
ലോകചരിത്രത്തിൽ ഒരു യുദ്ധവും ആരും ജയിച്ചിട്ടില്ല. ജയിച്ചു എന്നത് അവകാശവാദം മാത്രം.
പരാജയപ്പെടുന്നതോ മനുഷ്യരാശിയും. കൂട്ടക്കുരുതിയും വംശഹത്യയും നഷ്ടവും മാത്രം ബാക്കിയാക്കി ഓരോ യുദ്ധവും കടന്നുപോകുന്നു. ലോകത്തിന്റെ ഊർജ സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഇടനാഴികളിലൊന്നായ ഹോർമുസ് എന്ന കപ്പൽപാത അമേരിക്കയുടേയും ഇറാന്റേയും ശക്തിപ്രകടനത്തിന്റെ വേദിയായി മാറിയിരിക്കുന്നു. എണ്ണക്കപ്പലുകൾ ആക്രമണ വിധേയമായതോടെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുന്നു. എണ്ണവില ബാരലിന് നൂറ് ഡോളറിന്റെ അടുത്തെത്തിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണഗതാഗത പാതയായ ഹോർമുസ് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയാണ് കടന്നുപോകുന്നത്. ഇത് ലോകത്തിലെ പെട്രോളിയം, ദ്രവീകൃത വാതകം എന്നിവയുടെ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് വരും. ഹോർമുസിന്റെ സുരക്ഷ ഇന്ത്യയുടെയും ചൈനയുടേയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടേയും യൂറോപ്പിന്റേയും ഊർജ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഈ കപ്പൽ പാത വഴി കടന്നുവരുന്ന എണ്ണയുടെ 80 ശതമാനവും ഏഷ്യൻ വിപണികളിലേക്കാണ് എത്തുന്നത്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന എണ്ണയും ദ്രവീകൃത വാതകവും ലോക വിപണിയിലെത്തുന്നത് ഹോർമുസ് വഴിയാണ്. ഹോർമുസ് അടഞ്ഞാൽ ഇറാന് മാത്രമല്ല അത് ഗൾഫ് രാജ്യങ്ങൾക്കും വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ഇതാണ് ഹോർമുസിനെ വെറുമൊരു കടൽപാതയിൽ നിന്നും ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്. മദ്ധ്യപൂർവദേശത്തിന്റെ സുരക്ഷയും ലോകത്തിലെ ഊർജപാതകളുടെ നിയന്ത്രണവും ആർക്കായിരിക്കും എന്നതിന്റെ പ്രതീകമായി മാറുന്നു ഹോർമുസ് എന്ന കപ്പൽപാത.
ഹോർമുസിന്റെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കം ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ നിന്നും മാറി ഒരു പ്രാദേശിക അധികാര പ്രശ്നമായി മാറിക്കഴിഞ്ഞു.
ഗൾഫ് രാജ്യങ്ങൾ അമേരിക്കയുടെ സുരക്ഷാ കുടക്കീഴിൽ കഴിയുമ്പോഴും അവർക്ക് ഇറാനുമായി വലിയതോതിൽ ശത്രുതയിൽ കഴിയാനാവില്ല. ഇതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നത്. കാരണം ഇറാൻ അയൽരാജ്യമാണ്. ഹോർമുസ് ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ജീവനാഡിയുമാണ്.
റഷ്യ, ചൈന നിലപാടുകൾ
ഗൾഫ് രാജ്യങ്ങൾ, ഇറാൻ, അമേരിക്ക എന്ന ത്രികോണത്തിന് മുകളിലേക്ക് റഷ്യയും ചൈനയും കൂടി കടന്നുവരുമ്പോഴാണ് ഈ സംഘർഷം പ്രാദേശിക തലത്തിൽ നിന്നും ആഗോള ശാക്തിക സന്തുലനത്തിന്റെ പ്രശ്നമായി മാറുന്നത്. ചൈനയ്ക്ക് ഹോർമുസ് വളരെ പ്രാധാന്യമുള്ളതാണ്.
ഹോർമുസിൽ തടസം വന്നാൽ അത് ചൈനയ്ക്ക് വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കും.
ഇറാന്റെ പ്രധാന എണ്ണ വിപണികളിൽ ഒന്ന് ചൈനയാണ്.
ചൈനയ്ക്ക് ഇറാൻ ഒരു രാഷ്ട്രീയ സുഹൃത്ത് മാത്രമല്ല ഊർജ സുരക്ഷയുടെ ഭാഗം കൂടിയാണ്.
അമേരിക്ക ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ ചൈന അതിനോട് സഹകരണ മനോഭാവം കാണിക്കുന്നില്ല. അമേരിക്കൻ ഉപരോധത്തിനിടയിലും ഇറാനുമായുള്ള സാമ്പത്തിക ബന്ധം ചൈന നിലനിറുത്തുന്നു. റഷ്യ ഇറാന് ആയുധവും നയതന്ത്ര പിന്തുണയും നൽകുന്നുണ്ട്. അമേരിക്കൻ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന വലിയ ഭൗമരാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമായാണ് ഇറാനെ മോസ്‌കോ കാണുന്നത്.
ഷാങ് ഹായ് സഹകരണ സംഘടനയുടെ സെപ്തംബർ ഒന്നിലെ പ്രഖ്യാപനവും പാശ്ചാത്യ സാമ്പത്തിക ഉപകരണങ്ങളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിനെതിരായ വ്ലാദിമിർ പുട്ടിന്റെ പരാമർശവും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
സമാധാനം മരീചികയോ
ദീർഘകാല യുദ്ധത്തിൽ വിജയിക്കുന്നത് ഏറ്റവും ശക്തൻ ആവണമെന്നില്ല. കൂടുതൽ നഷ്ടം സഹിക്കാൻ കഴിയുന്നവനാണ് അവസാനം വരെ നിൽക്കുന്നത്. പൂർണമായ സമാധാനം ഉണ്ടാവണമെങ്കിൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. ഇറാന്റെ ആണവ പദ്ധതി, ഇസ്രയേലിന്റെ സുരക്ഷ, ഇറാന്റെ പ്രാദേശിക സ്വാധീനം, അമേരിക്കയുടെ സൈനിക സാന്നിദ്ധ്യം, എണ്ണ വ്യാപാരം, ഹോർമുസിന്റെ നിയന്ത്രണം ഇവയെല്ലാം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുകയാണ്. ഒരു വെടിനിറുത്തൽ കരാർ കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന യുദ്ധമല്ല ഇത്.
സമാധാനത്തിന്റെ വഴി തുറന്നുവരുമ്പോൾ അതിലേക്കുള്ള ഓരോ വാതിലിനും പിന്നിൽ മറ്റൊരു ഭൗമരാഷ്ട്രീയ വാതിൽ അടഞ്ഞുകിടക്കുന്നു. എന്നാൽ, നയതന്ത്രത്തിനുള്ള വാതിൽ പൂർണമായും അടഞ്ഞിട്ടില്ല. എല്ലാം നേടി മാത്രമേ സമാധാനം ഉണ്ടാകൂ എന്ന നിലപാടിൽ നിന്നും ചിലത് നേടുകയും ചിലത് വിട്ടുകൊടുക്കുകയും ചെയ്യുക എന്ന നിലപാടിലേക്ക് അമേരിക്കയും ഇസ്രയേലും ഇറാനും വന്നാൽ മാത്രമേ മദ്ധ്യപൂർവദേശത്ത് ശാശ്വത സമാധാനം ഉണ്ടാകൂ.
യുദ്ധം തുടങ്ങാൻ എളുപ്പമാണ്. അവസാനിപ്പിക്കാൻ വർഷങ്ങൾ വേണ്ടി വരും.
ട്രംപിനു മേൽ
സമ്മർദ്ദമേറുന്നു
എല്ലാം തന്റെ നിയന്ത്രണത്തിൽ എന്ന പ്രതീതി സൃഷ്ടിക്കാൻ യുദ്ധത്തിന്റെ തുടക്കം മുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ ട്രംപിനുമേൽ സമ്മർദ്ദമേറുകയാണ്. ഇറാനെ ചർച്ചയുടെ മേശയിലേക്ക് കൊണ്ടുവരാൻ അമേരിക്ക നടത്തിയ സമ്മർദ്ദം പൂർണ വിജയം കണ്ടില്ല. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുണ്ടാക്കിയ ധാരണകൾ പല വട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടും ഫലവത്തായില്ല. അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികൾക്കിടയിൽ പടരുന്ന അസ്വസ്ഥതയാണ് ട്രംപ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അമേരിക്കയ്ക്കുള്ളിലും ട്രംപിനുമേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |