
തൊടുപുഴയിലെ എട്ടാമത്തെ ബൈപ്പാസായ റിവർ വ്യൂ റോഡിന്റെ പ്രവേശന കവാടത്തിലെ അപകടാവസ്ഥയിലായിരുന്ന മൂന്നുനില കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.
ഇതോടെ കനത്ത കാലവർഷം ഉയർത്തിയ ദുരന്തഭീതിക്കും നഗരത്തിലെ നീണ്ടനാളത്തെ ഗതാഗതക്കുരുക്കിനും താത്കാലികമായി അറുതിവരും. വെള്ളിയാഴ്ച രാത്രി 10ന് ആരംഭിച്ച് അതീവ സുരക്ഷാ മുൻകരുതലുകളോടെ പുരോഗമിച്ച ദൗത്യം ശനിയാഴ്ച രാത്രി 7.30 ഓടെയാണ് പൂർത്തിയായത്. കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കി റോഡും പരിസരവും പൂർവസ്ഥിതിയിലാക്കിയതോടെ, ഏറെ നാളായി മുടങ്ങിക്കിടന്ന ബൈപ്പാസിലൂടെയുള്ള വാഹനഗതാഗതം ഉടൻ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
ജില്ലയിൽ മഴ കനത്തതോടെ ബലക്ഷയം സംഭവിച്ച ഈ മൂന്നുനില കെട്ടിടം ഏതുനിമിഷവും തകർന്നു വീണ് വലിയൊരു ദുരന്തത്തിന് സാദ്ധ്യതയുണ്ടെന്ന് കാണിച്ച് മുൻ എം.എൽ.എ പി.ജെ. ജോസഫ് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ തഹസിൽദാർ സ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു.
തൊടുപുഴ- പാലാ റോഡിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പോകുന്ന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന റോഡിന് ചേർന്നാണ് ഈ കെട്ടിടം. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പുറംചുവരിലെ കരിങ്കൽ കെട്ടുകൾ പലയിടത്തും അടർന്നുമാറിയ നിലയിലായിരുന്നു. കനത്ത മഴയിൽ ഇത് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതോടെ, ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്സണുമായ ഡോ. ദിനേശൻ ചെറുവാട്ട് ദുരന്തനിവാരണ നിയമപ്രകാരം കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാൻ ഉത്തരവിടുകയായിരുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സോണിയയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പൊളിക്കൽ. ദൗത്യത്തിന് മുന്നോടിയായി കെ.എസ്.ഇ.ബി തൊടുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ ഇവിടത്തെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്യുകയും സുരക്ഷിതമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി വലിയ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
രണ്ട് ജെ.സി.ബികളും രണ്ട് ലോറികളും മാത്രമാണ് അവശിഷ്ടങ്ങൾ മാറ്റുന്നതിനായി ഉപയോഗിച്ചത്. കൂടുതൽ ലോറികൾ ഉണ്ടായിരുന്നെങ്കിൽ ശനിയാഴ്ച വൈകിട്ടോടെ തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാമായിരുന്നു. പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങൾ ആലക്കോടുള്ള സ്വകാര്യ ഭൂമിയിലേക്ക് മാറ്റിയ ശേഷം അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എതിർവശത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഷീറ്റുകൾ ഉപയോഗിച്ച് വലിയ മറകെട്ടിയും ജനങ്ങളെയും വ്യാപാരികളെയും പൂർണമായി അകറ്റി നിറുത്തിയുമായിരുന്നു പൊളിക്കൽ.
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ശനിയാഴ്ച പകൽ തൊടുപുഴ നഗരം സാക്ഷ്യം വഹിച്ചത് കടുത്ത ഗതാഗതക്കുരുക്കിനാണ്. മാർക്കറ്റ് റോഡ്, ഐ.എം.എ റോഡ്, കോതായിക്കുന്ന് ബൈപാസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. നിലവിൽ പ്രവൃത്തികൾ പൂർത്തിയായതോടെ ഗതാഗത നിയന്ത്രണങ്ങൾ അധികൃതർ പൂർണമായി പിൻവലിച്ചിട്ടുണ്ട്.
വികസനം വൈകിയതിന് പിന്നിൽ
വെള്ളരിങ്ങാട്ട് സെൽബി ചാക്കോയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഈ വസ്തുവും കെട്ടിടവും. പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം പുഴയോര റോഡ് വികസനത്തിന്റെ ഭാഗമായി ഈ കെട്ടിടവും സ്ഥലവും ഏറ്റെടുക്കാൻ മുമ്പ് തന്നെ നടപടികൾ ആരംഭിച്ചിരുന്നതാണ്. കെട്ടിടത്തിന്റെ മൊത്തം നഷ്ടപരിഹാര തുകയായി നിശ്ചയിച്ചിരുന്നത് 83,46,552 രൂപയാണ്. ഇതിൽ 29,47,575 രൂപ ഇതിനോടകം ലാന്റ് അക്വിസിഷൻ ഓഫീസിൽ നിക്ഷേപിച്ചിട്ടുമുണ്ട്. ബാക്കി തുകയായ 53,98,977 രൂപ ലഭ്യമാകുന്ന മുറയ്ക്ക് ഉടമയ്ക്ക് നൽകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും നഷ്ടപരിഹാര തുക പൂർണമായി ലഭിച്ചില്ലെന്ന കാരണത്താൽ കെട്ടിടം പൊളിച്ചുമാറ്റാൻ ഉടമകൾ തയ്യാറായിരുന്നില്ല.
ഭരണകൂടം ഇപ്പോൾ അടിയന്തരമായി കെട്ടിടം പൊളിച്ചുനീക്കിയെങ്കിലും, തങ്ങളുടെ ഭൂമിയിലൂടെ നിയമാനുസൃതമായ നഷ്ടപരിഹാരം പൂർണമായി നൽകാതെ ഗതാഗതം അനുവദിക്കുകയോ സർക്കാർ സ്ഥലം ബലമായി കൈവശപ്പെടുത്തി റോഡായി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉടമകൾ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് അവർ കളക്ടർക്കും പി.ഡബ്ല്യു.ഡിക്കും കത്ത് നൽകിയിട്ടുണ്ട്. വസ്തു ഏറ്റെടുക്കാൻ അനുമതി നൽകിയിട്ട് നാല് വർഷത്തോളമായിട്ടും സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ അധികൃതർ തയ്യാറായില്ലെന്നും വാടകക്കാരെ ഒഴിപ്പിച്ച ശേഷം കെട്ടിടം വർഷങ്ങളോളം ഉപയോഗിക്കാതെ അടച്ചിട്ടതാണ് ഇതിന്റെ ബലം കുറയാൻ കാരണമെന്നും ഉടമകൾ ആരോപിക്കുന്നു.
പ്രതീക്ഷയോടെ നഗരവാസികൾ
കാലവർഷത്തിൽ ഉണ്ടായേക്കാമായിരുന്ന വലിയൊരു അപകടഭീഷണി ദുരന്തനിവാരണ നിയമത്തിലൂടെ ഒഴിവാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് തൊടുപുഴയിലെ ജനങ്ങളും വ്യാപാരികളും. എങ്കിലും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമതർക്കങ്ങൾ നിലനിൽക്കുന്നത് ബൈപാസിന്റെ പൂർണമായ പ്രവർത്തനത്തിന് തടസമായേക്കാം. സ്ഥലമുടമകളുടെ ബാക്കി നഷ്ടപരിഹാര തുക എത്രയും വേഗം വിതരണം ചെയ്ത്, തർക്കങ്ങൾ പരിഹരിച്ച് ബൈപാസ് റോഡ് പൂർണമായി യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |