
കണ്ണൂരിൽ സി .പി.എമ്മിനെ പ്രതിരോധത്തിലാക്കി കൊണ്ട് വീണ്ടും ഫണ്ട് വിവാദം തലപൊക്കുകയാണ് .സി.പി.എം നേതൃത്വം നൽകുന്ന ദിനേശ് ബീഡി തൊഴിലാളികളുടെ സഹകരണ സംഘങ്ങളുടെ കേന്ദ്ര സംഘമായ കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഒരു കോടി 70 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജാണ് ആരോപണമുന്നയിച്ചത്.തൊട്ടുപിന്നാലെ ദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു ആരോപണം തള്ളിക്കൊണ്ട് വിശദീകരണവുമായി രംഗത്തെത്തി.ബീഡി തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി നൽകാൻ 60 കോടി ആവശ്യമായി വന്നെന്നും ഇതിന് വേണ്ടി വായ്പയെടുക്കാൻ ഡ്രാഫ്റ്റ് രജിസ്റ്റർ ചെയ്യാനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുൻകൂട്ടി പണം അടച്ചതെന്നും ചെക്ക് മുഖാന്തിരം ഘട്ടം ഘട്ടമായാണ് പണം കൈമാറിയതെന്നും ചെയർമാൻ വ്യക്തമാക്കുകയുണ്ടായി . പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ടിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വലിയ തോതിൽ പാർട്ടിയെ തളർത്തിയതിന് പിന്നാലെയാണ് വീണ്ടും ആരോപണം .ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതികരണമാണ് ദിനേശ് ചെയർമാൻ ഉൾപ്പെടെയുള്ളവർ നടത്തിയത്.
കേരള ദിനേശിൽ നിലവിൽ 1500 ഓളം തൊഴിലാളികളാണുള്ളതെന്നും റിട്ടയർ ചെയ്ത തൊഴിലാളികൾക്ക് ആനുകൂല്യം കൊടുക്കാൻ ബാക്കിയുണ്ട്. രണ്ട് വർഷത്തോടെ 1500 തൊഴിലാളികൾ റിട്ടയർ ചെയ്യും. അവർക്ക് 30 കോടി കൊടുക്കാനുണ്ട്. 60 കോടിയുടെ ബാദ്ധ്യത സ്ഥാപനത്തിനുണ്ടെന്നും ഓരോ യൂണിറ്റും പ്രവർത്തിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ഇതിനെല്ലാം മതിയായ ഫണ്ട് വേണമെന്നും ദിനേശ് ചെയർമാൻ വ്യക്തമാക്കി . വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടപ്പോൾ വലിയ പലിശയും കുറേ അധികം ഡോക്യുമെന്റുകളും ആവശ്യപ്പെട്ടു. പിന്നീടാണ് ഒരു സ്വകാര്യ ഫിനാൻസ് കമ്പനി ആറ് ശതമാനം പലിശക്ക് പണം നൽകാമെന്ന് പറഞ്ഞത്. വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുകയും സഹകരണ വകുപ്പിന്റെ കൃത്യമായ ഓഡിറ്റ് നടക്കുകയും ചെയ്യുന്ന സ്ഥപനമാണിത്. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിൽ യാതൊരു കൃത്രിമവും നടത്താൻ കഴിയില്ല. കൊടുത്ത പണമെല്ലാം ചെക്ക് മുഖാന്തിരമാണ്. ഇത്തരമൊരു ഫിനാൻസ് സ്ഥാപനം ഇല്ല എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇല്ലാത്ത ഒരു സ്ഥാപനത്തിന് ഡി.ഡി നൽകാനോ സബ്ബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്രർ ചെയ്യാനോ സാധിക്കില്ലെന്നും അത്രയും സുതാര്യമായ രീതിയിലാണ് കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും ദിനേശ്ബാബു പറഞ്ഞു.
വ്യവസായ -സഹകരണ വകുപ്പുകളുടെ നിയന്ത്രണത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംഘത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയും നിയമങ്ങൾ കാറ്റിൽ പറത്തിയുമാണ് ദുരൂഹമായ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കുന്നതെന്നാണ് ഡി .സി .സി പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. നേരത്തെ സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ സ്ഥാപനത്തിൽ 1,25,000/- രൂപ വേതനത്തോടെ എം .ഡി യെ നിയമിച്ചത് കേരള സർക്കാരാണ് .ശ്രീലക്ഷി വെങ്കിടേശ്വര ഫൈനാൻസ് എന്ന തമിഴ് നാട്ടിലെ സ്വകാര്യ കമ്പനിയുടെ പേരിലാണ് 29-01-2026 ന് 65-ലക്ഷം ,30-01-2026 ന് 25 ലക്ഷം , 9-2-2026 ന് 20 ലക്ഷം , 20-02-2026 ന് 20 ലക്ഷം, 6-3-2026 ന് 14.50 ലക്ഷം ,13-03-2026 ന് 5.50 ലക്ഷം രൂപ എന്നിങ്ങനെ ചെക്കുകൾ മുഖാന്തിരവും എക്സ് സർവീസ്മെൻ കോ-ഓപ് സൊസൈറ്റി മുഖാന്തിരം 20 ലക്ഷം രൂപയും നൽകിയിരിക്കുന്നത്. എന്ത് പദ്ധതിക്ക് വേണ്ടിയാണ് മേൽ തുക നൽകിയത് എന്നത് വ്യക്തമല്ല. കമ്പനി നിലവിലില്ല എന്നാണ് അന്വേഷണത്തിൽ മനസ്സിലായത് . സംഘവുമായി ഒരു ബന്ധവും ഇല്ലാത്ത സംസ്ഥാനത്തിന് പുറത്തെ സ്ഥാപനവുമായി നടത്തിയ ഇടപാടുകൾ നടന്നത് ജീവനക്കാരുടെ എതിർപ്പിനെ മറികടന്നാണ് . 100കോടി സാമ്പത്തിക സഹായം ലഭിക്കുമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഈ ഇടപാടുകൾ ആരംഭിച്ചത് . നിലവിലില്ലാത്ത കമ്പനിക്ക് കൈമാറിയ പണം ആര് തിരിച്ചു തരുമെന്നതിന് വ്യക്തമായ മറുപടി ലഭിക്കേണ്ടതുണ്ട് .കണ്ണൂർ ജില്ലയിൽ സഹകരണ സ്ഥാപനങ്ങളെയും ചാരിറ്റബിൾ സൊസൈറ്റികളെയും മറയാക്കി കണ്ണൂരിലെ സി. പി .എം നേതൃത്വം കഴിഞ്ഞ പത്ത് വർഷം നടത്തിയ കോടികളുടെ അഴിമതി പുറത്ത് വന്നു കൊണ്ടിരിക്കുകയാണെന്നും മാർട്ടിൻ ജോർജ്ജ് ആരോപിക്കുകയുണ്ടായി.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം, ഹലാൽ ഫായിദ പലിശരഹിത സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദം , കണ്ണൂർ തെക്കീബസാറിൽ കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മിക്കാൻ നടത്തിയ ഭൂമിയിടപാടിലെ തിരിമറി എന്നിവയ്ക്ക് പിന്നാലെ കണ്ണൂർ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി തൊഴിലാളി സഹകരണ സ്ഥാപനമായ കേരള ദിനേശിനെതിരെയും ആരോപണം കത്തി കയറുകയാണ് .
വീണ്ടും പാരാതി ,ഇടപെട്ട് പാർട്ടി
ഇതിനിടയിൽ ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷൻ സൊസൈറ്റി രൂപീകരിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പിരിച്ച കോടികൾക്ക് യാതൊരു കണക്കുമില്ലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കൂടിയായ തോമസ് ജോസഫ് ഉന്നയിച്ച പരാതി പാർട്ടിയെ വീണ്ടും വെട്ടിലാക്കുകയുണ്ടായി . പരാതിക്ക് പിന്നാലെ പാർട്ടി വിഷയത്തിൽ ഇടപെടുകയുമുണ്ടായി. നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി ഫണ്ട് തിരിമറിയിൽ പാർട്ടി നേതൃത്വം സംഘടനാപരമായ നടപടി ഉറപ്പുനൽകിയെന്നും സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുമെന്നും സി.പി.എം ജില്ലാ നേതാക്കൾ ഉറപ്പുനൽകിയതായി തോമസ് ജോസഫ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു .നേതാക്കളുടെ വാക്ക് വിശ്വാസത്തിലെടുക്കുന്നുവെന്നും അതിനാൽ ഇനി പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കുറിച്ചു.കാര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിച്ച് പരിഹരിക്കുമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് വിശ്വസിക്കുന്നു. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് വ്യക്തിയുടെ പേരിൽ സ്ഥലം വാങ്ങിയത്, സ്ഥാപനത്തിന്റെ പേരിൽ സ്ഥലം വാങ്ങാതെ കെട്ടിടത്തിന് മന്ത്രിയെക്കൊണ്ട് തറക്കല്ലിട്ടത്, സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാത്തത് തുടങ്ങിയ ഗൗരവതരമായ വിഷയങ്ങൾ പരിശോധിക്കുമെന്നാണ് നേതാക്കൾ ഉറപ്പുനൽകിയിട്ടുള്ളത്.
വസ്തുതകൾക്ക് നിരക്കാത്ത വിശദീകരണം സൊസൈറ്റി ഭാരവാഹികളും പാർട്ടിയുടെ പ്രാദേശിക നേതാക്കളും ചേർന്ന് നടത്തിയപ്പോഴാണ് താൻ പെട്ടെന്ന് പരസ്യമായി പ്രതികരിച്ചത്. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആ പ്രതികരണം ശരിയായിരുന്നില്ലെന്ന് ബോധ്യമുണ്ടെന്നും തോമസ് ജോസഫ് കുറിപ്പിൽ കൂട്ടിച്ചേർത്തു .
2015-ലാണ് ഇരിട്ടി കേന്ദ്രമാക്കി അന്നത്തെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പൂർണ്ണ മേൽനോട്ടത്തിൽ നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റി എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുന്നത്. ഇരിട്ടിയിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ഭാരവാഹികളായുള്ള ഈ ട്രസ്റ്റിന്റെ പ്രസിഡന്റ് നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യനാണ്. പാർട്ടിയുടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനവും വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളെയും പൂർണ്ണമായി ഉപയോഗപ്പെടുത്തിയായിരുന്നു സാധാരണക്കാരിൽ നിന്നും വ്യാപാരികളിൽ നിന്നും പണം സമാഹരിച്ചത്. 'എജ്യുകെയർ അക്കാദമി' എന്ന പേരിൽ ഒരു വലിയ കോളജ് കാമ്പസ് സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2017 മാർച്ച് 18-ന് ഇരിട്ടിയിൽ വൻ ചടങ്ങ് സംഘടിപ്പിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും വലിയ ആഘോഷത്തോടെ പാർട്ടി നേതാക്കൾ നിർവ്വഹിച്ചു. ഇരിട്ടി ടൗണിൽ കോളജിനായി അനുയോജ്യമായ ഭൂമിക്ക് വലിയ തുക അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന ഉറപ്പാണ് അന്ന് സൊസൈറ്റി ഭാരവാഹികളും പാർട്ടി നേതൃത്വവും അണികൾക്കും നിക്ഷേപകർക്കും നൽകിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |