SignIn
Kerala Kaumudi Online
Friday, 17 July 2026 2.02 AM IST

ലോക നെറുകയിലെ മലയാളി സാന്നിദ്ധ്യം

anirudhan

ഡോ.എം.അനിരുദ്ധന്റെ

വി​യോഗത്തിന്

ഇന്ന് ഒരു വർഷം

ലോകം വളർത്തിയ നിരവധി മലയാളി സാന്നിദ്ധ്യങ്ങളുണ്ട്. മാറുന്ന കാലക്രമത്തെ ദീർഘവീക്ഷണത്തോടെ വായിച്ചെടുത്തവരാണവർ. അവർ പിന്നീട് ലോകത്തിന്റെയാകെ സ്വത്തായി മാറും. മലയാളിയുടെ അന്തസുയർത്തിയ അവരെയോർത്ത് നാം അഭിമാനിക്കും. ആ ഗണത്തിൽ മുൻനിരയിലായിരുന്നു ഡോ.എം.അനിരുദ്ധൻ. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ആ മഹത് വ്യക്തിത്വം ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ഒരു മലയാളി നടന്നുകയറാവുന്ന എല്ലാ ഉയരങ്ങളും കീഴടക്കിയായിരുന്നു സംഭവബഹുലമായ ആ ജീവിതം.


പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനും കേരളത്തിന്റെ വികസനത്തിനുംവേണ്ടി പ്രവർത്തിച്ച അനിരുദ്ധന്റെ സംഭാവനകൾ നിസ്തുലമാണ്. അദ്ദേഹത്തിന്റെ വേർപാട് രാജ്യത്തിനും പ്രത്യേകിച്ച് പ്രവാസി സമൂഹത്തിനും വലിയ നഷ്ടമായി നിലനിൽക്കുകയും ചെയ്യും. അദ്ദേഹം കേവലം ഒരു പ്രവാസി വ്യവസായി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ ഓരോഘട്ടത്തിലും തന്റെ കേരളത്തെകൂടി ചേർത്തുപിടിച്ച ദേശസ്‌നേഹിയായിരുന്നു. മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും അനുദിനം ഇടപെടൽ നടത്തുകയും ലോകത്തെവിടെ ചെന്നാലും കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി സംസാരിക്കുകയും ചെയ്തു.


2004ൽ അമേരിക്കയിലെ ന്യൂജെഴ്സിയിൽ നടന്ന ഫൊക്കാന കൺവെൻഷനിൽവച്ചാണ് ഞാൻ അദ്ദേഹവുമായി കൂടുതൽ പരിചയപ്പെടുന്നതും ആഴത്തിലുള്ള സാഹോദര്യ സൗഹൃദബന്ധം സ്ഥാപിക്കുന്നതും. നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന ഡോ.എം.അനിരുദ്ധന്റെ അനിതരസാധാരണമായ സംഘടനാമികവിലൂടെയും ഭാവനാസംബന്ധമായ കാഴ്ചപ്പാടിലൂടെയും രൂപപ്പെട്ട പ്രസ്ഥാനമായിരുന്നു. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ വലുപ്പച്ചെറുപ്പവ്യത്യാസമില്ലാതെ സമഭാവനയോടെ എല്ലാവരുമായും സഹകരിക്കുന്ന സവശേഷസ്വഭാവത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

ഞാൻ പ്രതിനിധീകരിക്കുന്ന കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ നീണ്ടകരയിലെ നെടിയഴകത്ത് തറവാട്ടിൽ ജനിച്ച്, ഞാൻ പ്രതിനിധീകരിക്കുന്ന ആർ.എസ്.പി​ യുവജന പ്രസ്ഥാനത്തിന്റെ സ്ഥാപക സംഘാടകനായി മാറിയ അദ്ദേഹത്തോടുള്ള ആഭിമുഖ്യവും അതിരറ്റ ആദരവും നാൾക്കുനാൾ വർദ്ധിച്ചു. കൊൽക്കത്തയിൽ വച്ചുനടന്ന ആർ.വൈ.എഫിന്റെ ദേശീയ കൺവെൻഷനിൽ ദേശീയ പ്രവാസി പുരസ്‌കാരത്തിനർഹനായ അനിരുദ്ധന് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനായിമാത്രം അദ്ദേഹം അമേരിക്കയിൽനിന്നും കൊൽക്കത്തയിൽ എത്തച്ചേർന്നു.

14 സംസ്ഥാനങ്ങളിൽ നിന്നായി 600ലധികം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഹർഷാരവത്തോടെയാണ് സമ്മേളനം സ്വീകരിച്ചത്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യവളർച്ചയിൽ അദമ്യമായ താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായി രാജ്യാന്തരരംഗത്ത് ശ്രദ്ധേയനായി വളർന്നപ്പോഴും ജനിച്ച ​മണ്ണിനെയും മലയാളക്കരയെയും അദ്ദേഹം മറന്നില്ല.

എന്റെ നാട്ടിൽ ഒരു പുതിയ സംരംഭം ആരംഭിക്കണമെന്ന അദമ്യമായ ആഗ്രഹത്തിലാണ് കോഴിക്കോട്ട് കിൻഫ്ര പാർക്കിൽ സ്‌പോർട്ട് ന്യൂട്രീഷൻ ഉത്പന്നത്തിന്റെ വൻ വ്യവസായിക സംരംഭം ആരംഭിക്കാൻ തയ്യാറായത്. 2006ൽ വി.എസ് ഗവൺമെന്റിൽ ഞാൻ മന്ത്രിയായിരുന്ന ഘട്ടത്തിലാണ് കേരളത്തിൽ പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടത്തിയത്. അദ്ദേഹത്തെയും കൂട്ടി അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെ കണ്ടു നടത്തിയ ചർച്ചകളെ തുടർന്നാണ് പുതിയ സംരംഭത്തിന് വഴിയൊരുങ്ങിയത്.

നിർഭാഗ്യകരമെന്ന് പറയട്ടെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ ആ സംരംഭം പൂർത്തീകരിക്കാൻ ദശാബ്ദങ്ങൾ വേണ്ടിവന്നു. കേരളത്തിന്റെ തനതായ കാരണങ്ങൾ തന്നെയായിരുന്നു തടസമായി നിന്നത്. വിദേശ മലയാളികളുടെ നിക്ഷേപം കേരളത്തിൽ ആരംഭിക്കാൻ മുൻകൈയെടുത്ത അദ്ദേഹത്തിനുണ്ടായ അനുഭവത്തിൽ വളരെ നിരാശനായിരുന്നു ഡോ.അനിരുദ്ധൻ.

സ്‌നേഹ വാത്സല്യം

മറ്റുള്ളവരുടെ കാര്യത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന താത്പര്യം വാക്കുകളിലൂടെ വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ്. ഉദരസംബന്ധമായി എനിക്കുണ്ടായ ഒരു രോഗത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞപ്പോൾ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ ആശുപത്രിയിലെത്തി പരിശോധനയും ചികിത്സയും നടത്തണമെന്ന് നിരവധി പ്രാവശ്യം എന്നെ നിർബന്ധിച്ചു. അതിനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുത്തു. നിർഭാഗ്യവശാൽ എനിക്ക് പോകാനായില്ല.

തികഞ്ഞ ആത്മാർത്ഥതയോടെയും കളങ്കരഹിതമായ പെരുമാറ്റത്തിലൂടെയും അദ്ദേഹത്തിൽ നിന്നുംലഭിച്ച സ്‌നേഹവും വാത്സല്യവും ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും അനുദിനം ഇടപെടലുകൾ നടത്തുകയും ലോകത്ത് എവിടെ ചെന്നാലും കേരളത്തിനുവേണ്ടി സംസാരിക്കുകയും ചെയ്തു. എല്ലാ തലമുറയിൽപ്പെട്ടവരുമായും ആഴത്തിലുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു. കേരളത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹം നിശബ്ദനായി പ്രവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY