SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

സ്വപ്നവും വേണം കഠിനാദ്ധ്വാനവും

READ ENGLISH VERSION
a

രാജ്യത്തെ ജെൻസി അടക്കമുള്ള യുവതലമുറ എല്ലാ കാര്യങ്ങളിലും വളരെ സജീവമാണ്. അവരുടെ പ്രശ്നങ്ങളും ചിന്താഗതികളും മനസിലാക്കുന്നതിൽ അധികാരികൾക്ക് വീഴ്ചയുണ്ടാകുമ്പോഴാണ് പല അസ്വസ്ഥതകളും തലപൊക്കുന്നത്. ലക്ഷ്യബോധത്തോടെ ശരിയായ ദിശയിൽ അവരെ നയിച്ചാൽ അതിശയകരമായ പല മാറ്റങ്ങളുമുണ്ടാകും. യാഥാർത്ഥ്യങ്ങൾ വിലയിരുത്താതെ അവരെ കുറ്റപ്പെടുത്തുന്നതിലോ ചാപ്പകുത്തുന്നതിലോ കാര്യമില്ല. വീട്ടിലായാലും പുറത്തായാലും നേർവഴിക്ക് നയിക്കാനും വാത്സല്യത്തോടെ സമീപിക്കാനുമുള്ള മനോഭാവം മുതിർന്ന തലമുറയ്ക്കുണ്ടായാൽ മതി. ലക്ഷ്യബോധമില്ലാത്തവരോ കഠിനാദ്ധ്വാനത്തിൽ മടിയുള്ളവരോ അല്ല യുവതലമുറ. വനയോര ഗ്രാമത്തിൽ നടവഴിപോലുമില്ലാത്ത വീട്ടിൽനിന്ന് ഇല്ലായ്മകളോട് പൊരുതി ഡോക്ടർമാരായവരുടെ തിളക്കമുള്ള ജീവിതകഥകൾ ഈയിടെ നിരവധിയുണ്ടായി. ഭൗതിക സാഹചര്യങ്ങളോ സമ്പത്തോ അല്ല ഉയരങ്ങളിലെത്താൻ ഒരു വിദ്യാർത്ഥിയെ സഹായിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസും ലക്ഷ്യബോധവും മാത്രം മതി.

ആകാശത്തോളം ഉയരമുള്ള സ്വപ്നങ്ങൾ കാണാനാണ് നമ്മുടെ രാഷ്ട്രപതിയായി തിളങ്ങിയ അബ്ദുൾകലാം യുവതലമുറയെ ഉപദേശിച്ചത്. വാർപ്പുപണിക്കൊപ്പം ഉയർന്ന സ്വപ്നങ്ങൾ കാണുകയും കഠിനാദ്ധ്വാനത്തിലൂടെ ആ പടവുകൾ കയറുകയും ചെയ്ത ഡോ. ഇർഷാദിന്റെ ജീവിതം നല്ലൊരു ഭാവി സ്വപ്നം കാണുന്നവർക്കെല്ലാം മാതൃകയാണ്. നഗരത്തിൽ വസിക്കണമെന്നോ കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടണമെന്നോ ഇല്ല. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നവരോ അവരുടെ മക്കളോ ആണ് ഉന്നതങ്ങളിൽ എത്തിച്ചേരുന്നതെന്നോ ഉള്ള മൂഢധാരണകളെയും ഇർഷാദിന്റെ സ്വപ്നസാഫല്യം തകർക്കുന്നു.

മലപ്പുറം കാളികാവ് തെക്കേടത്ത് കരിപ്പായി അബ്ദുൾ അസീസിന്റെയും ഖൈറുന്നിസയുടെയും മകനാണ് ഡോ. ഇർഷാദ് അലി. ബി.എ.എം.എസ് പൂർത്തിയാക്കി രണ്ടുവർഷത്തിനുശേഷം ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ സംവരണ വിഭാഗത്തിൽ (ഡിഗ്രി ഒഫ് ആയുഷ്) കേരളത്തിൽ രണ്ടാം റാങ്ക് നേടി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയിരിക്കുകയാണ് ഈ ഇരുപത്തിയൊമ്പതുകാരൻ.

20ന് എം.ബി.ബി.എസിന്റെ ക്ളാസ് ആരംഭിക്കും. വാർപ്പുപണിക്കുശേഷം കൂലിയുമായി വിയർപ്പോടെ വീട്ടിലേക്കു മടങ്ങുമ്പോൾ തിരക്കുള്ളൊരു ആശുപത്രിയിൽ സ്റ്റെതസ്കോപ്പുമായി നടക്കുന്ന തന്നെക്കുറിച്ച് ഇർഷാദ് തീവ്രമായി സ്വപ്നം കണ്ടിരുന്നു. അതു സഫലമാകുകയാണ്.

കാളികാവിൽ തട്ടുകട നടത്തുകയാണ് ഇർഷാദിന്റെ പിതാവ് അബ്ദുൾ അസീസ്. കുടുംബത്തിലൊരാൾ ഡോക്ടറാകണമെന്ന ആഗ്രഹം പങ്കുവച്ചപ്പോഴും രക്ഷിതാക്കൾ അതൊരു വിദൂര സ്വപ്നമായേ കണക്കാക്കിയിരുന്നുള്ളു. നാട്ടിലെ സുഹൃത്തായ ഒരു ഡോക്ടറുടെ പ്രോത്സാഹനമാണ് എൻട്രൻസ് എഴുതാൻ പ്രേരിപ്പിച്ചത്. രണ്ടാം ശ്രമത്തിൽ 2016ൽ ഷൊർണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എ.എം.എസിന് പ്രവേശനം നേടി. കൊവിഡ് പ്രതിസന്ധിയും പരീക്ഷകളിലെ കാലതാമസവും കാരണം 2024ലാണ് കോഴ്സും ഇന്റേൺഷിപ്പും പൂർത്തിയായത്. ഹോസ്റ്റൽ ഫീസിനും മറ്റു ചെലവുകൾക്കുമായി നിർമ്മാണ കമ്പനിയിൽ ജോലിക്കു കയറി. ഒഴിവു സമയങ്ങളിലെല്ലാം ജോലിചെയ്തു.

ബി.എ.എം.എസിനു ശേഷം ക്ളിനിക്കൽ പ്രാക്ടീസ് ചെയ്‌തെങ്കിലും കൂടുതൽ രോഗികളെ പരിചരിക്കാനും അക്കാഡമിക് ഉയർച്ചയ്ക്കുമുള്ള ആഗ്രഹം അലോപ്പതിയിലേക്ക് വഴിതിരിച്ചു. പഠനച്ചെലവുകൾക്കായി സഹോദരങ്ങളോടൊത്ത് വൈകുന്നേരങ്ങളിൽ ബജിക്കടകളിലേക്കും കഫേകളിലേക്കും പലഹാരങ്ങൾ എത്തിക്കുന്ന ചെറിയൊരു ബിസിനസും ഉണ്ടായിരുന്നു. ഏതു ജോലിയും ചെയ്യുന്നതു അഭിമാനകരമാണെന്ന വിശ്വാസക്കാരനാണ് ഇർഷാദ്. ആയുർവേദ ഡോക്ടറായപ്പോഴും അതിന് മാറ്റം വന്നില്ല. മെയിൻ വാർപ്പുള്ള ദിവസം കൂലിക്കു പുറമേ ബിരിയാണിയും അധികമായി 100 രൂപയും കിട്ടും. അതുകൊണ്ടുതന്നെ അന്ന് വലിയ സന്തോഷമായിരിക്കുമെന്നും ഇർഷാദ് പറയുന്നു. പഠനത്തിൽ ശ്രദ്ധിക്കാതെ മോശമായ കൂട്ടുകെട്ടുകൾക്കും ദുശ്ശീലങ്ങൾക്കും അടിമയായി ലക്ഷ്യത്തിലെത്താതെ പോകുന്ന വിദ്യാർത്ഥികൾക്കെല്ലാം മാതൃകയാകട്ടെ കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തുന്ന ഇർഷാദിനെപ്പോലുള്ള മിടുക്കർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION