
ഒരു സാധാരണക്കാരന് സർക്കാർ ഓഫീസിൽ നിന്ന് ഒരു സേവനം ലഭിക്കണമെങ്കിൽ എന്തൊക്കെ കടമ്പകൾ കടക്കേണ്ടിവരും? നിയമപ്രകാരമുള്ള രേഖകളുമായി ഓഫീസിലെത്തിയാൽ കാര്യങ്ങൾ എളുപ്പത്തിൽ നടക്കുമെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ വീണ്ടും വീണ്ടും ഓഫീസിൽ കയറിയിറങ്ങി, വ്യക്തമായ കാരണം പോലും അറിയാതെ സേവനം നിഷേധിക്കപ്പെട്ടാൽ ആ മനുഷ്യന്റെ ജീവിതം എവിടെയെത്തും?
മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിന്റെ മരണത്തിലേക്ക് എത്തിച്ച സാഹചര്യങ്ങൾ ഈ ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളോളം വാഹനം ഓടിക്കാനാകാതെ വന്നതും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് ഒടുവിൽ അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദത്തിലേക്ക് നയിച്ചത്. മരണത്തിന് മുമ്പ് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
ഇത് ഒരു വ്യക്തിയുടെ മാത്രം ദുരനുഭവമായി കണ്ടാൽ വിഷയം അവിടെ അവസാനിക്കും. എന്നാൽ ഒരു സർക്കാർ സേവനം ലഭിക്കാൻ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നു, നേരിട്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവർക്ക് അനാവശ്യ തടസ്സങ്ങൾ നേരിടേണ്ടിവരുന്നു എന്ന ആരോപണം ഉയരുമ്പോൾ അത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.
പാഠം പഠിപ്പിക്കാൻ 'ബ്ലാക്ക് ലിസ്റ്റ്'
ഷൗക്കത്തിന്റെ ആരോപണങ്ങളിൽ ഏറ്റവും ഗൗരവമുള്ളത് വാഹനത്തിന്റെ നമ്പർ അനൗദ്യോഗികമായി ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്നതാണ്. ഏജന്റുമാരെ ഒഴിവാക്കി നേരിട്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ തന്നോട് ഉദ്യോഗസ്ഥർ പ്രതികാര നടപടി സ്വീകരിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കഴിഞ്ഞ നാല് വർഷവും ഫിറ്റ്നസ് ലഭിച്ചിരുന്ന വാഹനത്തിന് ഇത്തവണ തുടർച്ചയായി തടസ്സങ്ങൾ നേരിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. ചെറിയ പോരായ്മകൾ ചൂണ്ടിക്കാണിച്ചും പിന്നീട് വാഹനത്തിലെ ചില ഭാഗങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഫിറ്റ്നസ് നിഷേധിച്ചുവെന്നാണ് ആരോപണം. ഇതിനിടെ 11 തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും പ്രശ്നത്തിന് വ്യക്തമായ പരിഹാരം ലഭിച്ചില്ല. ഒരു പൗരന് തന്റെ വാഹനത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിന്റെ കാരണം അറിയാനുള്ള അവകാശമുണ്ട്. എന്താണ് പോരായ്മ, അത് എങ്ങനെ പരിഹരിക്കണം, വീണ്ടും പരിശോധനയ്ക്ക് എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട്. അത് ലഭിക്കാതെ വരുമ്പോഴാണ് സംശയങ്ങളും ആരോപണങ്ങളും ശക്തമാകുന്നത്.
പണം വാങ്ങൽ മാത്രമല്ല അഴിമതി
അഴിമതിയെക്കുറിച്ച് പറയുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിൽ വരുന്നത് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനെയാണ്. എന്നാൽ അതിന്റെ ആഘാതം അതിനേക്കാൾ വലുതാണ്. ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വാഹനം മാസങ്ങളോളം ഓടിക്കാൻ കഴിയാതെ വന്നാൽ അയാളുടെ വരുമാനം നിലയ്ക്കും. വീട്ടുചെലവുകൾ മുടങ്ങും. വായ്പയുടെ തിരിച്ചടവ് മുടങ്ങും. ബാങ്കിൽ നിന്ന് വീണ്ടും പണം ലഭിക്കാനുള്ള സാധ്യത കുറയും. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ പതുക്കെ തകരും. ഷൗക്കത്തിന്റെ കാര്യത്തിലും ഇത്തരമൊരു പ്രതിസന്ധിയാണ് ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ ഫെയ്സ്‌ബുക്ക് കുറിപ്പിൽ നിന്ന് വ്യക്തമാകുന്നു. വാഹനമോടിക്കാൻ കഴിയാതെ വന്നതോടെ വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ അദ്ദേഹത്തെ കൂടുതൽ സമ്മർദത്തിലാക്കി. ഒരു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നത് ഒരു രേഖ മാത്രമല്ല; അതായിരുന്നു അദ്ദേഹത്തിന്റെ ഉപജീവനത്തിന്റെ അടിസ്ഥാനം.
ഏജന്റില്ലാതെ കാര്യം നടക്കില്ല!
സർക്കാർ ഓഫീസുകളിൽ ഏജന്റുമാർ ഇടപെടുന്നതിനെക്കുറിച്ച് വർഷങ്ങളായി പരാതികളുണ്ട്. പ്രത്യേകിച്ചും മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ് പോലുള്ള ഇടങ്ങളിൽ. ഉദ്യോഗസ്ഥർ എല്ലാവരും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നല്ല ഇതിനർത്ഥം. എന്നാൽ ഒരു സാധാരണക്കാരന് സ്വന്തം കാര്യങ്ങൾ നേരിട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നുവെങ്കിൽ അത് പരിശോധിക്കേണ്ടതുണ്ട്.
'ഏജന്റിന് പണം നൽകിയാൽ വേഗത്തിൽ കാര്യം നടക്കും' എന്നൊരു ധാരണ ജനങ്ങളിൽ രൂപപ്പെടുന്നത് തന്നെ സംവിധാനത്തിന്റെ പരാജയമാണ്. അതിലും ഗുരുതരമാണ്, പണം നൽകാൻ തയ്യാറുള്ളവർക്ക് എളുപ്പത്തിൽ സേവനം ലഭിക്കുകയും നിയമപ്രകാരം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവർ അനാവശ്യമായി വലയുകയും ചെയ്യുന്നുവെന്ന ആരോപണം. ഷൗക്കത്തിന്റെ ജീവിതത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്.
വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള സർക്കാർ ഫീസിന് പുറമെ രണ്ടായിരം രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. 4,000 രൂപ നൽകിയാൽ വാഹനം കാണുക പോലും ചെയ്യാതെ ഫിറ്റ്നസ് നൽകും. ഏജന്റ് ഈ പണം വാങ്ങുന്നത് ആർക്ക് വേണ്ടിയാണ് എന്നത് പകൽ പോലെ എല്ലാവർക്കും വ്യക്തമായി അറിയുന്ന കാര്യമാണ്. എന്നിട്ടും വിജിലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ മുന്നിൽ ഈ അഴിമതി നിർബാധം തുടരുന്നു. കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നതായി ഷൗക്കത്തലിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും ആ മനുഷ്യന് നീതീ പത്ത് മാസത്തിലധികം നിഷേധിക്കപ്പെട്ടു. ആരും അനങ്ങിയില്ല. ഒടുവിൽ അയാൾ അനീതിക്കെതിരെ സ്വന്തംജീവൻ ബലിയർപ്പിച്ചു.
അഴിമതിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിസിൽ ഊതുന്ന ആഭ്യന്തര വകുപ്പ് ഇതൊന്നും കാണുകയും കേൾക്കുകയും ചെയ്തില്ല. സോഷ്യൽ മീഡിയ റീലുകളിലും മൈക്കുകൾക്കും മുന്നിലല്ല നീതിയെ കുറിച്ച് അഹോരാത്രം പ്രസംഗിക്കേണ്ടതെന്നും റിയൽ ലൈഫിൽ പൗരൻ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ ഭരണകൂടങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നുമുള്ള ഗൗരവ വിഷയത്തിലേക്ക് കൂടി ഷൗക്കത്തിന്റെ ആത്മഹത്യ വിരൽ ചൂണ്ടുന്നുണ്ട്. വിജിലൻസിൽ നൽകുന്ന പല പരാതികളിലും മാസങ്ങളോളം യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നതിന്റെ ഒരുതെളിവ് വിജിലൻസിന്റെ സോഷ്യൽ മീഡിയ പോജുകളിൽ ആളുകൾ പോസ്റ്റ് ചെയ്യുന്ന കമ്മന്റുകളാണ്. അഴിമതിക്കെതിരെ ബോധവത്ക്കരിക്കാൻ എന്ന പേരിൽ നിർമ്മിച്ചുവിടുന്ന റീലുകൾക്ക് താഴെ നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ കമ്മന്റുകൾ പെരുകുന്നത് നിലനിൽക്കുന്ന സംവിധാവത്തിന്റെ പോരായ്മ കൂടിയാണ് വെളിവാക്കുന്നത്. അഴിമതിക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന വലിയൊരു കൂട്ടം ഉദ്യോഗസ്ഥർ വിജിലൻസിൽ ഉണ്ടെന്ന യാഥാർത്ഥ്യം കാണാതിരിക്കുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ മാത്രമല്ല സിസ്റ്റമാണ് എന്റെ ജീവനെടുത്തത് എന്ന് ഷൗക്കത്ത് പറയുമ്പോൾ ഇനിയെങ്കിലും കണ്ണ് തുറക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം.
ഒരു സർക്കാർ ഓഫീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഒരു പൗരന് തോന്നിത്തുടങ്ങുമ്പോഴാണ് ഏറ്റവും വലിയ അപകടം സംഭവിക്കുന്നത്. ഷൗക്കത്ത് തന്റെ പരാതികൾ വിവിധ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നിട്ടും പരിഹാരം ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു. ഒടുവിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യം പോലും ഉണ്ടായതായി അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. സ്വന്തം നാട്ടിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത് ഭരണസംവിധാനത്തിന് ആശ്വാസകരമായ കാര്യമല്ല. ഒരു പൗരന് ആദ്യം സമീപിക്കേണ്ടത് സ്വന്തം സർക്കാർ ഓഫീസിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയുമാണ്. അവിടെനിന്ന് തന്നെ വ്യക്തമായ മറുപടിയും പരിഹാരവും ലഭിക്കണം.
വേണ്ടത് അന്വേഷണം മാത്രമല്ല
ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിക്കുന്നതും റിപ്പോർട്ട് ആവശ്യപ്പെടുന്നതും സ്വാഭാവിക നടപടികളാണ്. എന്നാൽ അന്വേഷണം നടത്തി ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിൽ മാത്രം ഈ വിഷയം അവസാനിക്കരുത്. മുഖ്യമന്ത്രി വി.ഡി.സതീശൻ ഷൗക്കത്തിന്റെ കുടുംബത്തെ ബന്ധപ്പെട്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് വാക്കിൽ ഒതുങ്ങുമോ ഇല്ലയോ എന്നത് തുടർനടപടികളിലൂടെ കണ്ടറിയേണ്ടതാണ്. ആർ.ടി ഓഫീസുകളിൽ സേവനം ലഭിക്കുന്ന മുഴുവൻ നടപടിക്രമങ്ങളും കൂടുതൽ സുതാര്യമാക്കണം. ഒരു അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണം രേഖാമൂലം നൽകണം. പരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ വിവരങ്ങൾ വ്യക്തമാകണം. അപേക്ഷകൻ എത്ര തവണ ഓഫീസിൽ വരേണ്ടിവന്നു എന്നതടക്കം രേഖപ്പെടുത്താൻ കഴിയുന്ന സംവിധാനം വേണം. ഏറ്റവും പ്രധാനമായി, ഒരുസേവനം ലഭിക്കാൻ ഇടനിലക്കാരനെ ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാക്കണം. ഡിജിറ്റൽ സംവിധാനങ്ങൾ ഉണ്ടെന്നത് മാത്രം പോരാ, സാധാരണക്കാരന് അത് ഉപയോഗിച്ച് കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടോ എന്നതും ഉറപ്പാക്കണം.
ഷൗക്കത്തിന്റെ മരണം ഒരു കുടുംബത്തിന്റെ മാത്രം വേദനയായി അവസാനിക്കരുത്. അദ്ദേഹത്തിന്റെ ആരോപണങ്ങൾ ശരിയാണോ എന്ന് കണ്ടെത്തുകയും തെറ്റ് ചെയ്തവർ ആരായാലും നടപടിയെടുക്കുകയും വേണം. അതോടൊപ്പം, ഇത്തരമൊരു സാഹചര്യം മറ്റൊരു പൗരന്റെ ജീവിതത്തിൽ ആവർത്തിക്കാതിരിക്കാനുള്ള മാറ്റങ്ങളും ഉണ്ടാകണം. ഒരു സർക്കാർ ഓഫീസിൽ എത്തുന്ന മനുഷ്യൻ അവിടെ നിന്ന് മടങ്ങുമ്പോൾ സംവിധാനങ്ങളും നിയമവും തനിക്കൊപ്പമുണ്ടെന്ന വിശ്വാസത്തോടെയായിരിക്കണം മടങ്ങേണ്ടത്. ആ വിശ്വാസമാണ് ഒരു ജനാധിപത്യ ഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ആ വിശ്വാസം നഷ്ടപ്പെടുമ്പോൾ തകരുന്നത് ഒരു ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ പ്രശ്നമല്ല; ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധം തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |