കമ്പളം എന്നാൽ ഞാറ്. നാട്ടി എന്നാൽ നടുക എന്നർത്ഥം.ആദിവാസികളുടെ തനത് കലാരൂപമാണിത്.കണ്ണെത്താ ദൂരത്തായി പരന്ന് കിടന്നിരുന്ന അതിവിശാലമായ ജന്മിമാരുടെ വയലേലകളിൽ സ്വർണ്ണം വിളയച്ചിരുന്നത് ഗോത്ര ജനത ചോര നീരാക്കി വേല ചെയ്തത് കൊണ്ടാണ്.അഷ്ഠിക്ക് വേണ്ടിയായിരുന്നു എല്ലാം.ജന്മിമാരുടെ പാടത്ത് തുടിയുടെയും ചീനിയുടെയും അകമ്പടിയോടെ നൃത്തം ചെയ്ത് ഞാറ് നടുമ്പോൾ അവരുടെ വേദനകളും യാതനകളും പാട്ടിന്റെയും നൃത്തത്തിന്റെയും രൂപത്തിൽ പുറത്തേക്ക് വരികയായി.
കമ്പളനാട്ടി ഒരു അനുഷ്ഠാന കലയാണെങ്കിലും സാമൂഹിക കൂട്ടായ്മ എന്ന ആശയും ഇതിലുണ്ട്.തുടിയുടെയും ചീന കുഴലിന്റെയും നാദം ശരീരത്തിന് ഒരു പ്രത്യേക ഉണർവും ആവേശവും നൽകുന്നുണ്ട്.പാടത്ത് ഞാറ് നടാനും പറിക്കാനും മറ്റ് കഠിന ജോലികൾ ചെയ്യാനും പോകുമ്പോൾ പാട്ടിനും കൊട്ടിനും ഇടം നൽകി.ആ കലയും സംഗീതവും അവരുടെ അദ്ധ്വാനം കൂടുതൽ ഫലപ്രദമായി ചൂഷണം ചെയ്യാനുളള ഉപാധിയായി ഉപയോഗിക്കപ്പെട്ടു.അത് മറക്കാൻ പാടില്ലാത്ത ചരിത്ര സത്യമാണെന്ന് ഗോത്ര ജനതയുടെ ഇളംതലമുറയിൽപ്പെട്ട എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ മണിക്കുട്ടൻ പണിയൻ പറയുന്നതിൽ എന്താണ് തെറ്റ്?
ഞങ്ങളുടെ പാട്ട് ഞങ്ങളുടെ സന്തോഷമായിരുന്നു. പക്ഷെ, അതേ പാട്ട് ഞങ്ങളുടെ അദ്ധ്വാനം ചൂഷണം ചെയ്യാനുളള ആയുധമാക്കി മാറ്റി.ഇന്ന് ആ കലയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വേദനയും ചൂഷണവും ഇല്ലാതാക്കപ്പെടുന്നു.അതിന്റെ ചരിതം അതോടൊപ്പം സംരക്ഷിക്കപ്പെടണം.കല സംരക്ഷിക്കപ്പെടണം.ചൂഷണം മഹത്വവൽക്കരിക്കപ്പെടരുത്.ഞങ്ങളുടെ പൂർവീകരുടെ കണ്ണീരിലും വിയർപ്പിലും പിറന്ന ചരിത്രത്തെ ആഘോഷത്തിന്റെ നിറം പൂശി മറച്ച് വെക്കരുത്. അവർ അനുഭവിച്ച ചൂഷണം അടുത്ത തലമുറ അറിയണം. ചരിത്രം മറന്നാൽ,ചൂഷണത്തിന്റെ രൂപങ്ങൾ മാറിയെത്തുമ്പോൾ അതിനെ തിരിച്ചറിയാൻ നമ്മുക്ക് കഴിയാതെ പോകുന്നു. ചരിത്രം അറിയുക,ചൂഷണം അറിയുക, കല സംരക്ഷിക്കുക, പക്ഷെ ചൂഷണത്തെ പാരമ്പര്യമെന്ന പേരിൽ ആഘോഷിക്കരുത്.അതാണ് മണിക്കുട്ടൻ പണിയന്റെയും പക്ഷം.വയനാട്ടിൽ ഇപ്പോൾ വയലേലകളിൽ കമ്പളനാട്ടിയുടെ കാലമാണ്.വിദേശികൾ വരെ ഈ ചടങ്ങ് കാണാനെത്തുന്നു.സന്തോഷം.
ചെറുവയൽ രാമൻ നമ്മുക്ക് അഭിമാനം
ചെറുവയൽ രാമനെ നമ്മുക്കറിയാം.വയനാടിന്റെ നെല്ലച്ഛൻ.പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ.ജൈവ കർഷകൻ.2023ലാണ് രാജ്യം രാമനെ പദ്മശ്രീ നൽകി ആദരിച്ചത്. സംസ്ഥാന സർക്കാരും ഈ കർഷക ദിനത്തിൽ അദ്ദേഹത്തെ പുരസ്ക്കാരം നൽകി ആദരിച്ചു.കൃഷിയാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന തിരിച്ചറിവ് കൈമോശം വരാൻ പാടില്ല. അംഗീകാരങ്ങൾ കൃഷിയെ സ്‌നേഹിക്കുന്നവർക്കും ഒരു പ്രചോദനമാണ്.ഓരോ കാമ്പസിലെയും, പരിസരത്തെയും തരിശുഭൂമി കണ്ടെത്തി ജൈവ പച്ചക്കറി കൃഷിയും , ഫലവൃക്ഷത്തോട്ടങ്ങളും നിർമ്മിക്കുകയും, മണ്ണറിഞ്ഞ് അദ്ധ്വാനിക്കാൻ വിദ്യാത്ഥികൾ പ്രാപ്തരാകുകയും ചെയ്യണമെന്ന് പത്മശ്രീ ചെറുവയൽ രാമൻ പറയുന്നു.കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യമുണ്ട്.കൃഷിയെക്കുറിച്ച് അറിയാനും.പക്ഷെ അതിന് കൃഷിഭൂമിയെവിടെ?.കാലാവസ്ഥയെ ആശ്രയിച്ചുളള ഒരു കൃഷി രീതിയുണ്ടായിരുന്നു. എല്ലാം തകിടം മറിഞ്ഞു.ഇപ്പോൾ കൃഷി ഒരു തരം ചൂതാട്ടമാണ്. വന്നാൽ വന്നു.പോയാൽ പോയി...എന്താ ചെയ്യ.കാലാവസ്ഥ കനിയുന്നില്ലെന്ന് പറഞ്ഞ് കൃഷി ഉപേക്ഷിക്കാൻ പറ്റുമോ?.പത്മശ്രി ചെറുവയൽ ചോദിക്കുന്നത് അതാണ്. അറുപതോളം പരമ്പരാഗത നെൽവിത്തുകളാണ് രാമന്റെ പക്കലുളളത്.ആര് ചെന്ന് ചോദിച്ചാലും അത് നൽകും.വാങ്ങിയ വിത്തുകൾ തിരിച്ച് നൽകണമെന്നതാണ് ഏക വ്യവസ്ഥ. പക്ഷെ പലരും അത് തിരിച്ച് കൊടുക്കാറില്ല.എങ്കിലും രാമന് പരാതിയില്ല.ചിലർ വരും ഒരു പിടി നെൽവിത്തുമായി. വിത്തിനൊപ്പം മണ്ണും ഉണ്ടാകും. മണ്ണറിഞ്ഞ് കൃഷി ചെയ്യണമെന്ന് കേട്ടില്ലെ. അത് കൊണ്ട് വിത്തിനൊപ്പം മണ്ണ് കൂടി ഉണ്ടെങ്കിൽ നല്ലതെന്നാണ് രാമന്റെ പക്ഷം.ഹെക്ടർ കണക്കിന് കൃഷിഭൂമികളുടെ ഉടമകളായിരുന്നു ഒരു കാലത്ത് വയനാട്ടിലെ ഗോത്ര ജനത.പ്രത്യേകിച്ച് കുറിച്യർ.
അന്യമാകുന്ന നെൽകൃഷി
വയൽനാടായ വയനാട്ടിൽ നിന്ന് നെൽകൃഷി അന്യമാകുന്നു.കേരളത്തിലെ പ്രധാന നെൽ ഉൽപ്പാദന ജില്ലകളിൽ ഒന്നായിരുന്നു വയനാട്.നെൽപ്പാടങ്ങളുടെ വിസ്തീർണ്ണവും ഉൽപ്പാദനവും ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്ക്. 1986 87 വർഷം വയനാട് ജില്ലയിൽ നെൽകൃഷിയുടെ സുവർണ്ണകാലമായിരുന്നു. 19419 ഹെക്ടറിൽ 52718 ടൺ നെല്ല് ഉൽപ്പാദിപ്പിച്ചിരുന്നു അന്ന്. വൈത്തിരിയിൽ 3484 ഹെക്ടറിലും, സുൽത്താൻ ബത്തേരിയിൽ 7893 സഹക്ടറിലും, മാനന്തവാടിയിൽ 8042 ഹെക്ടറിലുമായിരുന്നു നെൽകൃഷി. ഇന്ന് ജില്ലയിൽ നെൽകൃഷി 7822 ഹെക്ടറിൽ മാത്രം. ഉൽപ്പാദനം 20647 ടൺ.
പ്രതിസന്ധികൾക്കുളള കാരണങ്ങൾ
നെൽപ്പാടങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി വഴിമാറുന്നു. കർഷകരുടെ നോട്ടം കൂടുതൽ ലാഭമുള്ള വിളകളിൽ. വീടുകൾ, റിസോർട്ടുകൾ, വാണിജ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി നെൽപ്പാടങ്ങൾ ഉപയോഗപ്പെടുത്തുന്നു. വന്യമൃഗശല്യം,വനം വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സംരക്ഷണം ലഭിക്കാത്തത്.
കാലാവസ്ഥാ വ്യതിയാനം
മഴയുടെ സമയത്തും അളവിലും വലിയ മാറ്റം വെള്ളപ്പൊക്കവും വരൾച്ചയും മാറിമാറി അനുഭവപ്പെടുന്നു, രാസവള ക്ഷാമവും വില വർദ്ധനയും. തൊഴിലാളി ക്ഷാമം. കാർഷിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞു കൂലി വർധിച്ചതോടെ ഉൽപ്പാദനച്ചെലവിലെ ഉയർച്ച, ഉൽപ്പാദനച്ചെലവിനനുസരിച്ച് ന്യായവില ലഭിക്കാത്തത്. വിത്ത്, കീടനാശിനി, യന്ത്രവാടക തുടങ്ങിയവയുടെ താങ്ങാനാവാത്ത വില വർദ്ധന. വിളവെടുത്താലും കടക്കെണിയും ജപ്തി നടപടികളും. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്ത. യുവജനങ്ങളുടെ കാർഷിക മേഖലയോടുള്ള താൽപര്യക്കുറവ്. പുതിയ തലമുറ മറ്റ് തൊഴിലുകളിലേക്ക് വഴിമാറുന്നു.
പരിഹാരങ്ങൾ
നെല്ലിന് കൂടുതൽ പ്രോത്സാഹനവില നൽകുക. കാട്ടുമൃഗശല്യം നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കുക. എല്ലാ പാടശേഖരങ്ങളിലും ജലസേചന സൗകര്യം മെച്ചപ്പെടുത്തുക. യന്ത്രവത്കരണത്തിന് കൂടുതൽ സബ്സിഡി നൽകുക. കാർഷിക ഇൻഷുറൻസ് കൂടുതൽ ഫലപ്രദമാക്കുക. യുവകർഷകരെ ആകർഷിക്കുന്ന പ്രത്യേക പദ്ധതികൾ നടപ്പാക്കുക. നെൽ സംഭരണത്തിനും വിപണനത്തിനും മികച്ച സംവിധാനങ്ങൾ ഒരുക്കുക
വയനാട് ജില്ലയിലെ കർഷകർ 141312
അഗ്രിസ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർ: 104498
പ്രകൃതിക്ഷോഭ നഷ്ടപരിഹാരം കിട്ടാൻ (2021 മുതൽ ): 20.82 കോടി
താങ്ങുവില നൽകാൻ: 18 ലക്ഷം
വിള ഇൻഷ്വറൻസ്: 4.94 കോടി
നെല്ല് സംഭരണ കുടിശ്ശിക: 1.76 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |