
കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യയശാസ്ത്രത്തിന്റെയും പ്രഖ്യാപിത നയങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പ്രഖ്യാപിതമായ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള നിരന്തരമായ ചാഞ്ചാട്ടമാണ് ഒന്നും രണ്ടും പിണറായി സർക്കാർ നടത്തിയിട്ടുള്ളത്. സി.പി.എമ്മിന്റെ നയങ്ങൾ സംസ്ഥാനത്ത് പലപ്പോഴും വെറും പഴങ്കഥകളായി മാറിയതും കാണാൻ കഴിഞ്ഞിട്ടുണ്ട്. ബൂർഷ്വാ പാർട്ടികൾക്ക് പ്രത്യയശാസ്ത്രവും പരിപാടികളുമൊന്നും പ്രശ്നമല്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇത് പരമപ്രധാനമാണ്.
നേതൃത്വത്തെ മാറ്റലല്ല, സംസ്ഥാനത്ത് വേണ്ടിയിരിക്കുന്നത്. പിണറായി വിജയനെയും
ഗോവിന്ദൻ മാസ്റ്ററെയും മാറ്റി പകരം മറ്റ് രണ്ടുപേർ വരുന്നതു കൊണ്ട് മാത്രം സി.പി.എമ്മിൽ മാറ്റങ്ങളൊന്നുമുണ്ടാകാൻ സാദ്ധ്യതയില്ല. മാർക്സിസത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപിത നയപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകുന്ന കമ്മ്യൂണിസ്റ്റ്
പാർട്ടിക്ക് നേതൃത്വമാറ്റം ഒരു പ്രശ്നമേയല്ല.
എന്നാൽ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മാർക്സിസ്റ്റ് പാർട്ടിയായി തന്നെ മുന്നോട്ട് പോകുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. അതിനു സാധിച്ചാൽ പാർട്ടിയുടെ ജനവിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. കോഴിക്കോട്ട് ഇന്നു മുതൽ തുടങ്ങുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ ശ്രദ്ധേയമാക്കുന്നതും ഇതാണ്.
പാർട്ടിയിൽ കഠിനമായ ചവിട്ടിപ്പിഴിച്ചിൽ അടക്കമുള്ള ചികിത്സകൾ നടത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറയുന്നുണ്ടെങ്കിലും അതെങ്ങനെ നടപ്പാക്കും എന്നതാണ് പ്രസക്തം. സംസ്ഥാനത്തെ പാർട്ടിക്ക് മുന്നോട്ടു പോകണമെങ്കിൽ തിരഞ്ഞെടുപ്പിലുണ്ടായ തെറ്റുകൾ അപ്പാടെ തിരുത്താനാകണം. ഈ നിലയിലുള്ള പ്രസ്താവനയാണ് എം.എ. ബേബി നടത്തിയിട്ടുള്ളത്.
പാർട്ടിയുടെ തെറ്റുകൾ തെറ്റായി കാണാനും അത് ജനങ്ങളോട് തുറന്നു പറയാനും നേതൃത്വം തയ്യാറാകണം. അതിന് കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര -സംസ്ഥാന കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. പാർട്ടി അടിമുടി മാറിയേ മതിയാവൂ. അതിന് തയ്യാറാവാൻ സി.പി.എം നേതൃത്വം മുന്നോട്ടു വരുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. അണികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനും കഴിയണം.
(ലേഖകന്റെ ഫോൺ: 9847132428)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |