
കയറിന്റെ നാട്ടിൽ നിന്ന് തന്നെ സംസ്ഥാന കയർ മന്ത്രിയെത്തിയത് വ്യവസായത്തിന് ചെറുതല്ലാത്ത ആശ്വാസമാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വകുപ്പി ചോദിച്ച് വാങ്ങിയത് മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് പകരുന്നത്. കേരളത്തിന്റെ, പ്രത്യേകിച്ച് ആലപ്പുഴയുടെ ചരിത്രവും സംസ്കാരവും സാമ്പത്തിക വ്യവസ്ഥയുമെല്ലാം മാറ്റുരച്ചു നോക്കുമ്പോൾ അതിൽ സുവർണലിപികളാൽ എഴുതപ്പെട്ട ഒന്നാണ് കയർ വ്യവസായം. തൊഴിലാളികൾ കായലരികിലും തീരങ്ങളിലും ഇരുന്ന് ചകിരി തല്ലി വെളുപ്പിച്ചെടുത്ത കനകനാരുകൾ ഒരുകാലത്ത് വിദേശനാണ്യം നേടിത്തന്ന പ്രധാന സ്രോതസായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ, ആഗോള വിപണിയിലെ മത്സരങ്ങളും അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും പരമ്പരാഗത രീതികളുടെ പരിമിതികളും ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇന്ന്, ഈ പരമ്പരാഗത വ്യവസായം അതിന്റെ നിലനിൽപ്പിനായി ആധുനികവത്കരണത്തിന്റെ പുതിയ പാതകൾ തേടുകയാണ്. ഇടിഞ്ഞുപോയ വിപണിയെ കൈപിടിച്ചുയർത്താൻ ജി.സുധാകരൻ കയർ വകുപ്പ് മന്ത്രിയായിരിക്കേ ആവിഷ്ക്കരിച്ചിരുന്ന 'ഒരു വീട്ടിൽ ഒരു കയർ ഉത്പ്പന്നം' പോലുള്ള ക്യാമ്പയിനുകൾ തിരികെ കൊണ്ടുവരണം. കയർ മേഖലയുടെ പുരോഗതിക്കായി ആവഷ്കരിച്ചിരുന്ന കയർ ദിനാചരണം പുനരാരംഭിക്കണം. പരമ്പരാഗത ചകിരി തടുക്ക് ഉത്പന്നങ്ങൾക്ക് ഓർഡർ ക്ഷാമം പരിഹരിക്കുക എന്നതാണ് സംഘങ്ങളുടെ പ്രധാന ആവശ്യം. ഓരോ ബഡ്ജറ്റുകളിലും അനുവദിക്കുന്ന തുകയിൽ വലിയൊരു ശതമാനവും താഴെത്തട്ടിലേക്ക് എത്താത്തതിന് കാരണം കയർമേഖലയിലെ വൻകിട ഗവേഷണ സ്ഥാപനങ്ങളാണെന്ന് ചെറുകിട കയർ സംരംഭകർ പരാതിപ്പെടുന്നു. ഇത്തരം ചെലവ് ചുരുക്കി, ആഭ്യന്തര - വിദേശ വിപണി ശക്തിപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തുന്ന തരത്തിലേക്ക് മാറ്റം വരുത്തണമെന്നാണ് സംരംഭകരുടെ ആവശ്യം. ലക്ഷക്കണക്കിന് രൂപയുടെ വിപണന സാദ്ധ്യതകൾ കണ്ടെത്തിയിരുന്ന കയർ കേരള പോലുള്ള എക്സ്പോകൾ നിലച്ചുപോയിട്ട് വർഷങ്ങളായി.
ആലപ്പുഴയുടെ കയർ വ്യവസായം ഇന്ന് ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പാരമ്പര്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യകളെ നെഞ്ചേറ്റിയാൽ മാത്രമേ ഈ മേഖലയ്ക്ക് പൂർണമായ അതിജീവനം സാദ്ധ്യമാകു. 'ഗ്രീൻ പ്രൊഡക്റ്റുകൾക്ക്' ലോകമെമ്പാടും പ്രിയമേറുന്ന ഈ കാലഘട്ടത്തിൽ, തികച്ചും പ്രകൃതിദത്തമായ കയറിന് ഇനിയും ഒരു സുവർണകാലം വിദൂരമല്ല. അതിനായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും പുതിയ തലമുറയുടെ പങ്കാളിത്തവും ഇനിയും ശക്തമാകേണ്ടതുണ്ട്.
ചെലവും കൂടി
തൊഴിലാളികളുടെ കുറവും കുറഞ്ഞ കൂലിയുമാണ് കയർ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഠിനാധ്വാനത്തിന് ആനുപാതികമായ വരുമാനം ലഭിക്കാത്തതിനാൽ പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നു. ഇതോടൊപ്പം തമിഴ്‌നാട് പോലുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള കയർ ഉത്പന്നങ്ങളുടെ കടന്നുകയറ്റവും, പ്ലാസ്റ്റിക്-സിന്തറ്റിക് ഉത്പന്നങ്ങളുടെ ജനപ്രീതിയും ആലപ്പുഴയിലെ പരമ്പരാഗത വിപണിക്ക് കനത്ത തിരിച്ചടിയായി. ചകിരിനാരുകളുടെ ലഭ്യതക്കുറവും ഉത്പാദനച്ചെലവ് വർദ്ധിച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടി.
ആഭ്യന്തര വിപണിയിലും
തകർച്ചയിൽ നിന്നുള്ള മോചനത്തിന് പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മേഖല തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഠിനമായ ചകിരി തല്ലലും കയർ പിരിക്കലുമെല്ലാം ഇന്ന് ആധുനിക യന്ത്രങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും അത്യാധുനിക തറികളും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും തൊഴിലാളികളുടെ ശാരീരിക അധ്വാനം കുറയ്ക്കുകയും ചെയ്തു.
വെറുമൊരു കയറോ ചവിട്ടിയോ മാത്രമായി വിപണിയിൽ നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളിലേക്ക് വ്യവസായം ശ്രദ്ധ തിരിച്ചു കഴിഞ്ഞു. കയർ കൊണ്ടുള്ള കരകൗശല വസ്തുക്കൾ, ഓർഗാനിക് ഗാർഡനിംഗിനായുള്ള കോക്കോ പീറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഇന്ന് ആഭ്യന്തര-അന്തർദേശീയ വിപണിയിൽ വലിയ പ്രിയമാണുള്ളത്.
കയർ ഭൂവസ്ത്രങ്ങൾ
പരിസ്ഥിതി സൗഹൃദ വികസനത്തിന്റെ ഭാഗമായി 'കോയർ ജിയോടെക്സ്റ്റൈൽസ്' എന്ന കയർ ഭൂവസ്ത്രങ്ങൾക്ക് വലിയ വിപണിയാണ് തുറന്നിരിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും കുന്നിൻചരിവുകൾ സംരക്ഷിക്കുന്നതിനും റോഡ് നിർമ്മാണത്തിനും ഇന്ന് ഈ വിദ്യ വ്യാപകമായി ഉപയോഗിക്കുന്നു. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതിനാൽ ആഗോളതലത്തിൽ ഇതിന് വലിയ ഡിമാൻഡുണ്ട്.
സാങ്കേതികവിദ്യയുടെ വളർച്ച കയർ വിപണനത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി തദ്ദേശീയമായ സഹകരണ സംഘങ്ങൾക്കും ചെറുകിട സംരംഭകർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ലോകവിപണിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. സർക്കാർ തലത്തിൽ നൽകുന്ന സബ്‌സിഡികളും കയർ ക്ലസ്റ്ററുകളുടെ രൂപീകരണവും പൂട്ടിക്കിടന്ന പല സംഘങ്ങൾക്കും ജീവൻ നൽകിയിട്ടുണ്ട്.
പിരി തൊഴിലുറപ്പാക്കണം
കയർപിരി മേഖലയിൽ നിന്ന് തൊഴിലാളികളുടെ വൻ കൊഴിഞ്ഞുപോക്കാണ് പതിറ്റാണ്ടിനിടെ സംഭവിച്ചത്. 2010ൽ അടൂർ പ്രകാശ് കയർ മന്ത്രിയായിരിക്കേ ഏർപ്പെടുത്തിയ അതേ കൂലിയാണ് ഇപ്പോഴും നൽകിവരുന്നത്. കൂലി പരിഷ്കരിച്ച്, കയർ പിരിയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മൺമറഞ്ഞുപോകുന്ന പരമ്പരാഗത മേഖലയെ തിരികെപ്പിടിക്കാൻ സഹായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |