
കണ്ണൂർ കോർപറേഷന് കീഴിലെ പയ്യാമ്പലം ശ്മശാനത്തിൽ മരണാനന്തര ചടങ്ങിനെത്തിയവർക്ക് ഭൗതികാവശിഷ്ടം മാറി നൽകുകയും തുടർന്നുണ്ടായ സംഘർഷങ്ങളും കോർപ്പറേഷനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുൾമുനയിൽ നിർത്തുകയായിരുന്നു . കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയാണ് ശ്മശാനത്തിലെ തൊഴിലാളികൾക്ക് മരണാന്തര ചടങ്ങിനെത്തിയവരുടെ ക്രൂരമർദ്ദനമേൽക്കേണ്ടി വന്നത് .ഇത് കോർപ്പറേഷനും മേയർക്കുമെതിരെ വലിയ തോതിലുള്ള പ്രതിഷേധത്തിനിടയാക്കുകയുണ്ടായി.മരണാനന്തര ചടങ്ങിനെത്തിയവർക്ക് ഭൗതികാവശിഷ്ടം മാറി നൽകിയതുമായി ബന്ധപ്പെട്ട കോർപറേഷൻ നടപടിയെ ബന്ധുക്കൾ ചോദ്യംചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയാണ് ജീവനക്കാരനായ ചാലാട് സ്വദേശി രഞ്ജനെ (51) അഞ്ച് പേർ ചേർന്ന് മർദിച്ചത്. മുഖത്ത് ഇടിയേറ്റ് മൂക്കിനുൾപ്പെടെ ആഴത്തിൽ മുറിവേൽക്കുകയുണ്ടായി .
പയ്യാമ്പലം ശ്മശാനത്തിന്റെ ചുമതലയുള്ള പബ്ബിക് ഹെൽത്ത് ഇൻസ്‌പെക്ടർ മുഖേനയാണ് ഇവിടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്. നേരത്തെ വിളിച്ച് ബുക്ക് ചെയ്യുന്നത് പ്രകാരമാണ് സംസ്‌കാരം നടക്കുക. ഇതുപ്രകാരം നിശ്ചിത സ്ഥലത്ത് സംസ്‌കാരത്തിന് ശേഷം ചിതയുടെ ടോക്കൺ നൽകും. പിന്നീട് മരണാനന്തര കർമത്തിന് എത്തുമ്പോൾ ഈ ടോക്കൺ പ്രകാരമാണ് ബന്ധുക്കൾ സംസ്‌കരിച്ച സ്ഥലം തിരിച്ചറിഞ്ഞ് ഭൗതികാവശിഷ്ടം കർമത്തിനായി കൈപ്പറ്റുക. എന്നാൽ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത കുറവാണ് വലിയ പ്രശ്നത്തിനിടയാക്കിയത്.മൂന്നാം ദിവസം കർമങ്ങൾ ചെയ്യാനെത്തിയ കൂടാളി സ്വദേശിക്ക് കളം മാറി കാണിച്ച് നൽകുകയായിരുന്നു . അസ്ഥിയുൾപ്പെടെ എടുത്ത് കർമ്മങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.ഇതറിയാതെ ചാലയിൽ നിന്നും മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് പ്രശ്നമായത്. കുഴി മൂടിയതായി കാണപ്പെട്ടത് ചോദ്യംചെയ്തപ്പോഴാണ് ജീവനക്കാർക്ക് തെറ്റ് മനസിലായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ ബന്ധുക്കളുമായി ഒത്തുതീർപ്പ് ചർച്ച നടത്തുകയും, തുടർന്ന് ചിതവെച്ച മൂടിയ കളം തുറന്ന് അസ്ഥികൾ ശേഖരിച്ച് പയ്യാമ്പലം കടലിൽ ഒഴുക്കുകയുമായിരുന്നു.എന്നാൽ ഇവരുടെ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്നവർ തിങ്കളാഴ്ച്ച രാലവിലെ 11 ഓടെ തിരിച്ചെത്തിയാണ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചത്.ദഹിപ്പിച്ച കുഴി നമ്പർ മാറി നൽകിയതിന് കാരണക്കാരൻ രഞ്ജനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനമേറ്റ മറ്റൊരു തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു . കോർപറേഷൻ ഉദ്യോഗസ്ഥനും മർദ്ദനമേൽക്കുകയുണ്ടായി .രഞ്ജന് പുറമെ തമിഴ്നാട്ടുകാരനായ പളനി (40), കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.പി.രാജേഷ് കുമാർ എന്നിവർക്കാണ് മർദനമേറ്റത്.താക്കോൽ ഉപയോഗിച്ച് നെറ്റിയിലും മുഖത്തും കുത്തി പരിക്കേൽപ്പിച്ചുവെന്നാണ് രഞ്ജൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മർദ്ദനമേറ്റ് നിലത്തു വീണ രഞ്ജന്റെ ദേഹത്ത് കയറിയിരുന്ന് നെഞ്ചിലും തലയിലും ക്രൂരമായി മർദ്ദിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.കണ്ണിനും നെറ്റിക്കും പരിക്കേറ്റ രഞ്ജൻ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി.
സംഭവത്തെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കാരം മണിക്കൂറുകളോളം വൈകി.പിന്നീട് കോർപറേഷൻ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് പയ്യാമ്പലത്ത് സംസ്‌കാരം പുനരാരംഭിച്ചത്. സംഘർഷത്തിന് ശേഷം മർദ്ദനമേറ്റ ചോരപ്പാടുകളുമായാണ് രഞ്ജൻ സംസ്‌കാര ചടങ്ങുകൾ നടത്തിയത്.കോർപറേഷൻ കൗൺസിലർമാരായ ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലൻ തുടങ്ങിയവരും കോർപറേഷൻ ശുചീകരണ തൊഴിലാളികളും ഒറ്റക്കെട്ടായി സംസ്‌കാര ചടങ്ങുകൾക്ക് സഹായികളായി എത്തുകയുണ്ടായി. കോർപറേഷന്റെ അനാസ്ഥയും ഗുരുതരമായ കെടുകാര്യസ്ഥതയുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ ആരോപണം ഇതിനിടെ ആദ്യം കളം മാറി കർമം നടത്തി പോയ കൂടാളി സ്വദേശിയുടെ ബന്ധുക്കൾ തിങ്കളാഴ്ച പന്ത്രണ്ടോടെ തിരിച്ചെത്തി വീണ്ടും കർമങ്ങൾ ചെയ്തു.കണ്ണൂർ കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സംഭവിച്ച പിഴവാണ് നമ്പർ മാറിയതിന് പിന്നിലെന്നാണ് പൊതുശ്മശാനത്തിലെ ജീവനക്കാർ പറയുന്നത്. എന്നാൽ ശ്മശാനത്തിലെ ജീവനക്കാർക്കാണ് പിഴവ് പറ്റിയതെന്ന് ഹെൽത്ത് ഇൻസ്‌പെക്ടറും പ്രതികരിച്ചു.ശ്മശാനം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ടോക്കൺ സംബന്ധമായ പിഴവാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി .അതേസമയം, കോർപറേഷൻ അധികൃതരുടെ തുടർച്ചയായ അവഗണനയും അനാസ്ഥയുമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം . കോടികൾ മുടക്കി പണിത പയ്യാമ്പലത്തെ വാതക ശ്മശാനം ഇപ്പോഴും പ്രവർത്തനരഹിതമാണ്. വിറക് ക്ഷാമം താത്ക്കാലികമായി പരിഹരിച്ചെങ്കിലും, ശ്മശാനത്തിലെ ജീവനക്കാരുടെ കുറവും അധികൃതരുടെ അലംഭാവവും ഇവിടെ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് ആക്ഷേപം.
കണ്ണൂർ കോർപ്പറേഷൻ പരിധിക്ക് പുറത്തുനിന്നുള്ള മൃതദേഹങ്ങൾ കൂടി പയ്യാമ്പലത്തേക്ക് എത്തുന്നതോടെ ശ്മശാനത്തിലെ അസൗകര്യങ്ങൾ വർദ്ധിക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. ഇത് മുൻപും പലതവണ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിന് ശേഷം നടന്ന കൗൺസിൽ യോഗത്തിലും പയ്യാമ്പലം ശ്മശാനത്തിലെ വീഴ്ച്ചകൾ ചർച്ചയായിരുന്നു. പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ഈ വിഷയം ശക്തമായ ആയുധമാക്കിയിരുന്നു.എന്നാൽ ശ്മശാനത്തെതിരെയുള്ളത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്നും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നത് പരിഹരിച്ചുവെന്നും നിലവിൽ അത്തരത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നുമാണ് കോർപ്പറേഷൻ അധികാരികൾ പറയുന്നത്. പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ആവശ്യം ഉന്നയിച്ചപ്പോൾ ശ്മശാനത്തിൽ സി.സി.ടി.വി ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മറ്റ് കൗൺസിലർമാർ രംഗത്തെത്തി .
മുഖം രക്ഷിക്കാൻ നടപടി
പയ്യാമ്പലം ശ്മശാനത്തിലെ വീഴ്ച്ചകൾ തുറന്നു പറഞ്ഞ കോർപറേഷൻ മുഖം രക്ഷിക്കാനുള്ള പരിഹാര നടപടികളായിരുന്നു പിന്നീട് ആരംഭിച്ചത്. തൊഴിലാളികൾക്ക് മർദ്ദനമേറ്റപ്പോൾ ഉണർന്ന കോർപറേഷൻ തിങ്കളാഴ്ച്ച വൈകീട്ടോടെ ശ്മശാനത്തിലെ ചിത ഒരുക്കുന്ന കളങ്ങളിൽ നമ്പറുകൾ മാർക്ക് ചെയ്തു. നമ്പർ മാറിപ്പോയതിനെ തുടർന്ന് ശ്മശാനത്തിൽ ഉടലെടുത്ത വൈകാരിക സംഭവങ്ങളെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 332(c), 126(2), 115(2), 118(1), 190 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ടി.കെ അഖിലിനാണ് കേസിന്റെ അന്വേഷണ ചുമതല.
കോർപറേഷന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചയിൽ അവിടെയെത്തിയ ജനപ്രതിനിധികൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കു മുൾപ്പെടെ , മരണപ്പെട്ടവരുടെ ബന്ധുക്കളിൽ നിന്നും രൂക്ഷമായ ശകാരമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.അതോടെ കോർപ്പറേഷൻ അധികൃതർ നടപടികൾ വേഗത്തിലായി.എന്നാൽ പയ്യാമ്പലത്ത് ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പരാതിയിൽ വീഴ്ച സംഭവിച്ചതായി മേയർ അഡ്വ.പി.ഇന്ദിര തുറന്ന് സമ്മതിക്കുകയുണ്ടായി . ഉത്തരവാദപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചതായി സമ്മതിക്കുന്നു.കോർപ്പറേഷൻ പരിധിയിൽ നിന്ന് പുറത്തുള്ള പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ദിവസം പത്തും ഇരുപതും മൃതദേഹങ്ങൾ പയ്യാമ്പലത്ത് എത്തുന്നുണ്ടെന്നും അപ്പോൾ സംസ്‌കാരത്തിന് താമസം നേരിടുന്നത് സ്വാഭാവികമാണ്. ഇനി മുതൽ കോർപ്പറേഷന് പുറത്ത് നിന്നുള്ള മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിക്കുമെന്നും മേയർ ൽ പറഞ്ഞു. പൊതു ശ്മശാനം എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ് .പയ്യാമ്പലത്ത് ശവ സംസ്‌കാരങ്ങൾ കൂടി വരുന്നത് പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നതായും മേയർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |